Saturday 30 July 2011

ഓര്‍മ്മ മാത്രം (ഉറക്ക ഗുളിക)

ആഴ്ചയില്‍ ഒരു മലയാളം സിനിമയെങ്കിലും കാണുകയും അതിനു അവലോകനം നടത്തുകയും ചെയ്യണമെന്ന ഒരു ദൌത്യം എന്നില്‍ സ്വയം അര്‍പ്പിച്ചത് കൊണ്ടാണ് ഞാന്‍ റിലീസ് ദിവസം തന്നെ 'ഓര്‍മ മാത്രം' കാണാന്‍ തീരുമാനിച്ചത്. കൂളിംഗ് ഗ്ലാസ്‌ ധരിച്ചു പോസ്റ്ററില്‍ കാണാന്‍ സാധിക്കുന്ന നായകന്മാരില്‍ നിന്നും വ്യത്യാസമായി കട്ടി കണ്ണടയും ജുബ്ബയും  അണിഞ്ഞു നില്‍ക്കുന്ന ദിലീപിനെ കണ്ടു കൊതിച്ചാണ് എറണാകുളം സവിത തിയേറ്ററിലേക്ക്  ഞാന്‍ ഓടിക്കയറിയത്.തിയേറ്ററിനുള്ളിലേക്ക് കയറിയ ഉടന്‍ തന്നെ ഭയങ്കര ഭീതി ആണ് മനസ്സില്‍ തോന്നിയത്..ഇരുട്ടത്ത്‌ ഒറ്റയ്ക്ക് ഇരിയ്കാന്‍ ഭയമുള്ളത്കൊണ്ടാകാം.. സമീപത്തൊന്നും ഒറ്റ മനഷ്യരുമില്ല...വിജനമായ കടല്‍ തീരം പോലെ ശാന്തമായ അന്തരീക്ഷം....
കഥയിലേക്ക് കടക്കട്ടെ..ദരിദ്ര ദമ്പതികളായ അജയനും(ദിലീപ്) സഫിയയും (പ്രിയങ്ക)..മിശ്ര വിവാഹിതര്‍ .. കൂട്ടിനു ജുബ്ബ, കട്ടി കണ്ണട ,പഴയ ടി വി കൂടെ ഒരു നാല് വയസ്സ് കാരന്‍ മകന്‍ കുട്ടുവും ...ഇവര്‍ താമസിക്കുന്നത് മുസ്ളി പവര്‍ എക്സ്ട്രായുടെ മോഡല്‍ ആക്കാവുന്ന ഇസ്രായേലി വൃദ്ധ ദാമ്പതികളായ നെടുമുടി വേണു,പേരറിയാത്ത പുതുമുഖ നടി എന്നിവരുടെ ആന്റിക് ഷോപ്പിനു നേരെ എതിര്‍ വശത്ത് ഫോര്‍ട്ട്‌ കൊച്ചിയിലെ വാടക വീട്ടിലാണ്  .ദിലീപിന് ജഗതി ശ്രീകുമാര്‍ അവതരിപ്പിക്കുന്ന വാര്യര്‍ എന്ന വക്കീലാപ്പിസില്‍ പണി എന്താണെന്നു  ദിലീപിനോ,തിരക്കഥ രചയിതാവിനോ അതിന്റെ സംവിധായകനായ മധു കൈതപ്രതിനോ പിടിയുണ്ടെന്നു തോന്നുന്നില്ല.ഗര്‍ഭ ചിദ്രതിനു(അബോര്‍ഷന്‍ )  വിധേയയായ നായികയുമായി ചിത്രം തുടങ്ങുന്നു സമാധാനിപ്പിക്കാന്‍ ഭര്‍ത്താവിന്റെ കൂടെ കാതറിന്‍(ധന്യ മേരി വര്‍ഗീസ്‌) ഇസ്രായേലി വൃദ്ധ ദാമ്പതികളായ നെടുമുടി വേണു,പേരറിയാത്ത പുതുമുഖ നടി  എന്നിവര്‍ .ഇടി വെട്ടിയവനെ പാമ്പ് കടിച്ചു എന്ന് പറഞ്ഞ പോലെ നായകനായ അജയന് കാഴ്ച സംബന്ധമായ അസുഖവും പിടിപെടുന്നു.കുറേശ്ശെ കുറേശ്ശെയായി വയസ്സാകുമ്പോഴേക്കും പൂര്‍ണമായും അന്ധനാക്കപ്പെടുവ്വാന്‍ ചാന്‍സ് ഉള്ള ആള്‍ . അതിനിടക്ക് ചന്തയിലുണ്ടാകുന്ന ബോംബ്‌ സ്ഫോടനത്തില്‍ മകനെ കാണാതാകുന്നു.പിന്നെ മോനെ കേരളത്തിലും തമിഴ്നാട്ടിലും തിരഞ്ഞു നടക്കുന്നതും പിന്നെ കിട്ടിയ കുട്ടിയെ കുട്ടു ആക്കുന്നതുമാണ് കഥ...കേള്‍ക്കുമ്പോള്‍ നല്ല സുഖമുള്ള സബ്ജക്റ്റ്...  പക്ഷെ ഇത്രയധികം പ്രേക്ഷകന്റെ ക്ഷമയെ പരീക്ഷിക്കുന്ന ചിത്രം അടുത്തകാലത്തൊന്നും ഇറങ്ങിയിട്ടില്ലെന്ന് തോന്നുന്നു.സാമൂഹ്യ പ്രതിബധ്തയുള്ള കുറെയേറെ വിഷയങ്ങള്‍ ഈ ചിത്രത്തിലൂടെ കൈകാര്യം ചെയ്യണം എന്ന ഒരു ദുരാഗ്രഹം ആയിരിക്കും സംവിധായകനെ ഈ  പാതകം ചെയ്യാന്‍ പ്രേരിപ്പിച്ചത്. 
ഈ ചിത്രത്തില്‍ കുറച്ചെങ്കിലും മികവു പുലര്‍ത്തുന്നത് ക്യാമറ മാത്രമാണ്.പാശ്ചാത്തല സംഗീതം കൈകാര്യം ചെയ്ത ശ്രീ ജോണ്‍സനും ഈ ചിത്രത്തോട് തെല്ലും കൂറ് പുലര്‍ത്തിയിട്ടില്ല.സീനുകളുമായി പുലബന്ധം പോലും ഇല്ലാത്ത രീതിയിലാണ് പാശ്ചാത്തല സംഗീതം.
സങ്കടങ്ങള്‍  പറയുവാന്‍ വേണ്ടി മാത്രം ഹരിശ്രീ അശോകന്‍,സലിം കുമാര്‍  എന്നിവര്‍ അതിഥി താരങ്ങളായെത്തുന്നു.പിന്നെ റേഡിയോ നാടകങ്ങളില്‍ മാത്രം  അഭിനയിചിട്ടുണ്ടായിട്ടുള്ളതായ അനുഭവജ്ഞാനവുമായി   കുറേ പേരും..  ദിലീപ് പ്രിയങ്ക ജോടിയുടെ മകനായി അഭിനയിക്കുന്ന ബാലനടന്റെ മുഖത്തിനു ഓമനത്തമുണ്ടെങ്കിലും അഭിനയം തീരെ പോര. കുട്ടിയോട് മത്സരിക്കാനായി  നെടുമുടി വേണുവിന്റെ ഭാര്യ വേഷം ചെയ്ത അമ്മൂമ്മയും ഉണ്ട്.കാര്യം ഇസ്രായേലി ആണെങ്കിലും   നെടുമുടി വേണു പലപ്പോഴും വള്ളുവനാടന്‍ തമ്പുരാന്റെ ഭാഷയാണ്‌ സംസാരിക്കുന്നത്.
പക്ഷെ കുറെ കാലത്തിനു ശേഷം പ്രേക്ഷകരുടെ കമന്റുകള്‍ കേള്‍ക്കാതെ ഒരു ചിത്രം കാണുവാന്‍ സാധിച്ചു.കാരണം വിരളിലെണ്ണാവുന്ന   അവര്‍ എല്ലാം തിയേറ്ററില്‍ സുഖമായി ഉറങ്ങുകയായിരുന്നു
താങ്ക്‌  യു  മധു കൈതപ്രം ആന്‍ഡ്‌ ടീം.... ഫോര്‍ യുവര്‍ ഉറക്കഗുളിക .....




  

Friday 15 July 2011

ചാപ്പ കുരിശ്‌-(കുരിശു ആര് ചുമക്കണം?)......chaappa Kurishu

വളരെ പ്രതീക്ഷയോടെ ദിവസങ്ങളായി കാത്തിരുന്ന ഒരു ചിത്രമാണ്‌ ചാപ്പ കുരിശ്‌. മനോഹരമായ പോസ്റ്റര്‍ ഡിസൈനും,ആകാംഷ ഉണര്‍ത്തുന്ന തിരനോട്ടവുമായി യൂ ട്യൂബില്‍ നമ്മെ  കൊതിപ്പിച്ചിരുന്ന ചാപ്പ കുരിശ്‌
ഇതില്‍ മൂന്നു നായകന്മാരും ഒരു വില്ലനും ഉണ്ട്.(ഫഹദ് ഫാസില്‍,വിനീത് ശ്രീനിവാസന്‍,പിന്നെ ഐ ഫോണ്‍ ) വില്ലന്‍ ഒന്ന്..മറ്റാരുമല്ല അതും ഐ ഫോണ്‍ തന്നെ....
നമുക്ക്‌ നേരിട്ട് കഥയിലേക്ക് കടക്കാം.. കൊച്ചി നഗരത്തിലെ രണ്ടു  തുറകളില്‍  ജനിച്ചു വളര്‍ന്ന അര്‍ജുനും (ഫഹദ് ഫാസില്‍ ) അന്‍സാരിയും(വിനീത് ശ്രീനിവാസന്‍ ).ഒരാള്‍ സമ്പന്നതയുടെ മടിത്തട്ടില്‍ ,  അന്‍സാരി കേരളത്തിലെ ഏതോ വടക്കന്‍ ഗ്രാമത്തില്‍ നിന്ന് വന്നു നഗരത്തിലെ ഒരു സൂപ്പര്‍ മാര്‍കറ്റില്‍ എടുത്തു കൊടുപ്പും കട തുടപ്പുമായി കഴിയുന്നവന്‍ .അര്‍ജുന്‍ റോമ അവതരിപ്പിക്കുന്ന കഥാപാത്രവുമായി കല്യാണ  നിശ്ചയമെല്ലാം കഴിഞ്ഞു പുരനിറഞ്ഞു നില്‍ക്കുകയാണെങ്കിലും മറ്റു പെണ്‍കുട്ടികളുമായി വഴിവിട്ട ബന്ധങ്ങളില്‍ സന്തോഷം കണ്ടെത്തുന്നു.(ക്ഷമിക്കണം...റോമ   അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര് മനസ്സില്‍ നില്‍ക്കുന്നില്ല)അര്‍ജുന്‍ തന്റെ സെക്രടറി ആയ സോണിയ(രമ്യ നമ്പീശന്‍  ) യുമായി (ശാരീരിക  )ബന്ധത്തിലാണ്.ഒരു ദുര്‍ബല അസുലഭ മുഹൂര്‍ത്തത്തില്‍ അവര്‍ തമ്മിലുള്ള കാമകേളികള്‍ അര്‍ജുന്‍ ചൂടോട്ടും കളയാതെ തന്റെ ഐ ഫോണില്‍ പകര്‍ത്തുന്നതും അത് പിന്നെ അന്‍സാരിയുടെ കൈവശം വന്നു ചേര്‍ന്നുണ്ടാകുന്ന പൊല്ലാപ്പാണ് കഥാസാരം...
വളരെ സൂക്ഷിച്ചു മാത്രം കൈകാര്യം  ചെയ്യണ്ട ഒരു വസ്തുവാണ് ക്യാമറ ഉള്ള ഫോണുകള്‍ .. ഇതിലെ മുഖ്യ
കഥാപാത്രമായ അര്‍ജുനു സംഭവിച്ചത് തന്നെയാണ് സംവിധായകനും തിരക്കഥ രചയിതാക്കള്‍ക്കും സംഭവിച്ചിരിക്കുന്നത്..ഈ സിനിമയുടെ കഥാ തന്തുവിനെ വളരെ നിരുത്തരവാദിത്തരപരമായാണ് അവര്‍ കൈകാര്യം ചെയ്തിരിക്കുന്നത്.. രമ്യ നമ്പീശന്‍ ഫഹദ് എന്നിവര്‍ ചുംബന കിടപ്പറ രംഗങ്ങളില്‍ തീരെ പിശുക്ക് കാണിച്ചിട്ടില്ല... ചുണ്ടുകള്‍ പരസ്പരം കടിച്ചു പറിക്കുന്ന ചുംബന സീനുകള്‍ മലയാള സിനിമക്ക് പുതിയ ട്രെന്‍ഡ് സെറ്റര്‍ ആകാന്‍ സാധ്യത ഉണ്ട്..ഇന്റര്‍വെല്‍ വരെ കുറച്ചു ആസ്വാദ്യകരമായി കഥ പറഞ്ഞു കൊണ്ടു പോകാന്‍ സംവിധായകന് കഴിഞ്ഞിട്ടുണ്ട്.പക്ഷെ ഇടവേളക്കു ശേഷം കഥ കൈവിട്ടുപോകുന്നതയാണ് തോന്നിയത്.
മികച്ച അഭിനയമെന്നോ മോശം അഭിനയമെന്നോ ഒരു നടീ നടന്മാരെക്കുറിച്ചും പറയാനില്ല..പാട്ടുകള്‍ ഒന്നും തന്നെ മനസ്സില്‍ തങ്ങി നില്‍ക്കുന്നില്ല..
ക്യാമറ ആവറേജ്..
ബിഗ്‌ ബി എന്ന ചിത്രത്തിലൂടെ  മായാജാലം സൃഷ്‌ടിച്ച സമീര്‍ താഹിര്‍ തന്നെ സ്വയം ഈ ചിത്രത്തില്‍ ക്യാമറ കൈകാര്യം ചെയ്തിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചു പോകുന്നു..എഡിറ്റിംഗ് ഡോണ്‍ മാക്സ് തന്നെ ആണോ ചെയ്തത് എന്ന് ആരും സംശയിച്ചു പോകും കാരണം സാധാരണ  അദേഹത്തിന്റെ  ചിത്രങ്ങളില്‍ കാണുന്ന ഒരു എക്സ്ട്രാ ഓര്‍ഡിനറി ഗിമ്മിക്സ്കളും  കാണുന്നില്ല...
ചിത്രത്തിലെ സംഘട്ടന രംഗങ്ങള്‍ വളരെ പുതുമയോടെയാണ് ചിത്രീകരിച്ചിരിക്കുന്നത്....പശ്ചാത്തല സംഗീതം വളരെ മിതത്വം പാലിച്ചിരിക്കുന്നു...
 സമീര്‍ താഹിര്‍ എന്ന സംവിധായകനില്‍  നിന്നും ഒരു മലയാളം ക്ലാസ്സിക് ചിത്രം  അമിത  പ്രതീക്ഷയോടെ കാത്തിരുന്നതാണ് എന്നെ പോലെയുള്ള ഒരു സാധാരണക്കാരനെ നിരാശനാക്കിയതെന്നു പറയാതെ വയ്യ...
ചാപാ കുരിശു കണ്ടിറങ്ങുമ്പോള്‍ ഒരു ആര്‍ഭാടപൂര്‍ണ്ണമായ ഒരു കല്യാണ സദ്യക്ക് വിളിച്ചു ചൂടുവെള്ളം മാത്രം കുടിപ്പിച്ചു പറഞ്ഞയക്കുന്ന ഒരു പ്രതീതിയാണ് ഫീല്‍  ചെയ്തത്...
സംവിധായകന്റെ അടുത്ത ചിത്രം കാണണം എന്ന ഒരു തോന്നല്‍ ഈ ചിത്രം കണ്ടു പുറത്തിറങ്ങുമ്പോള്‍ നമ്മുടെ മനസ്സില്‍ തോന്നുമെന്നത് ഉറപ്പാണ്‌..പക്ഷെ ഈ ചിത്രത്തിലെ പാളിച്ചകള്‍ മനസ്സിലാക്കി അത് അടുത്ത  ചിത്രത്തില്‍  തിരുത്തുമെന്ന് സംവിധായകന്‍ തന്നെ ദൃഡ നിശ്ചയം കൈക്കൊള്ളണം പ്രതീക്ഷയാണ് കാശുമുടക്കി ചിത്രം കാണുന്ന പ്രേക്ഷകരായ ഞങ്ങള്‍ക്കും ഉള്ളത്.  
സമീര്‍ താഹിര്‍ ആന്‍ഡ്‌ ക്രൂ...... ബെറ്റര്‍ ലക്ക് നെക്സ്റ്റ് ടൈം


സാള്‍ട്ട് ആന്‍ഡ്‌ പെപ്പര്‍ ..ലളിതം..മനോഹരം

ഒരു  ശരാശരി  മലയാളിയുടെ ഭക്ഷണ ഭ്രമവും ലഘുവായ മദ്യാസക്തിയും ആഗോളതലത്തില്‍  പരക്കെ അംഗീകരിക്കപെട്ട യാഥാര്‍ത്യമാണ്.  എന്നാല്‍  മലയാളത്തിലുള്ള ഒരു ചിത്രത്തില്‍ പ്രധാന കഥാപാത്രമായി ഭക്ഷണം എത്തുന്നത്‌ ഇതാദ്യം.ഒരു പക്ഷെ ഈ ലോകത്ത്   കേരളത്തില്‍ മാത്രമാണ് " ഇന്ന് രാവിലെ എന്ത് കഴിക്കണം,ഉച്ചക്ക് എന്ത് ഉണ്ടാക്കണം, രാത്രിയില്‍ പുതിയ ഭക്ഷണം ഉണ്ടാക്കെണ്ടേ" എന്ന വേവലാതിയില്‍ ഉണരുന്ന വീട്ടമ്മമാരെ കാണാന്‍ കഴിയുക.ചിത്രം തുടങ്ങുന്നത് "നാമെല്ലാം ജീവിക്കാന്‍ വേണ്ടിയാണ് ഭക്ഷണം കഴിക്കുന്നത്‌" എന്ന അധ്യാപകന്റെ ക്ലാസ് മുറിയിലെ നിരുപദ്രവമായ പ്രസ്താവനയക്ക്  മറുപടിയായി  കാളിദാസന്റെ "നാമെല്ലാം ഭക്ഷണം കഴിക്കാന്‍വേണ്ടിയല്ലേ സര്‍ ജീവിക്കുന്നത്?" എന്ന നിഷ്കളങ്കമായ മറുചോദ്യത്തില്‍ ഭക്ഷണ പ്രേമിയായ ഒരു തത്വ ചിന്തകനെ പ്രേക്ഷകരുടെ മനസ്സിലേക്ക് പ്രതിഷ്ടിച്ചു കൊണ്ടാണ്  .വരണ്ട ജീവിത സാഹചര്യങ്ങളില്‍ പലര്‍ക്കും  ആകെയുള്ള ചിന്ത ഭക്ഷണം മാത്രമാണ്. ഔദ്യോഗിക ജോലികള്‍ കഴിഞ്ഞു പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലാത്ത  പുരാവസ്തു ഗവേഷണ വകുപ്പില്‍ ഉദ്യോഗസ്ഥനായ കാളിദാസനും ഡബ്ബിംഗ്  അര്‍ടിസ്റ്റ്  മായ കൃഷ്ണനും തങ്ങളുടെ ഊര്‍ജ്ജം വിനിയോഗിക്കുന്നത്,  ഭക്ഷണം ഉണ്ടാക്കി  സ്വയം കഴിക്കാനും മറ്റുള്ളവരെ കഴിപ്പിക്കാനും മാത്രമാണ്.ജീവിതത്തിന്റെ സായാഹ്ന വേളയിലെത്തി എന്ന് സ്വയം വിശ്വസിച്ച്  ജീവിതം തള്ളിനീക്കുന്ന  കാളിദാസനും  മായ കൃഷ്ണനും തമ്മില്‍ തട്ടില്‍ കുട്ടി ദോശയിലൂടെ തുടങ്ങുന്ന  ബന്ധം വളര്‍ച്ച പ്രാപിക്കുനത് വളരെ മനോഹരമായ മുഹൂര്‍ത്തങ്ങളിലൂടെയാണ്.കാളിദാസനും അയാളുടെ കുക്ക് ആയി എത്തുന്ന ബാബുവും (ബാബുരാജ്‌) ആദ്യം കണ്ടുമുട്ടുന്നതും കാളിദാസന്റെ ജീവിതത്തില്‍ ബാബു ഒരു ഭാഗമാകുന്നതും ഭക്ഷണം എന്നാ മുഖ്യ കഥാപാത്രം വഴിതന്നെ .. കാലത്തിന്റെ ഒഴുക്കില്‍ പെട്ട് കുടുംബ ജീവിതം നിഷേധിക്കപ്പെട്ട കാളിദാസനും മായയ്ക്കും ഇടയില്‍ വില്ലന്മാരായി എത്തുന്നത്‌ പുത്തന്‍ യുവത്വത്തിന്റെ പ്രതീകങ്ങളായ മീനാക്ഷിയും(മൈഥിലി) മനുവും(ആസിഫ് അലി), അതിനു വഴിയോരുക്കുന്നതോ  കൊച്ചു കൊച്ചു സ്വാര്‍ത്ഥതകളും  സാഹചര്യങ്ങളും.ഒരു സംഭാഷണം പോലുമില്ലാതെ സദാ ചിരിച്ചു കൊണ്ട് പ്രേക്ഷകരുമായി സംവദിച്ചു കൊണ്ടിരിക്കുന്ന മൂപ്പന്‍ എന്ന കഥാപാത്രം നിശബ്ധമായി  പലതും നമ്മോടു പറയുന്നു.വര്‍ഷങ്ങള്‍ക്കു മുമ്പ് കുഴിച്ചു മൂടപ്പെട്ട പ്രണയത്തിന്റെ അവശിഷ്ടങ്ങള്‍ തേടി കേരളത്തില്‍  അങ്ങോളമിങ്ങോളം കുഴികള്‍ തോണ്ടി നടക്കുന്ന വിജരാഘവന്റെ പുരാവസ്തു ഗവേഷകന്റെ കഥാപാത്രവും മലയാള സിനിമക്ക് പുതിയ അനുഭവം തന്നെയെന്നു പറയാതെ വയ്യ!ഒരു സിനിമക്ക് മുന്നോട്ടു നീങ്ങാന്‍ കുറെ നാടകീയ രംഗങ്ങളും തല്ലുകൊള്ളികളായ വില്ലന്മാരും ആവശ്യമാണെന്ന മലയാള സിനിമയുടെ മിത്തുകളെ കാറ്റില്‍ പറത്തിയാണ് സാള്‍ട്ട് ആന്‍ഡ്‌ പെപ്പര്‍ സംഭവങ്ങള്‍  മുന്നോട്ടു നീങ്ങുന്നതും അവസാനിക്കുന്നതും...ശാരീരിക സംഘട്ടനങ്ങളില്ലാതെ അടിയും ഇടിയും തീര്‍ത്തും ഒഴിവാക്കി  ശുഭപര്യവസായിയായി അവസാനിക്കുന്ന ചുരുക്കം ചില മലയാളം ചിത്രങ്ങളില്‍ ഒന്നാണ് സാള്‍ട്ട് ആന്‍ഡ്‌ പെപ്പര്‍ ..ലളിതമായ ഭാഷയാണ് ചിത്രത്തിലുടനീളം ഉപയോഗിച്ചിരിക്കുന്നത്  അത് തന്നെയാണ്  ഈ ചിത്രത്തിന്റെ ഒരു പ്ലസ് പോയിന്റ്‌.വലുപ്പ ചെറുപ്പമില്ലാതെ  എല്ലാ കഥാപാത്രങ്ങളും പ്രേക്ഷകന്റെ മനസ്സില്‍ മായാതെ നില്‍ക്കുന്നു, അത്  തിരക്കഥ രചയിതക്കാളുടെ വിജയം തന്നെയാണ് .സാള്‍ട്ട് ന്‍ പെപ്പെറില്‍  പ്രേക്ഷകരില്‍  നിന്നും ഏറ്റവും അധികം കൈയ്യടി നേടുന്നത് ഇതുവരെ നായക കഥാപാത്രങ്ങളില്‍ നിന്നും തലങ്ങും വിലങ്ങും തല്ലും ഇടിയും ഏറ്റുവാങ്ങേണ്ടി വന്നിട്ടുള്ള  നടന്‍ ബാബുരാജന്‍ ആണ്.ശ്രീ ബാബുരാജന്‍ ചെയ്തിട്ടുള്ള ഏറ്റവും നല്ല കഥാപാത്രമാണ്  സാള്‍ട്ട് ന്‍ പെപ്പെറിലെ കുക്ക് ബാബു ..ബാബുരാജന്‍ ക്ലിക്ക്ഡ്....
ഈ ചിത്രത്തിലെ ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയ സന്തോഷ്‌ വര്‍മ, ബിജി ബാല്‍ കൂട്ടുകെട്ടിന് ഈ ചിത്രത്തോട് 100% നീതി പുലര്‍ത്താനായിട്ടുണ്ട്
സാള്‍ട്ട് ആന്‍ഡ്‌ പെപ്പെര്‍ കണ്ടിറങ്ങുമ്പോള്‍ വളരെ രുചികരമായ ഒരു പ്രാതല്‍ കഴിച്ചിറങ്ങുന്ന സംതൃപ്തിയാണ് മനസ്സില്‍ തോന്നുക..ഒരു ദിവസം മുഴുവന്‍ ചിലവഴിക്കേണ്ട ഊര്‍ജ്ജം മുഴുവന്‍ സംഭരിച്ച ഒരു  വിശ്വാസം.കുറച്ചു കാലങ്ങളായി മലയാളം സിനിമയുടെ മസാല കൂട്ടുകള്‍ കൊണ്ടുള്ള ഭക്ഷണം കൊണ്ട് പൊറുതിമുട്ടി ദഹനക്കേടും,പുളിച്ചു തികട്ടലും,അര്‍ശസ്സും ബാധിച്ച  മലയാളിക്ക് ലഘുവും,സ്വാദിഷ്ടവുമായ പ്രാതല്‍ നല്‍കുന്ന  പ്രത്യേക ഒരു സംതൃപ്തി.
വളരെ ലോലമായ കഥാ തന്തുവില്‍ തിരക്കഥ കെട്ടിപടുത്ത ദിലീഷ് നായര്‍,ശ്യാം പുഷ്ക്കരന്‍ എന്ന  ചെറുപ്പക്കാരും സംവിധായകന്‍ ആഷിക് അബുവും  മലയാളം സിനിമക്ക് പുതിയ ഒരു വാതിലാണ് തുറന്നു വെക്കുന്നത്...ആ വാതില്‍ അടയാതെ, അടയ്ക്കാതെ സൂക്ഷിക്കേണ്ടത് നമ്മള്‍ പ്രേക്ഷകരുടെ കടമയാണ്..
ദിലീഷ് നായര്‍,ശ്യാം പുഷ്ക്കരന്‍,ആഷിക് അബു നിങ്ങള്‍ക്ക് മലയാളി പ്രേക്ഷകരുടെ ഒരായിരം നന്ദി...