Friday, 15 July 2011

സാള്‍ട്ട് ആന്‍ഡ്‌ പെപ്പര്‍ ..ലളിതം..മനോഹരം

ഒരു  ശരാശരി  മലയാളിയുടെ ഭക്ഷണ ഭ്രമവും ലഘുവായ മദ്യാസക്തിയും ആഗോളതലത്തില്‍  പരക്കെ അംഗീകരിക്കപെട്ട യാഥാര്‍ത്യമാണ്.  എന്നാല്‍  മലയാളത്തിലുള്ള ഒരു ചിത്രത്തില്‍ പ്രധാന കഥാപാത്രമായി ഭക്ഷണം എത്തുന്നത്‌ ഇതാദ്യം.ഒരു പക്ഷെ ഈ ലോകത്ത്   കേരളത്തില്‍ മാത്രമാണ് " ഇന്ന് രാവിലെ എന്ത് കഴിക്കണം,ഉച്ചക്ക് എന്ത് ഉണ്ടാക്കണം, രാത്രിയില്‍ പുതിയ ഭക്ഷണം ഉണ്ടാക്കെണ്ടേ" എന്ന വേവലാതിയില്‍ ഉണരുന്ന വീട്ടമ്മമാരെ കാണാന്‍ കഴിയുക.ചിത്രം തുടങ്ങുന്നത് "നാമെല്ലാം ജീവിക്കാന്‍ വേണ്ടിയാണ് ഭക്ഷണം കഴിക്കുന്നത്‌" എന്ന അധ്യാപകന്റെ ക്ലാസ് മുറിയിലെ നിരുപദ്രവമായ പ്രസ്താവനയക്ക്  മറുപടിയായി  കാളിദാസന്റെ "നാമെല്ലാം ഭക്ഷണം കഴിക്കാന്‍വേണ്ടിയല്ലേ സര്‍ ജീവിക്കുന്നത്?" എന്ന നിഷ്കളങ്കമായ മറുചോദ്യത്തില്‍ ഭക്ഷണ പ്രേമിയായ ഒരു തത്വ ചിന്തകനെ പ്രേക്ഷകരുടെ മനസ്സിലേക്ക് പ്രതിഷ്ടിച്ചു കൊണ്ടാണ്  .വരണ്ട ജീവിത സാഹചര്യങ്ങളില്‍ പലര്‍ക്കും  ആകെയുള്ള ചിന്ത ഭക്ഷണം മാത്രമാണ്. ഔദ്യോഗിക ജോലികള്‍ കഴിഞ്ഞു പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലാത്ത  പുരാവസ്തു ഗവേഷണ വകുപ്പില്‍ ഉദ്യോഗസ്ഥനായ കാളിദാസനും ഡബ്ബിംഗ്  അര്‍ടിസ്റ്റ്  മായ കൃഷ്ണനും തങ്ങളുടെ ഊര്‍ജ്ജം വിനിയോഗിക്കുന്നത്,  ഭക്ഷണം ഉണ്ടാക്കി  സ്വയം കഴിക്കാനും മറ്റുള്ളവരെ കഴിപ്പിക്കാനും മാത്രമാണ്.ജീവിതത്തിന്റെ സായാഹ്ന വേളയിലെത്തി എന്ന് സ്വയം വിശ്വസിച്ച്  ജീവിതം തള്ളിനീക്കുന്ന  കാളിദാസനും  മായ കൃഷ്ണനും തമ്മില്‍ തട്ടില്‍ കുട്ടി ദോശയിലൂടെ തുടങ്ങുന്ന  ബന്ധം വളര്‍ച്ച പ്രാപിക്കുനത് വളരെ മനോഹരമായ മുഹൂര്‍ത്തങ്ങളിലൂടെയാണ്.കാളിദാസനും അയാളുടെ കുക്ക് ആയി എത്തുന്ന ബാബുവും (ബാബുരാജ്‌) ആദ്യം കണ്ടുമുട്ടുന്നതും കാളിദാസന്റെ ജീവിതത്തില്‍ ബാബു ഒരു ഭാഗമാകുന്നതും ഭക്ഷണം എന്നാ മുഖ്യ കഥാപാത്രം വഴിതന്നെ .. കാലത്തിന്റെ ഒഴുക്കില്‍ പെട്ട് കുടുംബ ജീവിതം നിഷേധിക്കപ്പെട്ട കാളിദാസനും മായയ്ക്കും ഇടയില്‍ വില്ലന്മാരായി എത്തുന്നത്‌ പുത്തന്‍ യുവത്വത്തിന്റെ പ്രതീകങ്ങളായ മീനാക്ഷിയും(മൈഥിലി) മനുവും(ആസിഫ് അലി), അതിനു വഴിയോരുക്കുന്നതോ  കൊച്ചു കൊച്ചു സ്വാര്‍ത്ഥതകളും  സാഹചര്യങ്ങളും.ഒരു സംഭാഷണം പോലുമില്ലാതെ സദാ ചിരിച്ചു കൊണ്ട് പ്രേക്ഷകരുമായി സംവദിച്ചു കൊണ്ടിരിക്കുന്ന മൂപ്പന്‍ എന്ന കഥാപാത്രം നിശബ്ധമായി  പലതും നമ്മോടു പറയുന്നു.വര്‍ഷങ്ങള്‍ക്കു മുമ്പ് കുഴിച്ചു മൂടപ്പെട്ട പ്രണയത്തിന്റെ അവശിഷ്ടങ്ങള്‍ തേടി കേരളത്തില്‍  അങ്ങോളമിങ്ങോളം കുഴികള്‍ തോണ്ടി നടക്കുന്ന വിജരാഘവന്റെ പുരാവസ്തു ഗവേഷകന്റെ കഥാപാത്രവും മലയാള സിനിമക്ക് പുതിയ അനുഭവം തന്നെയെന്നു പറയാതെ വയ്യ!ഒരു സിനിമക്ക് മുന്നോട്ടു നീങ്ങാന്‍ കുറെ നാടകീയ രംഗങ്ങളും തല്ലുകൊള്ളികളായ വില്ലന്മാരും ആവശ്യമാണെന്ന മലയാള സിനിമയുടെ മിത്തുകളെ കാറ്റില്‍ പറത്തിയാണ് സാള്‍ട്ട് ആന്‍ഡ്‌ പെപ്പര്‍ സംഭവങ്ങള്‍  മുന്നോട്ടു നീങ്ങുന്നതും അവസാനിക്കുന്നതും...ശാരീരിക സംഘട്ടനങ്ങളില്ലാതെ അടിയും ഇടിയും തീര്‍ത്തും ഒഴിവാക്കി  ശുഭപര്യവസായിയായി അവസാനിക്കുന്ന ചുരുക്കം ചില മലയാളം ചിത്രങ്ങളില്‍ ഒന്നാണ് സാള്‍ട്ട് ആന്‍ഡ്‌ പെപ്പര്‍ ..ലളിതമായ ഭാഷയാണ് ചിത്രത്തിലുടനീളം ഉപയോഗിച്ചിരിക്കുന്നത്  അത് തന്നെയാണ്  ഈ ചിത്രത്തിന്റെ ഒരു പ്ലസ് പോയിന്റ്‌.വലുപ്പ ചെറുപ്പമില്ലാതെ  എല്ലാ കഥാപാത്രങ്ങളും പ്രേക്ഷകന്റെ മനസ്സില്‍ മായാതെ നില്‍ക്കുന്നു, അത്  തിരക്കഥ രചയിതക്കാളുടെ വിജയം തന്നെയാണ് .സാള്‍ട്ട് ന്‍ പെപ്പെറില്‍  പ്രേക്ഷകരില്‍  നിന്നും ഏറ്റവും അധികം കൈയ്യടി നേടുന്നത് ഇതുവരെ നായക കഥാപാത്രങ്ങളില്‍ നിന്നും തലങ്ങും വിലങ്ങും തല്ലും ഇടിയും ഏറ്റുവാങ്ങേണ്ടി വന്നിട്ടുള്ള  നടന്‍ ബാബുരാജന്‍ ആണ്.ശ്രീ ബാബുരാജന്‍ ചെയ്തിട്ടുള്ള ഏറ്റവും നല്ല കഥാപാത്രമാണ്  സാള്‍ട്ട് ന്‍ പെപ്പെറിലെ കുക്ക് ബാബു ..ബാബുരാജന്‍ ക്ലിക്ക്ഡ്....
ഈ ചിത്രത്തിലെ ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയ സന്തോഷ്‌ വര്‍മ, ബിജി ബാല്‍ കൂട്ടുകെട്ടിന് ഈ ചിത്രത്തോട് 100% നീതി പുലര്‍ത്താനായിട്ടുണ്ട്
സാള്‍ട്ട് ആന്‍ഡ്‌ പെപ്പെര്‍ കണ്ടിറങ്ങുമ്പോള്‍ വളരെ രുചികരമായ ഒരു പ്രാതല്‍ കഴിച്ചിറങ്ങുന്ന സംതൃപ്തിയാണ് മനസ്സില്‍ തോന്നുക..ഒരു ദിവസം മുഴുവന്‍ ചിലവഴിക്കേണ്ട ഊര്‍ജ്ജം മുഴുവന്‍ സംഭരിച്ച ഒരു  വിശ്വാസം.കുറച്ചു കാലങ്ങളായി മലയാളം സിനിമയുടെ മസാല കൂട്ടുകള്‍ കൊണ്ടുള്ള ഭക്ഷണം കൊണ്ട് പൊറുതിമുട്ടി ദഹനക്കേടും,പുളിച്ചു തികട്ടലും,അര്‍ശസ്സും ബാധിച്ച  മലയാളിക്ക് ലഘുവും,സ്വാദിഷ്ടവുമായ പ്രാതല്‍ നല്‍കുന്ന  പ്രത്യേക ഒരു സംതൃപ്തി.
വളരെ ലോലമായ കഥാ തന്തുവില്‍ തിരക്കഥ കെട്ടിപടുത്ത ദിലീഷ് നായര്‍,ശ്യാം പുഷ്ക്കരന്‍ എന്ന  ചെറുപ്പക്കാരും സംവിധായകന്‍ ആഷിക് അബുവും  മലയാളം സിനിമക്ക് പുതിയ ഒരു വാതിലാണ് തുറന്നു വെക്കുന്നത്...ആ വാതില്‍ അടയാതെ, അടയ്ക്കാതെ സൂക്ഷിക്കേണ്ടത് നമ്മള്‍ പ്രേക്ഷകരുടെ കടമയാണ്..
ദിലീഷ് നായര്‍,ശ്യാം പുഷ്ക്കരന്‍,ആഷിക് അബു നിങ്ങള്‍ക്ക് മലയാളി പ്രേക്ഷകരുടെ ഒരായിരം നന്ദി...
No comments:

Post a Comment