Sunday, 14 August 2011

കഥയിലെ നായിക (കഥയില്ലായ്മ)

 പുതിയ  ചിത്രങ്ങളില്‍ 'വീട്ടിലേയ്കുള്ള വഴിയാണ്' കാണാന്‍ ഉദ്ദേശിച്ചിരുന്നത്.പക്ഷെ ചിത്രത്തിന്റെ മഹത്വം കൊണ്ടാകണം അത് സിനിമ കൊട്ടകയില്‍ നിന്നും പോയ വഴിയില്‍ പുല്ലുപോലും ഇല്ല.  ഈ  ആഴ്ച 'കഥയിലെ നായിക' പ്രത്യക്ഷ ആയപ്പോള്‍  തന്നെ തീയെറ്റരിലെയ്ക്ക് വെച്ച് പിടിച്ചു;കഥയിലെ നായിക അപ്രത്യക്ഷമായാല്‍ വീണ്ടും ഒരാഴ്ച കാത്തിരിക്കെണ്ടേ?    ദിലീപ് എന്നാ സംവിധായകന്റെ ആദ്യ സംരംഭമാണെന്ന് തോന്നുന്നു ഈ സിനിമ. അച്ചുവിന്റെ അമ്മ,മമ്മി ആന്‍ഡ്‌ മീ,സകുടുംബം ശ്യാമള എന്നീ ചിത്രങ്ങള്‍ക്ക് അണിഞ്ഞ മേക് അപ്പ്‌ ,വസ്ത്രവിധാനങ്ങള്‍ എന്നിവ ഊരി വെക്കാന്‍ പോലും പാവം ഉര്‍വശിയെ സംവിധായകനും തിരക്കഥാകൃത്ത് കളും സമ്മതിച്ചിട്ടില്ല. ചിത്രം തുടങ്ങുന്നത് സ്ഥിരം ആദ്യസീനില്‍ തന്നെ  ചരമമടയാറുള്ള രാധിക  തന്റെ കൊച്ചനിയന്റെ സുഹൃത്തുക്കളാല്‍ കൊല്ല്പ്പെടുന്നതാണ്   (പ്രേക്ഷകര്‍ മറിച്ചു ചിന്തിക്കേണ്ട ബലാല്‍സംഗം അല്ല പണാപഹരണം ആണ്   ഉദ്ദേശം). അതവിടെ നിര്‍ത്തി പിന്നെ ക്യാമറ നേരെ വരുന്നത്   മാര്‍ക്കറ്റില്‍ വെച്ചു ഉള്ളി വില കേട്ടു ബോധം നഷ്ടപ്പെട്ടു  ഹോസ്പിറ്റലില്‍കിടക്കുന്ന  നന്ദിനി ചേച്ചിടെ അടുത്തേക്ക്..ചേച്ചിക്ക് ജോലി കൈക്കൂലിയുടെ വിളനിലമായ പൊതു മരാമത് ഓഫീസില്‍ ഓവര്‍സിയര്‍ ആയി. ആ ഓഫീസിലെ അപൂര്‍വ്വ ജീവി  ആണ് ഈ  നന്ദിനി ചേച്ചി...കാരണം കൈക്കൂലി എന്നാല്‍ പുള്ളിക്കാരത്തിക്ക് അലര്‍ജി ആണ്.. .   ഓവര്‍സിയര്‍ പണി കൂടാതെ സൈഡ് ആയി വിവാഹ ബ്രോക്കെര്‍ കൂടി ആണ് ഈ മാന്യ ദേഹം..പണ്ടത്തെ സത്യന്‍ അന്തിക്കാട്‌ ചിത്രങ്ങളിലെ ലാലേട്ടന്റെ പണിയ്ക്ക്  ട്രാന്‍സ്ഫര്‍ കിട്ടി വന്നപോലെ തോന്നും നമ്മുടെ നന്ദിനി ചേച്ചി.ചേച്ചിക്ക് ഭാരമായി പുരനിറഞ്ഞു നില്‍ക്കുന്ന ഒരു അനിയനും, അമ്മയും, അമ്മായി അമ്മയും,പ്രാരാബ്ദം ഒട്ടും കുറയ്ക്കാതിരിക്കാന്‍ രണ്ടു പെണ്മക്കളും.ലോട്ട്  ലൊടുക്കു വേഷങ്ങളില്‍ വന്നിരുന്ന കലാഭവന്‍ പ്രജോദിനു പ്രമോഷന്‍  കിട്ടി  നായക വേഷത്തിലെത്തുന്നു.(പ്രമോഷന്‍ അല്ല ശെരിക്കും അദ്ദേഹത്തിന് ഇത് പണിഷ്മെന്റ് ട്രാന്‍സ്ഫര്‍ ആണ് )സിനിമ മോഹവും ഉള്ളിലൊതുക്കി ഒരു അപ്രസക്ത ചാനലില്‍ ഫോണില്‍ വിളിച്ചു പറയുന്നവര്‍ക്ക് പിസ്സ പോലെ സിനിമ പാട്ടുകള്‍ ഡെലിവറി കൊടുക്കുകയാണ് തൊഴില്‍. ഇതിനിടയില്‍ കൊല്ലപെട്ട രാധിക അവസാനം വിളിക്കുന്നത്‌  ഈ പരിപാടിയിലെക്ക്.ഈ കൊലപാതകത്തിന്റെ  ചുരുള്‍ പ്രജോദും റോമയും കൂടി അഴിക്കുന്നതും അതിനിടെ ഉര്‍വശിയുടെ പ്രാരാബ്ദ പൂരപ്പാട്ടും കൂടി ചേര്‍ന്നാല്‍  "കഥയിലെ നായിക" തീര്‍ന്നു.ഇതിലെ സംഭാഷണങ്ങള്‍ അഭിനേതാക്കള്‍ തന്നെ ക്യാമറക്ക്‌ മുന്നില്‍ നിന്നും വായില്‍ തോന്നിയത് പറയുകയാണെന്ന് തോന്നും.കാരണം ഉര്‍വശി, സുരാജ്  വെഞാറമൂട് എന്നിവരുടെ ഡയലോഗുകള്‍ പലതും നമ്മള്‍ പല ചിത്രങ്ങളില്‍ കേട്ടിട്ടുള്ളതാണ്,യുക്തിക്ക് നിരക്കാത്ത സംഭവങ്ങളുടെ ഘോഷ യാത്ര തന്നെയാണ് ചിത്രം മുഴുവനും.തെളിവില്ലാതെ ചെയ്ത കൊലപാതകത്തിന്റെ കാണാത്ത സാക്ഷികളെ കൊല്ലാന്‍ ടിവി  ലൈവ് പരിപാടിയിലേക്ക് ഇരച്ചു കയറുന്ന മണ്ടന്മാരായ യുവ വില്ലന്‍മാരെ   ഭൂലോകത്ത് ഈ  ചിത്രത്തില്‍ മാത്രമേ കാണാന്‍ കിട്ടൂ,കരയിക്കുന്ന തമാശകളുമായി കോട്ടയം നസീര്‍ രണ്ടു കൂട്ടാളികളുമായി സജീവമായി രംഗത്തുണ്ട്.അമ്മൂമ്മമാരായി എത്തുന്ന കെ പി എ സി ലളിത,സുകുമാരി എന്നിവര്‍ അവരുടെ കടമ നന്നായി നിര്‍വഹിച്ചിരിക്കുന്നു.ഇടക്കിടെ വന്നു പോകുന്ന സായികുമാറിന്റെ അച്ഛന്‍  ദുര്‍ബലമായ കഥാപാത്ര സൃഷ്ടികൊണ്ട് പ്രേക്ഷകരുടെ "സഹതാപം" പിടിച്ചു പറ്റുന്നു.
. സാദത്തിന്റെ ക്യാമറ ഒട്ടും ഇമ്പ്രസ്സിവ് അല്ല,എഡിറ്റിംഗ് ആവറെജ് .
    തേജ് മെര്‍വിന്റെ ഒരു പാട്ട് കൊള്ളാം.പിന്നെ അന്യന്‍ എന്നാ ചിത്രത്തില്‍ "കുമാരി.." എന്ന് തുടങ്ങുന്ന ഗാനമാലപിച്ച ശങ്കര്‍ മഹാദേവനെ കൊണ്ട് തന്നെ അതിന്റെ കോപ്പി അടിപോലെ തോന്നിക്കുന്ന ഒരു പാട്ടും പാടിപ്പിക്കാന്‍ കാണിച്ച ധൈര്യം ശ്ലാഘനീയം തന്നെ...
ക്ലൈമാക്സ്‌ കണ്ടാല്‍ ആരും കരഞ്ഞു പോകും ...മലയാള സിനിമയുടെ അധോഗതി ഓര്‍ത്തു..
.. ഉര്‍വശിയെ കണ്ടമാത്രയില്‍ ഒരു വില്ലന്‍ സഹ വില്ലന്മാരോടു പറയുന്നുണ്ട്.."കൊല്ലെടാ ഇവളെ" എന്ന്... അത് യഥാര്‍ത്ഥത്തില്‍ പ്രേക്ഷകരോട് " കൊല്ലെടാ അവരെ" എന്ന  ഒരു വെല്ലുവിളയായി പ്രേക്ഷകര്‍ക്ക്തോന്നിയെങ്കില്‍ അവരെ കുറ്റം പറയരുത്.അത് സംവിധായകന്റെ  'കൊണം'
1 comment: