Wednesday 31 August 2011

തേജഭായ് & ഫാമിലി ... വേണ്ട ഭായ് ഈ ഫാമിലി(Teja Bhai and family- movie review)

.കഴിഞ്ഞ ആഴ്ച ഒരു മലയാള ചിത്രവും റിലീസ് ആകാത്തതുകൊണ്ട് അക്ഷമനായി  കാത്തിരിക്കുകയായിരുന്നു ഞാന്‍ തേജഭായ് & ഫാമിലിയെ. രാവിലെ തന്നെ ഞാന്‍ ചിത്രത്തിന് ഓണ്‍ലൈന്‍ ബുക്കിംഗ് നടത്തി.തോരാത്ത മഴയെയും വകവെക്കാതെയാണ്  ഞാന്‍ തിയേറ്ററില്‍ എത്തിയത്.ടൈറ്റില്‍ കാണിക്കുന്നതെല്ലാം അതി ഗംഭീരം.ആദ്യ സീന്‍   മുതല്‍  പ്രേക്ഷകന്റെയും നായകന്റെയും അധോഗതി ഒരുപോലെ തുടങ്ങുകയായി.കാണികള്‍ക്ക് പ്രിത്വിരാജിനെ എത്ര സ്നേഹമുണ്ടെന്ന് അവരുടെ കൂവലുകള്‍ കൊണ്ട് വെളിപ്പെടുന്നു.കഥാസാരം വളരെ ലളിതമായി ഞാന്‍ പ്രതിപാദിക്കാം.തേജ ഭായ് എന്ന പ്രിത്വി രാജ് മലേഷ്യയില്‍ വലിയ ഒരു അധോലോക രാജാവാണ്‌,പാതിരാത്രിക്കും കൂളിന്ഗ്ഗ്ലാസ്സും വെച്ച് നടക്കുന്ന കുറെ പരിഷകളുടെ  കൂടെ ഇടയില്‍ സുരക്ഷിതനായ നായകന്‍.ഒരു കയ്യില്‍ വെളുത്ത പൂച്ചയും മറു കൈയ്യില്‍ കറുത്ത തോക്കും.നായകന്‍ കാറിലല്ല  മിക്കപ്പോഴും സഞ്ചാരം,ഹെലികോപ്ടരില്‍ .. നായകന് വേദിക(അഖില) എന്ന  നായികയോട് കടുത്ത പ്രേമം.ഗജിനി എന്ന  ചിത്രം നമ്മളും സംവിധായകനും   ഹിന്ദിയിലും തമിഴിലും കണ്ടിരിക്കുന്നത് കൊണ്ട് ആര്‍ക്കും പ്രത്യേകിച്ച് ആദ്യത്തെ കുറച്ചു സമയംതിയേറ്ററില്‍ പണിയൊന്നുമില്ല:അത് നമുക്ക് ക്രിയാത്മകമായി ഉറങ്ങാനുപയോഗിക്കാം.തേജ  ഭായ്  എന്ന പ്രിത്വി രാജ് വേദികയുടെ മുന്നിലെത്തുന്നത് റോഷന്‍ വര്‍മയായി..റോഷന്‍  വര്‍മയും വേദികയും തമ്മില്‍ എങ്ങനെ പ്രേമബദ്ധരാകുന്നു അത് പരസ്പരം കാണാതിരിക്കാന്‍ കഴിയാത്ത തക്കവണ്ണം എങ്ങനെ ഗാഡമായി   എന്നെല്ലാമറിയണമെങ്കില്‍ സംവിധായകനെ ഫോണ്‍ ചെയ്തോ,കത്തയച്ചോ ചോദിക്കണം.സുമന്‍ അവതരിപ്പിക്കുന്ന കര്‍ത്താ എന്ന കഥാപാത്രത്തെ സിനിമയുടെ ആദ്യത്തെ രണ്ടു  സീനുകളില്‍ കൊണ്ട് വന്നു പിന്നെ അവസാന ഭാഗത്തേക്ക് തല്ലു കൊള്ളാനായി നീക്കി വെക്കുന്നു.തേജ ഭായിക്ക്  വേദികയെ കെട്ടണമെങ്കില്‍ അവളുടെ അച്ഛന്റെ സമ്മതം മേടിക്കണം,സമ്മതത്തിനായി ഒന്ന് രണ്ട് വ്യവസ്ഥകള്‍ പാലിക്കണം.അതില്‍ ഒന്നാമത്തെത് പ്രതിശ്രുത അമ്മായി അപ്പന്റെ(തലൈവാസല്‍ വിജയ്‌) 'കൊല'ഗുരു(കുടുംബ സ്വാമി) ആയ സുരാജ് വെഞ്ഞരംമൂടിന്റെ സമ്മതവും അനുഗ്രഹാശിസ്സുകളും മേടിക്കണം;കൂടാതെ വരന്‍ തന്ത ബന്ധുക്കള്‍ ഇത്യാദികള്‍ ഉള്ളവനായിരിക്കണം,തന്ത  ,തള്ള എന്നിവര്‍  ഇല്ലാത്തതുകൊണ്ട് തല്ക്കാലം ബന്ധുക്കളെ അറേഞ്ച് ചെയ്യാന്‍ തേജ ഭായി ബന്ധനസ്ഥനാക്കിയ ഗുരു പിന്നെ കൂളിംഗ്  ഗ്ലാസ്‌  കൂലിപ്പടയാളികള്‍ എന്നിവരുമായി 'തിരോന്തോരത്ത്' പറന്നിറങ്ങുന്നതും,കുറെ വാടക ബന്ധുക്കളെ ഉണ്ടാക്കുന്നതും അവര്‍ ചാടിപ്പോകാതെ നോക്കാന്‍ പാടുപെടുകയും ചെയ്യുന്നതും ആണ് കഥാസാരം.ഇതിനിടക്ക് നാട്ടിലേക്കു ഒരു മലേഷ്യന്‍ കുടിയേറ്റമാണ്,വേദിക,ചെറിയച്ചന്‍(അശോകന്‍) അവസാനം ദാമോദര്‍ ജി(തലൈവാസല്‍ വിജയ്‌) സുമന്‍ എന്നിവരും.അവസാനം മിക്ക മലയാളസിനിമയിലുംഉള്ള കൂട്ടതല്ലിലും  അതോടനുബന്ധിച്ച് നടക്കുന്ന വിവാഹത്തിലും ചിത്രം അവസാനിക്കുന്നു.ഇതിനിടക്ക്  മുണ്ടും കുറിയും അണിഞ്ഞ അമ്മാവന്മാരേയും ശാലീനതയുടെ   പ്രതിരൂപങ്ങളായ കുറെ അമ്മായിമാരേയും പ്രേക്ഷകര്‍ക്ക്‌ സഹിക്കേണ്ടി വരുന്നു.ഒരു വലിയ താര നിരതന്നെ ചിത്രത്തിലുണ്ട്.മഹാരഥന്മാരായ സലിം  കുമാര്‍  ജഗതി,ജഗതീഷ് തുടങ്ങിയ എല്ലാ  നടന്മാരും ചിത്രത്തില്‍ അവര്‍ക്കെന്താണ് ചെയ്യെണ്ടാതെന്നറിയാതെ പകച്ചു നില്‍ക്കുന്നതാണ് നാം കാണുന്നത്.ബിന്ദു പണിക്കര്‍ , ഭീമന്‍ രഘു എന്നിവര്‍ ആയിരം പ്രാവശ്യം സിനിമയില്‍ അവതരിപ്പിച്ചിട്ടുള്ള കഥാപാത്രങ്ങളായി ആയിരത്തി ഒന്നാമത്തെ തവണയും വരുന്നു. സുരാജ് വെഞ്ഞാറമ്മൂടെന്ന നടന്റെ കയറൂരിവിട്ടുള്ള അഭിനയം കണ്ടു നാം  അന്തം വിട്ടു പോകും.കഥ,തിരക്കഥ, സംഭാഷണം  എല്ലാം ദിപു കരുണാകരന്‍ എന്ന   സംവിധായകന്റെ തന്നെ.ക്രേസി  ഗോപാലന്‍, വിന്റര്‍  എന്നീ പരാജയ ചിത്രങ്ങളില്‍ നിന്നും ഒന്നും പഠിക്കതെയാണ് സംവിധായകന്‍ ഈ ചിത്രത്തിനും 'ഒരുമ്പെ'ട്ടിറങ്ങിയിട്ടുള്ളത്.ശ്യാംദത്തിന്റെ  ക്യാമറ നന്നായിരിക്കുന്നു,മനോജിന്റെ എഡിടിങ്ങും  കുറ്റമറ്റതാണ്,കൈതപ്രം ഗാന രചനയും ദീപക് ദേവ് സംഗീതവും നിര്‍വഹിച്ചിരിക്കുന്നു.ആദ്യമായി ദീപക്  ദേവ് കുറ്റ    സമ്മതത്തോടെ  കോപ്പി അടിച്ചിരിക്കുന്നു.25 വര്‍ഷത്തോളം മുമ്പിറങ്ങിയ കാണാമറയത്തു  എന്ന  ഹിറ്റ്‌ ചിത്രത്തിലെ "ഒരു മധുരക്കിനാവിന്‍" എന്ന  മനോഹര ഗാനം അതിമനോഹരമായി റീ മിക്സ്‌ ചെയ്തിരിക്കുന്നു. ഈ ഗാന ചിത്രീകരണവും നന്നായിട്ടുണ്ട്.  പക്ഷെ ചിത്രം മുഴുവന്‍ കണ്ടു  തീര്‍ക്കുന്നവര്‍ക്ക് പ്രത്യേക പാരിതോഷികം നല്‍കേണ്ടതാണ്. Mr .പ്രിത്വി  രാജ് താങ്കളോട്  ചെറിയ അഭ്യര്‍ഥന!!മമ്മൂട്ടിയെ യും,മോഹന്‍ലാലിനെയും കുറ്റം പറഞ്ഞു നടക്കുന്ന സമയം താങ്കള്‍ അവര്‍  അഭിനയിച്ചു വിജയിപ്പിച്ച പടങ്ങള്‍ കണ്ടു അഭിനയ കല എന്താണെന്ന് പഠിക്കാന്‍ ശ്രമിക്കുക..
 വാല്‍ക്കഷണം: ചിത്രം   കണ്ടിറങ്ങിവരുന്ന ഞങ്ങള്‍ പ്രേക്ഷകരെ സന്തോഷിപ്പിക്കാന്‍ പ്രിത്വിരാജ് ഫാന്‍സ്‌ എന്ന് ലേബലില്‍ കുറച്ചു കൂലി  പട്ടാളക്കാര്‍  പദ്മ തിയേറ്റര്‍ പരിസരത്ത് നൃത്തം ചവിട്ടുന്നുണ്ടായിരുന്നു,അവരെ ചിത്രം കണ്ടിറങ്ങിവരുന്ന ഭൂരിഭാഗം പേരും വളഞ്ഞു കൂവുകയായിരുന്നു.എന്റെ ജീവിതത്തില്‍ ഇതു വരെ കാണാത്തതും അങ്ങനെ ഞാന്‍ കണ്ടു...
ദിപു കരുണാകരന്‍,പ്രിത്വി ആന്‍ഡ്‌ ടീം ഈ  കൂവല്‍ നിങ്ങള്‍ക്കുള്ള എസ് എം എസ് ആണ്,ഒറ്റക്കെങ്ങനും പ്രേക്ഷകരുടെ മുന്നില്‍ പെടാതെ സൂക്ഷിക്കുക.
  തേജ ഭായ്...നമുക്ക് വേണ്ട ഭായ്
  


  

1 comment: