Sunday 4 September 2011

പ്രണയം .....ആശ്വാസം ...

 പ്രണയം എന്ന ചിത്രം റിലീസ് ചെയ്തതിനു പിറ്റേ ദിവസം തന്നെ കണ്ടിരുന്നുവെങ്കിലും അവലോകനം എഴുതാന്‍ വൈകിയതിനു ക്ഷമ  ചോദിക്കുന്നു.ബ്ലെസി രണ്ട്  വര്‍ഷത്തില്‍ കൂടുതലായി മനസ്സില്‍ ഇട്ടു കുറുക്കിയ വിഷയമാണ്  സിനിമയാക്കിയത്  എന്ന് ഒരു ടി വി അഭിമുഖത്തില്‍ ഞാന്‍ കണ്ടിരുന്നു,അതിനിടയില്‍ അതിന്റെ കഥ മോഷണമാണെന്ന് വേറൊരു അഭ്യൂഹവും .. ഏതായാലും പ്രണയം കോപി അടിച്ചു എന്ന് ആരോപിക്കുന്ന 2000 ത്തില്‍    ഇറങ്ങിയ  ഓസ്ട്രല്യന്‍ ഡയരക്ടര്‍ ആയ    പോള്‍ കൊക്സിന്റെ 'ഇന്നസന്‍സ്' എന്ന ചിത്രം കൂടി കണ്ടതിനു ശേഷം ആക്കാം അവലോകനം എന്ന് കരുതി.
  അച്യുതന്‍ നായര്‍ (അനുപം ഖേര്‍ ) തന്റെ വിദേശത്തുള്ള മകന്റെ കുടുംബത്തിന്റെ കൂടെ കൊച്ചിയില്‍ ഒരു ഫ്ലാറ്റില്‍ താമസിക്കുന്നു.ഇപ്പോഴും നാടിനെയും കുടുംബത്തെയും മിസ്‌ ചെയ്യുന്ന സുരേഷ് (അനൂപ്‌ മേനോന്‍) തന്റെ അച്ഛനുമായി വളരെ  ഗാഡമായ ബന്ധമാണ് പുലര്‍ത്തുന്നത്. വീട്ടില്‍ പേരക്കുട്ടി മേഘ (അപൂര്‍വ്വ) കാണിക്കുന്ന  സ്നേഹത്തിന്റെ ഒരംശം പോലും ഉദ്യോഗസ്ഥയായ മരുമകള്‍ക്കില്ല...  ഒരിക്കല്‍ താമസിക്കുന്ന ഫ്ലാറ്റിലെ  ലിഫ്റ്റില്‍ കയറുന്ന അച്യുതന്‍ നായര്‍ ആകസ്മികമായി കാണുന്നത് തന്റെ മുന്‍ ഭാര്യയും മകന്റെ അമ്മയുമായ ഗ്രേസിനെ(ജയപ്രദ)  ആണ്.ആ ഷോക്കില്‍ ഹാര്‍ട്ട്‌ അറ്റാക്ക് വന്നു ബോധമറ്റു  വീഴുന്ന തന്റെ അച്ചുവിനെ ആശുപത്രിയില്‍  എത്തിക്കുന്നതും വേണ്ട സഹായം ചെയ്യുന്നതും ഗ്രേസ്   തന്നെ.ഗ്രേസ് താമസിക്കുന്നത് ഭര്‍ത്താവായ റിട്ട. പ്രോഫെസ്സര്‍ മാത്യൂസ്‌ (മോഹന്‍ ലാല്‍  ) മകളുടെ(ധന്യ മേരി വര്‍ഗീസ്‌ )കുടുംബം എന്നിവരുമായാണ്.മാത്യൂസ്‌ പക്ഷാഘാതം വന്നു ശരീരത്തിന്റെ   ഒരു ഭാഗം തളര്‍ന്ന നിലയില്‍ വീല്‍ ചെയരിന്റെയും ഗ്രേസിന്റെയും സഹായത്തോടെ മാത്രമാണ് ജീവിക്കുന്നത്.പണ്ടു പ്രണയ വിവാഹിതരായ അച്ചുവും ഗ്രേസും തമ്മില്‍ പിരിഞ്ഞു  നാല്‍പ്പതു വര്‍ഷങ്ങള്‍ക്കു  ശേഷം വീണ്ടുംകണ്ടുമുട്ടുമ്പോള്‍ അവരുടെ ജീവിതത്തിലുണ്ടാകുന്ന സ്വാരസ്യ അസ്വാരസ്യങ്ങളാണ് പ്രണയത്തിന്റെ പ്രമേയം.അച്ചുവിന്റെയും ഗ്രേസിന്റെയും പ്രണയത്തിന്റെ ആഴം ലോകത്തില്‍ മറ്റുള്ളവര്‍ക്കാര്‍ക്കും മനസ്സിലാകുന്നില്ലെങ്കിലും മാത്യു സാറിനു അതുള്‍കൊള്ളാന്‍  കഴിയുന്നു.സുരേഷിന് പോലും സ്വന്തം അച്ഛനെയും അമ്മയെയും മനസ്സിലാക്കാന്‍ കഴിയുന്നില്ല.അവസാനം തന്റെ രോഗികളായ മുന്‍ ഭര്‍ത്താവിനെയും ഇപ്പോഴത്തെ ഭര്‍ത്താവിനെയും തമ്മില്‍സുഹൃത്തുക്കളാക്കികൊണ്ട്   ഗ്രേസ് ആകസ്ന്മികമായി ലോകത്തോട്‌ വിടപറയുന്നു.
ഈ ചിത്രത്തിന്റെ പ്രമേയം ഇന്നസന്‍സ് എന്നാ ചിത്രത്തില്‍ നിന്ന് കടം കൊണ്ടതല്ലെന്നു ബ്ലെസി ഒഴിച്ച് ഈ രണ്ടു ചിത്രങ്ങളും കണ്ടവരാരും പറയില്ലെന്ന് ഉറപ്പുണ്ട്.ഇഷ്ടപ്പെട്ടവരുമായി ഏതു വയസ്സിലും സാഹചര്യത്തിലും ശാരീരികവും മാനസികവുമായ ബന്ധങ്ങള്‍ക്ക്  യാതൊരു തടസ്സവും ഇല്ലാത്ത നാട്ടിലെ കഥ മലയാളത്തിലാക്കുമ്പോള്‍   ശ്രദ്ധിക്കേണ്ട എല്ലാ കാര്യവും കണക്കിലെടുത്ത് കൊണ്ട് ആവശ്യം  വേണ്ട മലയാള വൈകാരിക മസാലകളും ചേര്‍ത്താണ് ബ്ലെസി പ്രണയം ഒരുക്കിയിരിക്കുന്നത്.
മുഖ്യ നടീ നടന്മാരെല്ലാം നല്ല അഭിനയമാണ് കാഴ്ച വെച്ചിരിക്കുന്നത്.അച്ചുവായി അനുപംഖേര്‍ തനി തറവാടിയായ മലയാളിയായി മാറിയിരിക്കുന്നു ഈ ചിത്രത്തില്‍ .ജയപ്രദ പ്രതീക്ഷിച്ച അത്ര നന്നായിട്ടില്ല. അനൂപ്‌ മേനോന്‍ സുരേഷ് എന്ന  പാത്രത്തെ പൂര്‍ണ്ണമായി ഉള്‍ക്കൊണ്ടിരിക്കുന്നു.   മോഹന്‍ലാല്‍ എന്ന നടന്റെ കയ്യില്‍ മാത്യൂസ്‌ ഭദ്രമാണ്. പക്ഷെ തിരക്കഥ മാത്യൂസിന്റെ  കഥാപാത്രത്തിന് അധികം  ആഴവും ശക്തിയും പകര്‍ന്നിട്ടില്ല.ഫ്ലാഷ് ബാക്ക് ചിത്രീകരിക്കുന്നതില്‍ ബ്ലെസി സംവിധായകന്‍ എന്ന നിലയില്‍ വളരെ അധികം പാകപ്പിഴകള്‍ വരുത്തിയിട്ടുണ്ട്.പഴയ അച്ചുവിന്റെയും(ആര്യന്‍)  ഗ്രേസിന്റെയും(നിവേദ) സ്നേഹത്തിന്റെ ആഴം എസ്ടാബ്ലിഷ് ചെയ്യാന്‍ ഒരു പഴയ ആവി തീവണ്ടി മാത്രം പോരെന്നു സംവിധായകന്‍ മനസ്സിലാകിയിട്ടില്ലെന്നു തോന്നുന്നു.ആര്യന്റെ അഭിനയം ബിലോ ആവറേജ് മാത്രമാണ്. മേഘയുടെ ബോയ്‌ ഫ്രന്റ് ആയിവരുന്ന പയ്യന്‍സ് ചിത്രത്തിന്റെ മാറ്റ്  കുറച്ചിട്ടുണ്ട്, ഗാനങ്ങളുടെ സംഗീതവും ,പശ്ചാത്തല സംഗീതവും തരക്കേടില്ല എന്ന് മാത്രമേ പറയാന്‍ കഴിയൂ.പാശ്ചാത്തല ഗീതത്തില്‍  കമലഹാസന്‍ ചിത്രമായ മന്മഥന്‍ അമ്പിലെ 'നീലവാനം... എന്ന് തുടങ്ങുന്ന ഗാനത്തിലെ "സംഗതി"കള്‍ മാന്യമായി അടിച്ചു മാറ്റിയിട്ടുണ്ട് .. പിന്നെ പഴയ രീതിയില്‍ ഒരു പാട്ട് ചെയ്യണമെങ്കില്‍ കുറെ പഴയ ഹിന്ദി പാട്ടുകളുടെ ട്യൂണ്‍ എല്ലാം  അവിയല്‍ പരുവത്തില്‍ ആക്കി നല്കിയാമതി എന്ന് ഒരു തോന്നല്‍  മാന്യമായി സംഗീത സംവിധാനം ചെയ്ത ശ്രീ എം.ജയചന്ദ്രന് ഉണ്ടെന്നു  തോന്നുന്നു.(ക്രിയാത്മകമായി ഒന്ന് വ്യത്യസ്ഥമായി  എങ്ങനെ ചെയ്യണമെന്നു എ ആര്‍ റെഹമാന്റെ  'നരുമുഗയെ..ഹലോ മിസ്ടര്‍ എതിര്‍ കക്ഷീ...എന്നീ  ഇരുവര്‍ സിനിമയിലെ ഗാനങ്ങള്‍ നോക്കി പഠിക്കാവുന്നതാണ്.)  
സതീഷ്‌ കുറുപ്പിന്റെ ക്യമാറ വളരെ നന്നായിരിക്കുന്നു..അതുപോലെ തന്നെ എഡിടിങ്ങും...പക്ഷെ പഴയകാലം ചിത്രീകരിക്കുമ്പോള്‍  രണ്ടായിരം ആണ്ടിലെ കാറും  മറ്റു വസ്തുക്കളും മുറിച്ചു മാറ്റാമായിരുന്നു..   
 ഇന്നസന്‍സ് എന്ന ചിത്രം പോലെ തന്നെ വളരെ സാധാരണ ചിത്രം മാത്രമാണ് പ്രണയവും.പിന്നെ തേജ ഭായ് & ഫാമിലി  ,ഓര്‍മ മാത്രം എന്നീ തറ പടങ്ങള്‍ ഇറങ്ങുമ്പോള്‍ മലയാളത്തിനു ആശ്വാസകരമാണ് ഈ ചിത്രം.ലാലേട്ടന്‍.... ബ്ലെസി....ഞങ്ങള്‍ പ്രേക്ഷകര്‍ ഇതിലും നല്ല ചിത്രമാണ് നിങ്ങളില്‍ നിന്ന് പ്രതീക്ഷിച്ചത് 
വാല്‍ക്കഷണം:ബ്ലെസി സര്‍ ....ഒരു ചിത്രത്തില്‍  നിന്നും ആശയം ഉള്‍ക്കൊള്ളുമ്പോള്‍ അതിനു   ഒരു ചെറിയ നന്ദി കൊടുക്കുക എന്ന ഒരു മിനിമം മാന്യതയെങ്കിലും താങ്കളെ പോലുള്ള ഒരു മഹത്തായ സംവിധായകനില്‍ നിന്നും ഞങ്ങള്‍ പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നു.

No comments:

Post a Comment