Saturday 14 April 2012

22 ഫീമെയില്‍ കോട്ടയം -നട്ടെല്ലുള്ള സിനിമ

മാസങ്ങളോളം കഴിഞ്ഞു ഞാന്‍ ഒരു മലയാള സിനിമ നിരൂപണം എഴുതിയിട്ട്...എന്റെ കൊലവിളികൊണ്ടും തെറിവിളികൊണ്ടും മലയാളസിനിമ നന്നാകാന്‍ പോകുന്നില്ലെന്ന ഒരു ഉള്‍വിളിയില്‍  ഞാന്‍ സ്വയം പിന്‍വലിയുകയായിരുന്നു.പക്ഷെ 22 ഫീമെയില്‍ കോട്ടയം എന്ന ഒരു ചിത്രമാണ് എന്നെ വീണ്ടും എഴുത്തിലേക്ക് തിരിച്ചു കൊണ്ട് വന്നത്.ഡാഡികൂള്‍ എന്നാ ചിത്രം കാണാത്തതുകൊണ്ടും സാള്‍ട്ട് ആന്‍ഡ്‌ പെപ്പെര്‍ എന്ന ചിത്രം പല പ്രാവശ്യം കണ്ടതുമാണ് എന്നെ ഈ ചിത്രം കാണാന്‍ പ്രേരിപ്പിച്ച ചേതോവികാരം.തീയേറ്റര്‍ ആകെ ഒരു യുവ മയം.നല്ലത് ........കണ്ണിനും മനസ്സിനും
ഇനി  ഞാന്‍ തുടങ്ങാം ......
അള്‍ട്ര മോഡേണ്‍ ആയ റീമ എന്ന ടെസ്സ ഒരു വലിയ വാഹനത്തിലിരുന്നു ആരോടോ ചെയ്ത കാര്യങ്ങള്‍ക്കെല്ലാം  നന്ദി പറഞ്ഞു മൊബൈലിലെ സിം ഊരി മാറ്റി വലിച്ചെറിയുന്നതാണ് ചിത്രത്തിന്‍റെ തുടക്കം.ഫ്ലാഷ് ബാക്കിലൂടെയാണ് ചിത്രം അതിന്റെ പ്രയാണം ആരംഭിക്കുന്നത്.നായികയായ നഴ്സ്‌ താമസിക്കുന്നത് വിദേശ ജോലി സ്വപ്നം കണ്ടു കഴിയുന്ന തന്‍റെ മറ്റുനഴ്സ്‌ കൂട്ടുകാരികളുമായാണ്.മലര്‍ന്നു കിടന്നു അധ്വാനിച്ചു കാശും കാര്യങ്ങളും നേടിയെടുക്കുന്ന ജിന്‍സി എന്ന ഒരു കഥാപാത്രവും ഉണ്ട് നായികയുടെ സഹമുറിയ(അതോ മുറിയിയോ?) ആയി,പക്ഷെ അവരുടെ താമസ സെറ്റപ്പ് കണ്ടാല്‍  ഇത്തിരി അതിഭാവുകത്വമുണ്ടോ എന്ന് തോന്നിപോകും..വിദേശ ജോലി സ്വപ്നം കണ്ടു നടക്കുന്ന ടെസ്സ എത്തുന്നത് സിറില്‍(ഫഹദ്‌ ഫാസില്‍) ജോലി ചെയ്യുന്ന സ്ഥാപനത്തില്‍...സിറിളിന്റെ ആത്മാര്‍ത്ഥ ശ്രമ ഫലമായി ടെസ്സക്ക് വിദേശ ജോലി തരപ്പെടുന്നു ഒപ്പം അയാള്‍ക്ക്‌ അവളുടെ മനസ്സില്‍ ഒരു കാമുക സ്ഥാനവും....ഇതിനിടക്ക് നായകനും നായികയും ചേര്‍ന്ന് ബാറില്‍  വെള്ളമടിയ്ക്കുകയും അത് ഒരു മത്സരമായി മാറി നായിക നായകനെ തറ പറ്റിക്കുന്നതും ഏതൊരാണും അപകര്‍ഷതാബോധത്തോടെഎങ്കിലും എന്ജോയ്‌ ചെയ്യും. സിറില്‍ പ്രോപോസ് ചെയ്യോമ്പോള്‍ അന്തസ്സായി "I am not a virgin"  എന്ന് ചങ്കൂറ്റത്തോടെ  പറയുന്ന നായിക, തുളസികതിര്‍ ചൂടി എന്തിനും കാലിന്റെ  പെരുവിരല്‍ കൊണ്ട് മണലില്‍ മറുപടി വൃത്തം വരയ്ക്കുന്ന മലയാളി നായികാ സങ്കല്പങ്ങളെ തകിടം മറിക്കുന്നതാണ്..നയാകന്റെ പ്രിഷ്ഠത്തെ കൊതിയോടെ നോക്കി ആസ്വദിക്കുകും അഭിപ്രായം പറയുന്ന നായികയുടെ അനിയത്തിക്കുട്ടിയും മലയാളി പ്രേക്ഷകര്‍ക്ക്‌ അന്യം തന്നെ.അതിസമര്‍ത്ഥമായി  ടെസ്സയെ പ്രേമക്കുടുക്കിലാക്കിതന്റെ ബോസ്സ് ആയ ഹെഗ്ടെയ്ക്ക് (പ്രതാപ്‌ പോത്തന്‍ )എറിഞ്ഞു കൊടുക്കുന്ന ഒരു ക്രൂരനായ വില്ലനായാണ് സിറില്‍ ഉരുത്തിരിയുന്നത്.രണ്ടു പ്രാവശ്യം ബലാല്‍സംഗത്തിനു വിധേയയാകുന്ന നായിക പ്രേക്ഷകരുടെ എല്ലാ അനുതാപവും പിടിച്ചു പറ്റുന്നുണ്ട്.ഒരു ദാക്ഷിണ്യവുമില്ലാതെ കാമുകിയെ മയക്കു മരുന്ന് കേസ്സില്‍ കുടുക്കുകയും ചെയ്യുന്നതോടെ നായകന്‍ പരിപൂര്‍ണ്ണ വില്ലനായി രൂപാന്തരം പ്രാപിക്കുകയാണ്.ജയിലിലടക്കപെടുന്ന ടെസ്സ തന്റെ സഹ തടവുകാരിയുടെ സഹായത്തോടെ ഹെഗ്ടെ യെ വധിക്കുന്നതും കാമുകന്റെ ആറിഞ്ച് നീളുന്ന പണി ആയുധം മുറിച്ചു മാറ്റി അവനെ സമൂഹത്തിനു മുന്നില്‍ ജീവിക്കാന്‍ വിടുന്നതുമാണ് കഥാതന്തു.
കഥയും കഥാപാത്രങ്ങളും വളരെ സൂക്ഷ്മതയോടെ സൃഷ്ടിക്കപ്പെട്ടവയാണ്.നര്‍മ്മ രംഗങ്ങള്‍ക്കായി  ആരെയും കൂലിക്കെടുത്തു ഇറക്കിയിട്ടില്ല.നായകന്‍ തന്നെ നര്‍മ്മമുണ്ടാക്കുകയും അതെ സമയം വെറുക്കപ്പെട്ടവനായ വില്ലനെയും സൃഷ്ടിക്കുന്നുണ്ട്‌.ശരാശരി മലയാളിയുടെ ഹിപ്പോക്രസിക്ക് നേരെ പല്ലിളിച്ചുകാണിക്കുന്ന സംഭാഷണങ്ങളാണ് ഈ ചിത്രത്തിന് ചടുലത നല്‍കുന്നത്.ശ്യാം പുഷ്കരനും അഭിലാഷും ഈ ഉദ്യമത്തില്‍ നൂറു ശതമാനം വിജയം കൈവരിച്ചിട്ടുണ്ട്.ഈ ചലച്ചിത്രത്തിനുതകുന്ന തരത്തിലുള്ള സംഗീതം എടുത് പറയേണ്ടതാണ്‌ ."ചില്ലാണെ.. എന്ന് തുടങ്ങുന്ന മനോഹര ടൈറ്റില്‍ ഗാനം അവിയലിന്റെ ഒരു മാസ്റര്‍ പീസ്‌ തന്നെ.ഷൈജു ഖാലിദ്‌ ക്യാമറയില്‍ ഒരു മാന്ത്രികന്റെ കൈയ്യടക്കം കാണിച്ചിരിക്കുന്നു.എഡിടിങ്ങും മനോഹരം.ഈ ചിത്രത്തിന്‍റെ താരനിര്‍ണ്ണയത്തില്‍ ആഷിക് അബു കാണിച്ചിട്ടുള്ള സൂക്ഷ്മത മലയാളത്തിലെ പ്രമുഖ താര ബ്രാണ്ടുകളുടെ അടുക്കള വാതിലില്‍ കൂപ്പുകൈയ്യോടെ ഡേറ്റിനു വേണ്ടി ഇരന്നു നില്‍ക്കുന്ന സംവിധായകര്‍ക്കൊരു ഉള്‍ക്കാഴ്ച  കൊടുത്തേക്കും.തിരക്കഥാകൃത്തും സംവിധായകനുമാണ് രാജാക്കന്മാര്‍ അവര്‍ സൃഷ്ടിക്കുന്ന കഥാപാത്രങ്ങള്‍ ആണ് സിനിമയെ നില നിര്‍ത്തേണ്ടത്  അല്ലാതെ അവരുടെ ദയകൊണ്ട് സൃഷ്ടിക്കപ്പെടുന്ന താര രാജാക്കന്‍ മാരല്ല.ടി ജി രവി, സത്താര്‍ തുടങ്ങിയ പഴയകാല വില്ലന്മാര്‍ എത്രമാനോഹരമായാണ് അവരുടെ റോളുകള്‍ ഈ ചിത്രത്തില്‍ കൈകാര്യം ചെയ്തിരിക്കുന്നത്..ബലാല്‍സംഗം ചെയ്യുന്ന ഹെഗ്ടെ എന്ന വില്ലനെക്കാളും പ്രേക്ഷകന്‍ വെറുക്കുന്നത് സിറില്‍ എന്ന നായക വില്ലനെയാണ്.
സാള്‍ട്ട്‌ ആന്‍ഡ്‌ പെപ്പെര്‍ എന്ന ഒരു ലളിതമായ തന്തുവില്‍ ഉരുത്തിരിഞ്ഞ ചിത്രമല്ലിത്.സംവിധായകന്‍ വളരെ ഗഹനമായ ഒരു വിഷയമാണ്‌ ഈ ചിത്രത്തില്‍ കൈകാര്യം ചെയ്യുന്നത്.സ്ത്രീയുടെ മനസ്സ് കടലാസുപോലെ കീറിയെറിയാനുള്ളതല്ലെന്നും കാമുകന്റെ കൂടെ കിടന്നു രതിസുഖം അനുഭവിച്ചു എന്നുള്ളതുകൊണ്ട് അവളെ വേശ്യയായി മുദ്ര കുത്തി ആര്‍ക്കു വേണമെങ്കിലും ഉപയോഗ്യമായ ഒരു പൊതു സ്ഥാപനമായി മാറ്റെണ്ടതല്ല ഒരു സ്‌ത്രീ ശരീരം എന്ന്  ഈ ചിത്രത്തിലൂടെ സംവിധായകന്‍ വിളിച്ചു പറയുന്നുണ്ട്‌.
സ്ത്രീയുടെ മനസ്സും ശരീരവും ലൈംഗികതയും  വളരെ സ്നേഹത്തോടെ മാത്രം നേടിയെടുക്കെണ്ടതാണെന്നും അത് തട്ടിപ്പറിച്ചെ ടുക്കുന്നവന്റെ ആണത്തം മുറിച്ചു പട്ടിക്കിട്ടുകൊടുക്കാന്‍ പോലും ആധുനിക വനിതകള്‍ മടിക്കില്ലെന്നുമുള്ള അതീവാ ജാഗ്രതാ സന്ദേശമാണ് ഈ ചിത്രം നല്‍കുന്നത്.
ബസ്സിലും മറ്റു പൊതു സ്ഥലങ്ങളിലും  പോലും സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്യാനൊരുങ്ങുന്ന കാമകോമരങ്ങളെ പോലും ഒന്ന്ചിന്തിക്കാന്‍ 22 ഫീമെയില്‍ കോട്ടയം പ്രേരിപ്പിക്കുമെന്നുതീര്‍ച്ച...
നട്ടെല്ലുള്ള  സംവിധായകന്‍റെ നട്ടെല്ലുള്ള ചിത്രം..അതിലെ നായികയെ പോലെ.....



No comments:

Post a Comment