Saturday 5 May 2012

ഡയമണ്ട് നെക്ലസ് -മനോഹരം

ലാല്‍ ജോസ് എന്ന പ്രതിഭാധനനായ ഒരു ഡയരക്ടറുടെ പേരോന്നുമതി  പ്രേക്ഷകരെ തിയറ്ററിനുള്ളിലേക്ക് ആവാഹിച്ചെടുക്കാന്‍, പക്ഷെ ആ പേര് മാത്രം പോരാ പ്രേക്ഷകരെ  രണ്ടര മണിക്കൂറോളം തിയറ്ററിനുള്ളില്‍ പിടിച്ചിരുത്താന്‍..ലാല്‍ ജോസ് ഇതില്‍ രണ്ടിലും വിജയിച്ചിരിക്കുന്നോ എന്ന് നമുക്ക് നോക്കാം.
ചിത്രത്തിന്‍റെ ടൈറ്റില്‍ കേട്ടാല്‍ നമുക്ക് തോന്നുന്നത് ഇതു വല്ല സസ്പെന്‍സ് ത്രില്ലര്‍ ആയിരിക്കുമെന്നാണ് പക്ഷെ  ചിത്രം നമ്മുടെ കണക്കുകൂട്ടലുകള്‍ എല്ലാം തെറ്റിച്ചിരിക്കുന്നു.

 അരുണ്‍ (ഫഹദ്‌ ഫാസില്‍) ദുബായില്‍  ഒരു വലിയ ഹോസ്പിറ്റലില്‍ കാന്‍സര്‍ വിഭാഗത്തില്‍ ജോലി ചെയ്യുന്ന ധൂര്‍ത്തനായ ഒരു ഡോക്ടര്‍ ആണ്.ആളു പഞ്ചാരകുട്ടനും കടം മേടിച്ചായാലും അടിച്ചു പൊളിച്ചാണു ജീവിക്കെണ്ടതെന്നു  വിശ്വസിക്കുന്ന ആളുമാണ്.അയ്യാളുടെ ജീവിതത്തിലേക്ക് കടന്നുവരുന്ന മൂന്നു പെണ്ണുങ്ങള്‍..അയാളുടെ ജീവിതം എങ്ങനെ മാറ്റി മറിക്കുന്നു എന്നതാണ് കഥാ സാരം.ആദ്യമായി കടന്നു വരുന്ന സ്ത്രീ അയാളുടെ ഹോസ്പിറ്റലില്‍ നഴ്സ്ആയി ജോലിക്ക് ചേരുന്ന ലക്ഷ്മി (ഗൌതമി നായര്‍ ) എന്ന തമിള്‍ പെണ്‍കൊടി ആണ്.നിഷ്കളങ്കയായ അവളെ ചതി ക്കണമെന്നില്ലെങ്കിലും സാഹചര്യങ്ങള്‍ തീര്‍ത്ത കെണിയില്‍ പെട്ട് നായകന് നാട്ടിലെ ഒരു മന്തിക്കാളിയായ(അനുശ്രീ) ഒരു പെണ്ണിനെ കല്യാണം കഴിക്കേണ്ടി വരുന്നു.ഭാര്യയെ നാട്ടിലാക്കി മടങ്ങുന്ന നായകന് ദുബായില്‍ കിടപ്പാടം പോലും ഇല്ലാതാകുമ്പോള്‍ അവനു അദ്യം താങ്ങാകുന്നത് വര്‍ക്ക്‌ ഷോപ്പ് പണിക്കാരനായ വേണുവേട്ടനും സഹമുറിയന്മാരുമാണ്.ഇതിനിടെ നായകന്‍ ഡോക്ടര്‍ അക്ക (രോഹിണി) എന്ന് എല്ലാവരും വിളിക്കുന്ന സഹപ്രവര്‍ത്തകയുടെ ഒരു കസിനായ മായ (സംവ്രത സുനില്‍) എന്ന കാന്‍സര്‍ രോഗിയുടെ താങ്ങും തണലും ആയി മാറി അവളുടെ കൂടെ താമസമുറപ്പിക്കുകയാണ്.അപ്പോഴേക്കും നാട്ടില്‍ നിന്നും ഭാര്യയെ കൂടെ കൊണ്ടുവരേണ്ട സാഹചര്യവും ഉടലെടുക്കുന്നു.ഈ മൂന്നു സ്ത്രീകളും തലവരെ മുങ്ങി നില്‍ക്കുന്ന കട ബാധ്യതകളും എങ്ങനെ നായകനെ വീര്‍പ്പുമുട്ടിക്കുന്നുവെന്നും അതില്‍ മായയുടെ രത്ന മാല എന്ത് റോള്‍ വഹിക്കുന്നുവെന്നുമാണ് സംവിധായകന്‍ പറയാന്‍ ശ്രമിച്ചിട്ടുള്ളത്.വളരെ റിസ്കി ആയ കഥാതന്തുവും കഥാപാത്രങ്ങളും.....ഇതിലാണ് സംവിധായകന്‍ എന്ന നിലയില്‍ ലാല്‍ ജോസ് പരിപൂര്‍ണ്ണമായും വിജയിച്ചിരിക്കുന്നത്.ചിത്രത്തില്‍ അഭിനേതാക്കളെ തിരഞ്ഞെടുക്കുന്നതില്‍ ലാല്‍ ജോസ്‌ കാണിച്ചിട്ടുള്ള ചാതുര്യം പ്രത്യേക  അഭിനന്ദനം അര്‍ഹിക്കുന്നു. ഇക്ബാല്‍ കുറ്റിപ്പുറതിന്‍റെ തിരക്കഥ  വളരെ ശക്തമാണ് അതു കുറച്ചൊന്നു പാളിയിരുന്നെങ്കില്‍ പ്രേക്ഷകര്‍ കൂക്ക് വിളികളോടെ തീയേറ്റര്‍ വിട്ടേനെ...ഇക്ബാലിന്‍റെ സ്ത്രീ കഥാ പാത്രങ്ങളെല്ലാം അവരുടെതായ ശക്തിയും സാന്നിധ്യവും ചിത്രത്തില്‍ ഉടനീളം നിലനിര്‍ത്തിയിട്ടുണ്ട്.ക്ലൈമാക്സ് അതി ഗംഭീരം. സമീര്‍ താഹിറിന്‍റെ ക്യാമറയും രഞ്ജന്‍ എബ്രഹാമിന്‍റെ എഡിടിങ്ങും നന്നായിരിക്കുന്നു.നിലാമലരെ  എന്ന ഗാനമൊഴികെ വിദ്യാസാഗറിന്‍റെ ഗാനങ്ങളൊന്നും മനസ്സില്‍ തങ്ങി നില്‍ക്കുന്നില്ല.
ഫഹദ്‌ ഫാസിലിലെ നടന്‍ ഒരോ ചിത്രങ്ങള്‍ പിന്നിടുമ്പോഴും റിഫൈന്‍ഡായി വരുന്നതായി കാണാം .ഫഹദ്‌ ആണെന്ന് തോന്നുന്നു മലയാളസിനിമയില്‍ വിവാഹപൂര്‍വ ലൈംഗികതക്ക് ലൈസന്‍സ് ഉള്ള ഏക നടന്‍.ഇത്രയേറെ സ്ത്രീകഥാപാത്രങ്ങളുണ്ടായിട്ടും ഇതു ഒരുഫെമിനിസ്റ്റ്‌ സിനിമയെ അല്ല..ഇതില്‍ വില്ലനില്ല, സംഘട്ടനങ്ങളില്ല..ഉള്ളത് ആത്മ സംഘര്‍ഷങ്ങള്‍ മാത്രം.അടുത്ത കാലത്തിറങ്ങിയ  മിക്ക  ചിത്രങ്ങളും സൂചിപ്പിക്കുന്നത് മലയാള സിനിമയുടെ പ്രയാണം ഒരു നല്ല ദിശയിലേക്കാണു ള്ളതെന്നാണ് ...ഇതിനിടയില്‍ തലപൊക്കുന്ന 'മായമോഹിനി'യെയും  'കിംഗ്‌ ആന്‍ഡ്‌ കമ്മീഷണ'റേയും തലക്കടിച്ചു  ഇരുത്തെണ്ടത്  നമ്മള്‍ പ്രേക്ഷകരുടെ കടമയാണ്.എനിക്കുറപ്പുണ്ട് ഈ ചിത്രം കണ്ടു പുറത്തെക്കിറങ്ങുന്നവന്‍ മനസ്സ് നിറഞ്ഞാണിറങ്ങുക എന്ന്.സ്പാനിഷ് മസാല എന്ന പാപം  ഡയമണ്ട് നെക്ലസിലൂടെ ശ്രീ ലാല്‍ ജോസ്‌ കഴുകി കളഞ്ഞിരിക്കുന്നു, പക്ഷെ ജോസ്‌ അലുക്കാസിനെ കൊണ്ട് ചിത്രത്തിലൂടെ അറ്റ്‌ലസ് രാമചന്ദ്രന്‍ കളിപ്പിച്ചതിനു ലാല്‍ ജോസ്‌ പ്രേക്ഷകരോട്  മാപ്പ് പറഞ്ഞെ മതിയാക്കൂ,പ്ലീസ്‌ ഇത്തരം പണികള്‍ ഞങ്ങള്‍ ഇനി സഹിക്കില്ല ...


2 comments:

  1. We love your in depth anlysis
    Mahadevan n Nisha

    ReplyDelete