Sunday, 20 May 2012

മഞ്ചാടിക്കുരു - മലയാളിക്കൊരു മാണിക്യക്കല്ല്

അഞ്ജലി മേനോന്‍ എന്ന സംവിധായികയുടെ 'കേരള കഫെ' എന്ന ചിത്രത്തിന്‍റെ ഭാഗമായ 'ഹാപ്പി ജേണി' എന്ന ഒരു ഹ്രസ്വ ചിത്രം മാത്രമേ ഞാന്‍ കണ്ടിട്ടുള്ളൂ,പക്ഷെ  ആചിത്രതിലൂടെ തന്നെ മലയാള സിനിമയ്ക്കായ് കുറെ മഞ്ചാടിമണികള്‍ സ്വരുക്കൂട്ടി വെച്ചിട്ടുണ്ടെന്ന് നമുക്കെല്ലാം ഒരു തോന്നല്‍ ഉണ്ടാക്കാന്‍ അവര്‍ക്ക് കഴിഞ്ഞിരുന്നു.വളരെ പ്രതീക്ഷയോടെയാണ് ഞാന്‍ ചിത്രത്തെ കാത്തിരുന്നത്.ഈ ചിത്രം റിലീസ്‌ ചെയ്യുന്നതിനായി കുറേ കടമ്പകള്‍ കടക്കെണ്ടിവന്നെന്നു കേട്ടിരുന്നു,പക്ഷെ മറ്റു പല പെണ്‍സംവിധായകരുടെ  പോലെ ഞാന്‍ ഒരു സ്ത്രീ സംവിധായിക ആയതോകൊണ്ടാണിങ്ങനെ സംഭവിക്കുന്നത് എന്നൊരു മുറവിളിയും അഞ്ജലി മേനോന്റെ ഭാഗത്ത് നിന്നും കേട്ടില്ല.അത് പോട്ടെ നമുക്കിനി സിനിമയിലേക്ക് കടക്കാം ...
1970കളുടെ  അവസാനത്തിലും 80 കളുടെ ആദ്യപകുതിയിലും ആണെന്ന് തോന്നുന്നു കഥയുടെ കാലഘട്ടം . ദക്ഷിണ മലബാറിലെ ഒരു നായര്‍ തറവാട്ടിലെ കാരണവരുടെ മരണവും അതില്‍ പങ്കെടുക്കുവാനുള്ള മറ്റു കുടുംബാംഗങ്ങളുടെ വരവും പിന്നീടുള്ള പതിനാറു ദിവസങ്ങളുടെയും കഥ ഒരു പന്ത്രണ്ട് വയസ്സുകാരന്റെ കണ്ണിലൂടെ കാണുകയുമാണ് പ്രേക്ഷകരിവിടെ.മൊബൈലും ടിവിയും ഒന്നുമില്ലാതെ ഹൃദയങ്ങള്‍ തമ്മില്‍ പരസ്പരം സംവദിച്ചിരുന്ന ഒരു കാലം.പ്രിത്വി രാജായ് പിന്നീട് വളര്‍ന്നു വന്ന വിക്കിയുടെ കാഴ്ച ദുബായില്‍ ജോലി  ചെയ്യുന്ന അച്ഛന്റെയും അമ്മയുടെയും കൂടെ നാട്ടിലെത്തി കാറില്‍ കയറുന്നതോടെ തുടങ്ങുന്നു.അമ്മയായ്‌ ഉര്‍വശിയും അച്ഛനായി സാഗര്‍ ഷിയാസും.അച്ഛനായ തിലകന്‍റെ മരണമറിഞ്ഞെത്തുന്ന ഉര്‍വശി,മുരളി,സിന്ധു മേനോന്‍,പ്രവീണ ബിന്ദു പണിക്കര്‍ എന്ന മക്കളും അവരുടെ കുടുംബങ്ങളും.മറ്റൊരു  മകനായ രഘു (റഹ്മാന്‍) നാട്ടില്‍ തന്നെയുള്ള ആളാണ്.അച്ഛന്‍റെ മരണത്തിന് എത്തുന്നു എന്നാണ് പുറം കാഴ്ചകള്‍ കൊണ്ട് തോന്നുന്നതെന്കിലും എല്ലാരുടെയും ഉദേശ്യം പഴയ തറവാട് വീട് എങ്ങനെ കൈക്കലാക്കാം എന്നുള്ളതാണ്.അച്ഛന്‍റെ വില്‍ പത്രം വായിക്കുന്നതിനു അമ്മ പതിനാറു ദിവസംവിലക്ക് കല്‍പ്പിക്കുന്നതോടെ അവരെല്ലാം അതുവരെ അവിടെ ഒന്നിച്ചു താമസിക്കാന്‍ നിര്‍ബന്ധിക്കപെടുകയാണ്.അസൂയയും തൊഴുത്തില്‍ കുത്തും എല്ലാം ആ കുടുംബത്തില്‍ ഉണ്ടെങ്കിലും നിഷ്കളങ്കരായ കുട്ടികള്‍ അതില്‍ ഭാഗമല്ല, ആകാന്‍ ആഗ്രഹിക്കുന്നുമില്ല.തറവാട്ടിലെ കുട്ടികള്‍ അവരുടേതായ ലോകം സൃഷ്ടിക്കുകയും അതിലേക്ക് വീട്ടില്‍ ജോലിക്ക് നില്‍ക്കുന്ന തമിഴത്തി പന്ത്രണ്ടുകാരി കുട്ടിയെക്കൂടി കടന്നുവരാനനുവദിക്കുകയുമാണ്.ഒടുവില്‍ ഓരോരുത്തരായി പിരിഞ്ഞു പോകുകയും കുട്ടികള്‍ തന്നെ രക്ഷപെടുത്തി നാട്ടിലെക്കയച്ച റോജ എന്നാ തമിഴ്‌ പെണ്‍കുട്ടി പിടിക്കപ്പെട്ടു തറവാട് വീട്ടില്‍  ഒറ്റക്ക് കഴിയുന്ന മുത്തശ്ശിയോടൊപ്പം ജീവിക്കാന്‍ വിധിക്കപ്പെടുകയുമാണ്.ഒടുവില്‍  ഗതകാല സ്മരണകളോടെ എത്തുന്ന വിക്കിയെ റോജയും മുത്തശ്ശിയും ചേര്‍ന്ന് സ്വീകരിക്കുകയുമാണ്,ഒപ്പം എല്ലാത്തിനും സാക്ഷിയായി പഴയ തറവാടും.ചെറിയ ചെറിയ സംഭവങ്ങള്‍ കോര്‍ത്തിണക്കി ഒരു വലിയ സിനിമ.ഈ അടുത്ത കാലത്തൊന്നും എന്റെ മനസ്സിനെ ഇത്ര ഉലച്ചിട്ടുള്ള  ഒരു സിനിമ ഞാന്‍ കണ്ടിട്ടില്ല.ഞാനും ഒരു പഴയ വള്ളുവനാടന്‍ നായര്‍ തറവാട്ടില്‍ നിന്ന് വന്നത് കൊണ്ടാകാം ഇതെനിക്ക് മനസ്സില്‍ തട്ടിയത് .ഉര്‍വശിയുടെ അഭിനയ പാടവത്തിനു മാറ്റു കൂട്ടുന്നത്‌ അവരുടെ പെര്‍ഫെക്റ്റ്‌ വള്ളുവനാടന്‍ സംഭാഷണം തന്നെ.വെറും കോമാളി നടന്‍ എന്ന് മുദ്രകുത്തിയിരുന്ന സാഗര്‍ ഷിയാസ്‌ വളരെ തന്മയത്വതോടെ ആണ് തന്റെ കഥാപാത്രത്തെ കൈകാര്യം ചെയ്തിരിക്കുന്നത്.അധികം സംഭാഷണങ്ങള്‍ ഇല്ലെങ്കില്‍ കൂടി തിലകന്റെ അച്ഛന്‍ കഥാപാത്രം സിനിമ നിറഞ്ഞു നില്‍ക്കുന്നു.  ഇന്നത്തെ ബാല്യത്തിന്‍റെ നഷ്ടങ്ങള്‍ എന്താണെന്നു ഈ ചിത്രം  നമുക്ക് കാട്ടിത്തരും .മനസ്സ് നിറഞ്ഞവന് പറഞ്ഞറിയിക്കാന്‍ വാക്കുകള്‍ ഉണ്ടാകില്ലെന്ന്‌ കേട്ടിട്ടുണ്ട് ,അത് പോലെ ആണ് എന്റെ അവസ്ഥ.അത്ര മനോഹരമായാണ്ചിത്രം ആദ്യന്തം ചരിക്കുന്നത്.സംവിധാനം പോലെ മനോഹരമായ ക്യാമറ,എഡിറ്റിംഗ് സംഗീതം എല്ലാം വളരെ മനോഹരം. പാശ്ചാത്തല സംഗീതവും ചിത്രത്തിന് മാറ്റ് കൂട്ടുന്നു. കുറച്ചെങ്കിലും മുഴച്ചു നില്‍ക്കുന്നത്  റഹ്മാന്റെ ഡയലോഗ്ഡെലിവറി ആണ്.ഒരു മറുനാടന്‍ മലയാളിയുടെ മലയാളമാണ് കഥാപാത്രം സംസാരിക്കുന്നത് പക്ഷെ ചിത്രത്തില്‍ അയാള്‍ പുറം ലോകം കാണാത്ത ഒരു തനി നാടന്‍. അത് സംവിധായികക്ക് ഡബ്ബിങ്ങില്‍ പരിഹരിക്കാമായിരുന്നു ഞാന്‍ അഞ്ജലി മേനോന് 100ല്‍ 99 മാര്‍ക്ക്‌ കൊടുക്കും ഒരു മാര്‍ക്ക് കുറയ്ക്കുന്നത് സംഭാഷണത്തിലെ പാളിച്ചയിലാണ്.ഉപയോഗിച്ചിട്ടുള്ള ചിലവാക്കുകള്‍ (അപ്പൂപ്പന്‍.വഴക്ക്) തെക്കന്‍ മലബാറില്‍ തീരെ പ്രചാരത്തില്‍ ഇല്ലാത്തവയാണ്.പക്ഷെ ചിത്രത്തിലെ പല സംഭാഷണങ്ങളും ചാട്ടുളി പോലെ ഉള്ളില്‍ തറക്കുന്നതാണ്,ചിന്തിപ്പിക്കുന്നതാണ് .മഞ്ചാടിക്കുരു കുറെയേറെ അവാര്‍ഡുകള്‍ വാരിക്കൂട്ടിയാല്‍ അത്ഭുതപ്പെടെണ്ടതില്ല. അവ അര്‍ഹിക്കുന്നവ തന്നെ ആയിരിക്കും.പ്രിത്വിരാജ്‌ ,മുരളി,തിലകന്‍,ജഗതി എന്ന് തുടങ്ങുന്ന  ഇത്രയും പ്രഗല്‍ഭ അഭിനേതാക്കള്‍ ഈ ചിത്രത്തിന് വേണ്ടി പ്രവര്‍ത്തിച്ചത് പണം മാത്രം മോഹിച്ചല്ല മറിച്ചു സംവിധായികയിലുള്ള വിശ്വാസം ആണ് എന്ന് വളരെ വ്യക്തം അഞ്ജലി മേനോന്‍ അവരോടു വിശ്വാസ വഞ്ചന കാണിച്ചിട്ടില്ലെന്നത് ചിത്രം കണ്ടു കഴിയുമ്പോള്‍ അവര്‍ക്കും നമുക്കും ഒരു പോലെ മനസ്സിലാകും. മഞ്ചാടിക്കുരുവില്‍ യശശരീരനായ ശ്രീ മുരളി പ്രത്യക്ഷപ്പെട്ടപ്പോള്‍ എനിക്ക് സന്തോഷവും ആശ്ചര്യവും അടക്കാനായില്ല,എത്ര നല്ല ഒരു അഭിനേതാവിനെ ആണ് നമുക്ക് നഷപ്പെട്ടതെന്നു നാം ശരിക്കും തിരിച്ചറിയുന്നു.
എനിക്ക് ഒരു കാര്യത്തില്‍ സങ്കടം ഉണ്ട്, ഇത്രയും നല്ല ഒരു സിനിമ കാണാന്‍ അകെയുണ്ടായിരുന്നത് ഞാന്‍ അടക്കം പത്തില്‍ താഴെ പേര്‍ മാത്രം.മലയാള സിനിമയുടെ പ്രേക്ഷകന്‍റെ നിലവാരം ഈ തോതില്‍ താഴേക്ക്‌ പോകുകയാണെങ്കില്‍ മലയാള സിനിമയുടെ ഭാവി എന്താകും? നമ്മുടെ സിനിമ മായാമോഹിനിമാരുടെ കൂത്തരങ്ങാവാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കടമ തന്നെ അല്ലേ? പറയൂ സുഹൃത്തേ?

No comments:

Post a Comment