Saturday 7 July 2012

തട്ടത്തിന്‍ മറയത്ത്- മൊഞ്ചുള്ള പെണ്ണ്

മലര്‍വാടി ആര്‍ട്സ്‌ ക്ലബ്ബിനു ശേഷം വിനീത്‌ ശ്രീനിവാസന്‍ തട്ടത്തിന്‍ മറയത്തുമായി വന്നപ്പോള്‍ വെറുതെ വീട്ടിലിരിക്കാന്‍  മനസ്സ് അനുവദിച്ചില്ല.മലയാളത്തില്‍ മുസ്ലീം പാശ്ചാത്തലത്തില്‍ ഒരു ചിത്രമിറങ്ങിയിട്ടു കുറെ കാലമായി എന്ന് തോന്നുന്നു.  നിവിന്‍ പോളി, ഇഷ തല്‍വാര്‍ എന്നിവര്‍ നായകനും  നായികയുമായി എത്തുന്നു. വിനോദ്(നിവിന്‍) എന്ന ഹിന്ദു നായകനും, ആയിഷ (ഇഷ)എന്ന മുസ്ലിം നായികയും തമ്മില്‍ "കണ്ടുമുട്ടുന്നത് "ഒരു വിവാഹ ചടങ്ങില്‍ വെച്ചാണ്.ആ കൂട്ടയിടിയില്‍ നായിക ആശുപത്രിയില്‍ ആകുന്നു. സുന്ദരമായ കുറ്റബോധത്തില്‍ തുടങ്ങുന്ന പ്രേമം.കമ്മ്യൂണിസ്റ്റ്‌ കാരനായ ഒരു നായര്‍ യുവാവ്‌ വീട്ടിലെ സാമ്പത്തിക സ്ഥിതിക്ക് അനുസരിച്ചുള്ളപെണ്ണിനെ അല്ല സ്നേഹിക്കുന്നതെന്ന്  കൂട്ടുകാരുടെ നിരുല്‍സാഹപ്പെടുത്തലിലും തളരാതെ അവളെ  തുരത്തി തുരത്തി പ്രേമിക്കുന്നതും അത് ശുഭപര്യവസായി ആയി അവസാനിക്കുന്നതുമാണ് ഇതിവൃത്തം.കൊച്ചു കൊച്ചു സംഭവങ്ങള്‍ ഇഴ ചേര്‍ത്ത് ഒട്ടും മുഷിയാതെ ചിത്രമൊരുക്കിയിരിക്കുകയാണ് സംവിധായകന്‍ വിനീത് ശ്രീനിവാസന്‍.നായകന്‍റെ എല്ലാ പ്രവര്‍ത്തികള്‍ക്കും കൂട്ടായി നില്‍ക്കുന്നത് എല്ലാ സിനിമയിലും കാണുന്ന പോലെ കുറെ നല്ല സുഹൃത്തുക്കള്‍. അതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് അബ്ദു(അജു) പിന്നെ മനോജ്(പുതു മുഖം) എന്നിവരാണ്.ഇവരെ കേന്ദ്രീകരിച്ചാണ് ചിത്രം നീങ്ങുന്നത്. മനോജ്‌ കെ ജയന്‍ അവതരിപ്പിക്കുന്ന പ്രേം കുമാര്‍ എന്ന ഇന്‍സ്പെക്ടര്‍ കഥാപാത്രം അദ്ദേഹത്തിന്‍റെ സിനിമ കരിയറിലെ അമൂല്യമായ ഒന്നാണ്.ഈ സിനിമയില്‍ മികച്ച സ്കോറിംഗ് പ്രേംകുമാറിന് തന്നെ കാരണം ഒന്നുകില്‍ പോലീസുകരെല്ലാം പിടിപ്പുകെട്ടവരോ അഴിമിതിക്കാരോ ആണ് അല്ലെങ്കില്‍ വീര പുരുഷന്മാര്‍, പക്ഷെ ഇതില്‍ പോലീസുകാരെ പച്ച മനുഷ്യരായാണ് കാണിച്ചിട്ടുള്ളത്.ഭഗത് തന്‍റെ 'ഹംസ' വേഷം മികച്ചതാക്കിയിട്ടുണ്ട്. ഇതിനിടയില്‍ ശ്രീനിവാസന്‍ ,രാമു തുടങ്ങിയവര്‍ അഭിനയിക്കുന്ന കുറച്ചു കാരണവര്‍ കഥാ പാത്രങ്ങളും.,കഥ വളരെ സാധാരണം.പക്ഷെ പറഞ്ഞ രീതി വളരെ മനോഹരമാണ്.അതിഭാവുകത്വമുള്ള സംഭാഷണങ്ങളോ, നായകന് ക്ലൈമാക്സില്‍ അടിച്ചു പരത്താന്‍ പാകമുള്ള ആറു മസിലന്‍ വില്ലനോ ഇല്ല. നെവിന്‍ പോളി ഭാവിയിലെ ഏറ്റവും നല്ല വാഗ്ദാനം ആണ്.പക്ഷെ അഭിനയം വെച്ച് നോക്കുമ്പോള്‍ ആയിഷ വെറും ഒരു സുന്ദരി പാവ മാത്രമാണ്.ആജുവിന്‍റെ അബ്ദു വളരെ ഗംഭീരമാണ്,ലളിതവും സരസവുമായ  സംഭാഷണങ്ങള്‍ കൊണ്ട് അബ്ദു വളരെ വേഗം പ്രേക്ഷകരെ കയ്യിലെടുക്കുന്നു.തലശ്ശേരി എന്ന ഒരു സാധാരണ ഭൂപ്രദേശത്തെ വളരെ മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു.ചിത്രത്തിന്‍റെ ഓരോ ഫ്രേമും മനോഹരമാക്കിയത്  ചായാഗ്രാഹകന്‍ ജോമോന്‍ ടി ജോണ്‍ തന്നെ.എഡിടിങ്ങും കൊള്ളാം,ഒന്നും കുറ്റം പറയാനില്ല.സംഗീത സംവിധാനം നിര്‍വഹിച്ച ഷാന്‍ റഹ്മാന്‍ പാട്ടുകളെല്ലാം നന്നാക്കിയിട്ടുണ്ട് എന്നാല്‍ പാശ്ചാത്തല സംഗീതം ഒന്ന് കൂടി നന്നാക്കാമായിരുന്നു.പാശ്ചാത്തല സംഗീതം ഒപ്പിചിരിക്കുന്നത് താജുദ്ദീന്‍ വടകരയുടെ ഫാത്തിമയും ,മറ്റു പല പഴയ പാട്ടുകളുടെയും ട്യൂണുകള്‍ വായിച്ചാണ്.
വളരെ നല്ല ഒരു വിനോദ ചിത്രമാണ് ഈചിത്രം.പക്ഷെ കഥ പറയുന്ന കൂട്ടത്തില്‍ ചില കഥാപാത്രങ്ങള്‍ക്ക് വ്യക്തത നല്‍കാന്‍ സംവിധായകന്‍ മറന്നിട്ടുണ്ട് ,ഉദാഹരണത്തിന് നായകന്‍റെ അമ്മ, അച്ഛന്‍, സഹോദരി തുടങ്ങിയവര്‍ക്ക്.
എന്നാലും മനോഹരമായ പ്രതിപാദന രീതികൊണ്ട് അത് മുഴുവന്‍ സഹിക്കാനും മറക്കാനും നമ്മള്‍ പ്രേക്ഷകര്‍ക്ക്‌ കഴിയുന്നു.കാരണം ഇതു പ്രേക്ഷകനെ പരീക്ഷണ വസ്തു ആക്കുന്ന സിനിമ അല്ലെ അല്ല ..
ഏതൊരു പെണ്ണും തന്റെ കല്യാണത്തിന്റെ ദിവസത്തില്‍ ഏറ്റവും മൊഞ്ചത്തി ആയിരിക്കും.അത് പോലെ തന്നെ ആണ് ഈ ചിത്രവും.നന്നായി അണിഞ്ഞോരുങ്ങിയഒരു ഹൂറി, ....അവളില്‍ നിന്ന് കണ്ണെടുക്കാന്‍ നമുക്ക് തോന്നുകയേ ഇല്ല.
തട്ടത്തിന്‍ മറയത്തു.........ഒരു മൊഞ്ചുള്ള പെണ്ണ്

No comments:

Post a Comment