Wednesday 11 July 2012

ഈച്ച - ഈറ്റ പുലി....

സാധാരണ ഞാന്‍ ഡബ്ബിംഗ് സിനിമകള്‍ കാണാറില്ല,റിവ്യൂ എഴുതാറുമില്ല.നിലവാരമില്ലാത്ത സംഭാഷണങ്ങളും മലയാളത്തില്‍ കേള്‍ക്കുമ്പോള്‍ അസഹനീയമായ പാട്ടുകളുമാണ് എന്നെ അതില്‍ നിന്നും ഒഴിച്ച് നിര്‍ത്തുന്നത്.ഇന്ന് വളരെ ആകസ്മികമായാണ് ഞാന്‍ 'ഈച്ച' കാണുവാനായി ഷെണോയ്സ് തിയ്യേറ്ററില്‍ കയറിയത്.ഒരു കുഞ്ഞു മകള്‍  തന്റെ അച്ഛനോട് കഥ പറയാനാവശ്യപ്പെടുമ്പോള്‍ അച്ഛന്‍ പറയുന്ന കഥ ആയിട്ടാണ് ഈച്ച സിനിമ ആരംഭിക്കുന്നത്.ഇതിലെ പേര് സൂചിപ്പിക്കുന്നത് പോലെ ഈച്ചയാണ് നായകനായ കേന്ദ്ര കഥാപാത്രം(നെറ്റി ചുളിയുന്നുണ്ടല്ലേ?).സുദീപ്‌ എന്ന വില്ലനെ തമോ ഗുണമുള്ള നായകനെന്നും  വിളിക്കാം. സുദീപ്‌ വളരെ പണക്കാരനും ഒന്നാം തരം സ്ത്രീലംബടനുമാണ്.ഒരിക്കല്‍ അയ്യാള്‍ ഒരു പ്രത്യക സാഹചര്യത്തില്‍ നായികയായ ബിന്ദുവിനെ (സമാന്ത) പരിചയപ്പെടുകയും അവളെ പ്രാപിക്കാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നു.ഇതിനു വിലങ്ങു തടി ആയി നില്‍ക്കുന്നത് അവളുടെ കാമുകനായ നാനി ആണ്.തന്‍റെ ആഗ്രഹ സാധ്യത്തിനായാണ് നാനിയെ സുദീപ്‌ വക വരുത്തുന്നത് ഈച്ചയായി പുനര്‍ജ്ജനിക്കുന്ന നാനി തന്‍റെ കാമുകിയെ വില്ലന്‍റെ കയ്യില്‍ നിന്നും ഓരോ തവണയും  രക്ഷപ്പെടുത്താന്‍ ശ്രമിക്കുകയും ഒടുവില്‍ അയ്യാളെ വക വരുത്തുകയും ചെയ്യുകയാണ്.കേള്‍ക്കുമ്പോള്‍ തികച്ചും ബാലിശമായ ഒരു ഇതിവൃത്തം.പക്ഷെ ഒരു സംവിധായകന്‍റെ മികവ് ഇവിടെയാണ് ദൃശ്യമാകുന്നത്.ഒരു അക്ഷരം പോലും സംസാരിക്കാതെ നായകനായ ഈച്ചക്ക്  പ്രേക്ഷകന്റെ മനസ്സിലേക്ക് ഒരു നായകനായും കാമുകനായും കയറിപ്പറ്റാനാകുക എന്നത്  അത്ര എളുപ്പമുള്ള കാര്യമേ അല്ല.കഥയില്‍ ചോദ്യമില്ല എന്നൊരു പഴമൊഴിയില്ലേ?പക്ഷെ ഈ കഥയില്‍ ലോജിക്ക്‌ ഇല്ലാത്തതായി നമുക്ക് ഒന്നും കാണാന്‍ കഴിയില്ല.പലപ്പോഴും ഞാന്‍ അറിയാതെ കൈ അടിച്ചു പോയി.ഹോളിവുഡ്‌ സിനിമകളില്‍ ഈച്ചയും പൂച്ചയും എല്ലാം കഥാ പാത്രമായി വന്നിട്ടുണ്ട്,പക്ഷെ അതിലൊന്നും കാണാത്ത പ്രത്യേകത ഈ ഈച്ച സംസാരിക്കുന്നെ ഇല്ല എന്നുള്ളതാണ്. ഭാവാഭിനയം കാഴ്ച്ചവെക്കാന്‍ കണ്ണുകള്‍ പോലും ഇല്ല ഈ പാവത്തിന്. സംവിധാനം,ക്യാമറ,എഡിറ്റിംഗ് ഗ്രാഫിക്സ് എല്ലാം ഒന്നിനൊന്നു മെച്ചം ,സംഗീതവും ചിത്രത്തിന് അഴക്‌ കൂട്ടുന്നു.
കാണേണ്ട പൂരം പറഞ്ഞറിയിക്കാന്‍ പാടില്ലല്ലോ അതുകൊണ്ട് ഈ ചിത്രം നിങ്ങള്‍ തിയ്യേറ്ററില്‍ പോയി കണ്ടില്ലെങ്കില്‍ അത് നിങ്ങള്‍ക്ക്‌ തീരാ നഷ്ടം തന്നെ ആണ്.തോക്കിനും ബോംബിനും പോലും തകര്‍ക്കാനാകാത്ത ഒരു സാധാരണ ഈച്ചയുടെ മനോധൈര്യം ഒന്ന് അനുഭവിച്ചറിയേണ്ടത് തന്നെ.
ഈ സിനിമ കണ്ടു കഴിയുമ്പോള്‍ ഒരു കാര്യം ഉറപ്പാണ്‌, നമുക്ക് ഒരു ഈച്ചയെ കണ്ടാല്‍ അവനെ കൊല്ലാന്‍ തോന്നില്ല.അവനും നമ്മളെ പോലെ  ഒരു വ്യക്തിയും കാമുകനും എല്ലാം ആയിരിക്കാം..അവനുമുണ്ടാകും പറയാന്‍ ഒരായിരം കഥകള്‍ ...
ഈച്ച-ഒരു ഗ്രാഫിക്സ് പുലി ...

1 comment: