Monday, 24 September 2012

ട്രിവാന്‍ഡ്രം ലോഡ്ജ്-ഹൈ ക്ലാസ്സ്‌ പുലയാട്ട്

ഈ ചിത്രം കാണാന്‍ ഇറങ്ങിയിട്ടു മൂന്ന് തവണ തിയേടറില്‍ പോയെങ്കിലും ഇന്നാണ് ടിക്കറ്റ് കിട്ടിയത്.വി.കെ പ്രകാശ്‌ അനൂപ്‌ മേനോന്‍ കൂട്ട്കെട്ടിന്‍റെ കഴിഞ്ഞ ചിത്രമായ ബ്യൂട്ടിഫുള്‍ വന്‍ വിജയമായിരുന്നല്ലോ.ധ്വനി എന്ന എഴുത്തുകാരി വിവാഹ മോചനം ഒരു നോവലെഴുത്തിലൂടെ ആഘോഷിക്കാന്‍ കൊച്ചിയിലേക്ക് വരികയും അതിനായി ഏറ്റവും നല്ല സങ്കേതം ട്രിവാന്‍ഡ്രം ലോഡ്ജ് ആണെന്ന തോന്നലില്‍ അവിടെ പാര്‍പ്പാക്കുകയും ചെയ്യുന്നു.അവിടത്തെ അന്തേവാസികള്‍ അബ്ദു (ജയസൂര്യ)ഷിബു വെള്ളായണി (സൈജുകുറുപ്പ്),സാഗര്‍(അരുണ്‍),പെഗ്ഗി അമ്മായി (സുകുമാരി) റിയാള്ടന്‍(ജനാര്‍ദ്ദനന്‍) ,കോര സാര്‍ (ബാല ചന്ദ്രന്‍)എന്ന് തുടങ്ങിയചിലരാണ്.കാമ ദേവനെ ആരാധനാ മൂര്‍ത്തിയായി കരുതി ജീവിക്കുന്ന ഇവരുടെ ഇടയിലേക്ക് ഒരു രതീ ദേവി വന്നാല്‍ എന്തായിരിക്കും സ്ഥിതി എന്ന് ഊഹിക്കുക.അബ്ദു ആദ്യം ഒരു മസ്സാജ് പാര്‍ലരിലെ സഹായിയും പിന്നീട് രാജീവിന്‍റെ(അനൂപ്‌ മേനോന്‍) ഡ്രൈവറായും ആണ് ചിത്രത്തില്‍ വരുന്നത്.രാജീവ്‌ വിഭാര്യനാണ്.കൂടെ ഒരു  എട്ടോ പത്തോ വയസ്സ് വരുന്ന ഒരു മകനും.ഇദ്ദേഹമാണ് ട്രിവാന്‍ഡ്രംലോഡ്ജിന്‍റെ മുതലാളി.പക്ഷെ ഇദ്ദേഹം അവിടെ വരണോ വാടക പിരിക്കണോ ഇഷ്ടപ്പെടുന്നില്ല.പകരം മുട്ടയില്‍ നിന്നും വിരിയാത്ത മകനെയും കാര്യസ്തനെയും ആണ് വിടുന്നത്.കാശ് പിരിക്കാന്‍ പോകുന്ന മകന്‍റെ മനസ്സില്‍ തന്റെ ക്ലാസ്സില്‍ തന്നെ പഠിക്കുന്ന ഒരു എട്ടു വയസ്സുകാരിയോടു പ്രണയം അങ്കുരിക്കുന്നു.(കഥയുടെ ഓവറോള്‍ തീം നോക്കുകയാണെങ്കില്‍ കാമവും ആകാം).അതിനെ സപ്പോര്‍ട്ട് ചെയ്യുന്ന അച്ഛനും.നായികയായ ധ്വനിക്കാണെങ്കില്‍ പ്രായ ഭേദമെന്യേ കാണുന്നവരോടൊക്കെ കാമം.തന്‍റെ സുഹൃത്തായ ഇത്ത(ദേവി അജിത്‌)യുടെ ഉപദേശം (എസ് എസ് എല്‍ സി  പാസാകാത്തവരുമൊത്തുള്ള വേഴ്ചക്ക് ശയന സുഖം കൂടും)ശിരസാ വഹിച്ചു പരീക്ഷണങ്ങള്‍ക്ക് മുതിരുകയാണ് നായിക.അബ്ദു, 999 എണ്ണം കഴിഞ്ഞു എന്നവകാശപ്പെടുന്ന കോര സാര്‍, ഒടുവില്‍ രാജീവ്‌ എന്നിവരെ വളയ്ക്കാന്‍ നോക്കി  പരാജയമടയുന്നു അവള്‍ .ഇതിനിടയില്‍ ട്രിവാന്‍ഡ്രം ലോഡ്ജ് പൊളിക്കാന്‍ സര്‍ക്കാര്‍ ഭാഗത്ത്‌ നിന്നും നീക്കം ഉണ്ടാകുകയും അതിന്‍റെ സങ്കീര്‍ണതകളില്‍ നിന്നും എങ്ങനെ  ട്രിവാന്‍ഡ്രം ലോഡ്ജ് രക്ഷ പ്രാപിക്കുന്നു വെന്നുമാണ് ചിത്രം പറയുന്നത്.ഇതു കഥയാക്കി മാറ്റുന്ന ധ്വനി എന്ന നായികയും.കൂടാതെ കഥയില്‍ ഒരു പാവം വേശ്യ കന്യക മേനോന്‍ (തെസ്നിഖാന്‍). നമ്മുടെ നാട്ടില്‍ ആണുങ്ങള്‍ ഏറ്റവും അധികം ഉപയോഗിക്കുന്ന "കഴപ്പ്" എന്ന വാക്കാണ് തിരക്കഥാകൃത്തായ  അനൂപ്‌ മേനോനും ഈ ചിത്രത്തിലുപയോഗിച്ചിട്ടുള്ളത്, ഈ സിനിമയിലെ  വ്യത്യാസം ഈ വാക്ക് ഇതിലെ സ്ത്രീ കഥാപാത്രങ്ങളും ഉപയോഗിക്കുന്നുണ്ട് എന്നതാണ്.ഇക്കിളി ഘടകങ്ങളിലൂടെ നീങ്ങുന്ന കഥ ആദ്യാവസാനം രസകരമായി കണ്ടു കൊണ്ടിരിക്കാവുന്നതാണ്.ഫയര്‍,ഫ്ലാഷ്  തുടങ്ങിയ അന്തിപത്രങ്ങള്‍ വായിക്കുന്ന ഒരു സുഖം ജനിപ്പിക്കുന്നതില്‍ തിരക്കഥാകൃത്തായ അനൂപ്‌ മേനോനും സംവിധായകനായ വി.കെ പ്രകാശും വിജയിച്ചിരിക്കുന്നു. ഒന്നുമില്ലായ്മയില്‍ നിന്നും എന്തൊക്കെയോ ഉണ്ടാക്കുന്നതില്‍ അവര്‍ തങ്ങളുടെ മേല്‍ക്കോയ്മ കാണിച്ചിരിക്കുന്നു.പ്രദീപ്‌ നായരുടെ ക്യാമറ വര്‍ക്ക് അതി ഗംഭീരം,എഡിടറായ മഹേഷ്‌ നാരായണനും മികവ് കാണിക്കുന്നു.പാട്ടുകള്‍ കുഴപ്പമില്ല പക്ഷെ വരികളില്‍ തീരെ പുതുമയില്ല.മലയാള സിനിമാഗാനങ്ങള്‍ ഇപ്പോള്‍ "കിനാവ്‌,നിലാവ്,തെന്നല്‍ ,മഞ്ഞു മഴ, തൂവ്വല്‍ ,പുഴ" ഇത്രയും വാക്കുകള്‍ കൊണ്ട് മാത്രം പടച്ചിറക്കുകയാണ്.കഷ്ടം തന്നെ...ബിജിബാലിന്‍റെ പാശ്ചാത്തല സംഗീതമാണ് പാടുകളെക്കാള്‍ നന്നായിരിക്കുന്നത്. എല്ലാവരുടെയും അഭിനയം വളരെ മികച്ചതാണ്.കുട്ടികള്‍ നന്നായി അഭിനയിച്ചിട്ടുണ്ടെങ്കിലും പ്രേമകല്ലെടുക്കാന്‍ പാടുപെടുന്ന തുമ്പികളായാണ് എനിക്കനുഭവപ്പെട്ടത്‌.അതിഥി താരങ്ങളായെത്തുന്ന പാട്ടുകാരന്‍ ജയചന്ദ്രന്‍,ഭാവന,നന്ദു എന്നിവര്‍ അവരുടെ ഭാഗങ്ങള്‍ നന്നായി തന്നെചെയ്തു.ദൃശ്യാവിഷ്കാരം  കൊണ്ടല്ലെങ്കിലും ശ്രവ്യ സംവേദനം കൊണ്ട് ഇതൊരു തികച്ചും ഒരു അഡള്‍ട് മൂവി ആണ്. 
ഭാര്യാ ഭര്‍ത്താക്കന്മാര്‍ പത്തു വയസ്സില്‍ താഴെയുള്ള തങ്ങളുടെ കുഞ്ഞുങ്ങളെ കിടത്തിയുറക്കി സിനിമക്ക് പോയാല്‍ അവര്‍ക്കും അവരുടെ കുഞ്ഞുങ്ങള്‍ക്കും നല്ലത്,അല്ലെങ്കില്‍ അവരുടെ കുട്ടികള്‍ നാളെ സ്കൂളില്‍ പോയി പ്രേമ ചാപല്യങ്ങള്‍ കാട്ടിയാല്‍ അവരെ കുറ്റം പറയരുത്. 
കഷ്ടപ്പെട്ട് ജയസൂര്യ  വായില്‍ കമ്പി ഇട്ടഭിനയിചിട്ടുള്ളത് ആ ചിത്രത്തിലെ ഒറ്റ ഒരു ഡയലോഗിനു വേണ്ടി ആണെന്നത് ആ ചിത്രം കണ്ടു കഴിയുമ്പോള്‍ മനസ്സിലാകും.എന്തായാലും ചിത്രം എനിക്ക് നന്നേ രസിച്ചു.
കൃത്യമായി പറഞ്ഞാല്‍ -ട്രിവാന്‍ഡ്രം ലോഡ്ജ്- ഒരു ഹൈ ക്ലാസ്സ്‌ പുലയാട്ട്
Sunday, 23 September 2012

മോളി ആന്‍റി റോക്ക്സ് - നേരംപോക്ക്

ട്രിവാന്‍ഡ്രം ലോഡ്ജ് കാണണം എന്ന ഉദേശ്യം വെച്ചാണ്‌  പത്മ തിയെടറില്‍ കയറിയത് പക്ഷെ ഞാന്‍ ചെന്നപ്പോഴേക്കും ലോഡ്ജ് ഫുള്ളായി.എന്നാല്‍ പിന്നെ സ്ക്രീന്‍ രണ്ടിലെ മോളി ആന്‍റിയെ കാണാം എന്ന് കരുതി.തിയ്യേറ്റര്‍ ചെറുതാണ്.അത് കൊണ്ട് തന്നെ ഒരു വിധം നിറഞ്ഞിരിക്കുന്നു.എന്നെ പോലെ ചിലപ്പോള്‍ മുന്‍പറഞ്ഞ ചിത്രത്തിന് ടികറ്റ്‌ കിട്ടാതെ കയറിയതുമാകം.പാസ്സഞ്ചര്‍,അര്‍ജുനന്‍ സാക്ഷി എന്നെ ചിത്രങ്ങള്‍ക്ക് ശേഷം രഞ്ജിത്ത് ശങ്കറിന്‍റെ മൂന്നാം ചിത്രം.ഇപ്പൊ ഇറങ്ങുന്ന എല്ലാ മലയാള ചിത്രങ്ങളുടെയും റൈറ്റില്‍ സ്റ്റൈല്‍ ഒരേ പോലെ ആയിരിക്കുന്നു,ആനിമേഷന്‍ കൂടുതലായും ഉപയോഗിക്കുന്നത് ഒരു തരം ഫാഷനായി മാറിക്കഴിഞ്ഞു.
ഈ ചിത്രത്തില്‍ നായകനുണ്ടോ എന്ന് സംശയമാണ്.രേവതിയുടെ മോളി ആന്‍റിയാണ് ഇതിലെ നായകനും നായികയും എല്ലാം.
അമേരിക്കയില്‍ സുഖമായി കഴിയുകയായിരുന്ന മോളിയാന്‍റി ഭര്‍ത്താവിനെയും മക്കളേയും അവിടെ വിട്ടു താന്‍ പണ്ട് ജോലി ചെയ്തിരുന്ന നാട്ടിലെ ബാങ്കില്‍ തിരിച്ചു ജോലിക്ക് വന്നിരിക്കുകയാണ്.തന്‍റെ ഭര്‍ത്താവിന്‍റെ പേരിലുള്ള കുറച്ചു ഭൂമി  കച്ചവടമാക്കി  ആ കാശും പിന്നെ റിടയര്‍മെന്‍റ് ബെനിഫിടും കൂടി അമേരിക്കയിലെക്ക് പോകാനാണ് ഉദ്ദേശ്യം.അത് അമ്മായിയമ്മ(കെ പി എ സി ലളിത)ക്കും ആന്‍റിയുടെ ഭര്‍ത്താവായ ബെന്നിയുടെ ബന്ധുക്കള്‍ക്കും ഇഷ്‌ടമല്ല.മോളിയാന്‍റിക്ക് വളരെ കുറച്ചു കൂട്ടുകാരെ ഉള്ളൂ,അതില്‍ പ്രധാനം ഡോക്ടര്‍ രവിയും(കൃഷ്ണകുമാര്‍) ഭാര്യ(ശ്രീ ലക്ഷ്മി)യുമാണ്.ഇവര്‍ക്ക് ഒരു മകനുമുണ്ട്.കുറെ കഷ്ടപ്പെട്ട് മോളിയാന്‍റി സ്ഥലം വിറ്റു കഴിഞ്ഞപ്പോ ഇതാ വരുന്നു ഇന്‍കംടാക്സ് ഡിപാര്‍ട്ട്‌മെന്റിനെ ഇണ്ടാസ്(നോട്ടീസ്). ഉടന്‍ അടക്കണം ഒരു മുപ്പതിനായിരം.അതെ കുറിച്ചന്വേഷിക്കാന്‍ ചെന്ന മോളിയാന്‍റിയോട്ഒരു ഉദ്യോഗസ്ഥന്‍ കൈക്കൂലി ചോദിക്കുന്നു,ഇതേ കുറിച്ച് പരാതിപെട്ട മോളിയാന്‍റിക്ക് വരുന്നത് പത്തു ലക്ഷത്തിന്‍റെ മറ്റൊരു നോട്ടീസ്. അതയക്കുന്നതോ പ്രിഥ്വിരാജ് അവതരിപ്പിക്കുന്ന പ്രണവ്‌ റോയ്‌  എന്ന ഇന്‍കംടാക്സ് കമ്മീഷണര്‍.പല രീതിയിലും ശ്രമിച്ചിട്ടും പ്രണവ്‌ വഴങ്ങുന്നില്ല മാത്രമല്ല ശത്രുത കൂടിക്കൂടി വരികയും ചെയ്യുന്നു.ഒടുവില്‍ മോളിയെ സഹായിക്കാന്‍ ഭര്‍ത്താവായ ബെന്നി(ലാലു അലക്സ്‌) അമേരിക്കയില്‍ നിന്നും തന്‍റെ ഓമന പട്ടികളുമായി ലാന്‍ഡ്‌ ചെയ്യുന്നു.അവര്‍ ഒന്നിച്ചു ചേര്‍ന്ന് ഒരു സലിം വക്കീലിനെ (മാമുക്കോയ)ഏര്‍പ്പാടാക്കി തന്ത്ര പരമായി പ്രണവ്‌ റോയിയെ തോല്പിക്കുന്നതാണ്(തോറ്റുകൊടുക്കുന്നതെന്ന് പറയാം) കഥാ സാരം.നല്ല ഒരു കഥയാണിത്,ചിത്രത്തിന്റെ പേര് കേള്‍ക്കുമ്പോള്‍ മോളിയാന്‍റി മല മറിക്കും പാറ പൊട്ടിയ്ക്കും എന്നൊക്കെ തോന്നും,പക്ഷെ ഒറ്റയ്ക്ക് കാറോടിക്കലും ഒരു വട്ടം മതില്‍ ചാടിക്കടക്കുന്നതും അല്ലാതെ റോക്ക് ചെയ്യുന്ന ഒന്നും സിനിമയിലില്ല.വളരെ ഗഹനമായതും ദുഷ്കരമായതും  ആയ ഒരു സബ്ജക്റ്റ്‌ കൈകാര്യം ചെയ്യുന്നതില്‍ വന്ന സംവിധായകന്‍റെ പാളിച്ച ചിത്രത്തില്‍ വളരെ വ്യക്തമാണ്.എഡിറ്റിംഗ് കുഴപ്പമില്ല.ആനന്ദ്‌ മധുസൂദനന്‍റെ സംഗീതത്തിനു തീരെ നിലവാരമില്ല,പ്രത്യേകിച്ച് പശ്ചാത്തല സംഗീതം.സംവിധായകന്‍ ക്രിപ്റ്റ്‌ പണി വല്ലവരെയും ഏല്‍പ്പിചിരുന്നെങ്കില്‍ ചിത്രം മനോഹരമായേനെ. ശരത് അവതരിപ്പിക്കുന്ന കൊച്ചച്ചന് തീരെ പ്രസക്തി ഇല്ലാതെ പോയി.മാമുക്കോയ കഷ്ടപ്പെട്ടാണെന്കിലും  തന്റെ വേഷം തൃപ്തികരമായി ചെയ്തു.രേവതി ഒരാള്‍ മാത്രമാണ് മോളിയാന്‍റിയെ ഇത്ര സേഫ് ആക്കിയത്.ചിത്രം അവസാനിക്കുമ്പോള്‍  നമുക്ക് മോളിയാന്‍റിയോട് പ്രത്യേക സ്നേഹമോ ബഹുമാനമോ തോന്നുന്നില്ല.അത് തന്നെ ആണ് ഈ ചിത്രത്തിന്‍റെ പരാജയം.ഇപ്പോഴത്തെ പല ചിത്രങ്ങളുടെയും നിലവാരം വെച്ച് നോക്കുമ്പോള്‍ ഈ ചിത്രം കണ്ടിരിക്കാവുന്ന ഒരു ക്ലീന്‍ ചിത്രം തന്നെ ആണ്. 
ചിത്രത്തിന്റെ  സബ്ജക്റ്റ്‌ വെച്ച് നോക്കിയാല്‍ ഒരു രണ്ടാം ഭാഗത്തിന് സ്കോപ് ഉണ്ട്, രഞ്ജിത്ത് ശങ്കറിന് മറ്റൊരവസരവും......


Monday, 10 September 2012

ഒഴിമുറി -മലയാള സിനിമക്കൊരു മുറിവെണ്ണ

കോരിച്ചൊരിയുന്ന മഴയെ അവഗണിച്ചാണ്‌ ഞാന്‍ ഒഴിമുറി കാണാന്‍ ഇറങ്ങിയത്.ചെറിയ തിയ്യേറ്ററില്‍ തൊണ്ണൂറു ശതമാനം ആളുകളുണ്ട്.നല്ലത്.... തന്നെ
ഇനി കഥയിലേക്ക് വരാം.പണ്ട് കേരളത്തിന്‍റെതായിരുന്നതും ഇപ്പോള്‍ തമിഴ്നാടിന്‍റെ ഭാഗവുമായിത്തീര്‍ന്ന കന്യാകുമാരി ജില്ലയിലെ ഒരു ഗ്രാമത്തിലുള്ള  നായര്‍ തറവാടിന്റെ കഥയാണ് ചിത്രത്തില്‍ പ്രതിപാദിക്കുന്നത്.
ശ്രീ ലാല്‍ ആണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാ പാത്രം... അവതരിപ്പിക്കുനത് താണുപിള്ളയെ,അയാളുടെ ഭാര്യയായ മീനാക്ഷി(മല്ലിക) വിവാഹ മോചനത്തിനായി കോടതിയിലെത്തുന്നതോടെ ആണ് കഥ തുടങ്ങുന്നത്.അമ്മയുടെ കൂടെ മകനായ ശിവന്‍ പിള്ളയും (ആസിഫ്‌ അലി) . ആദ്യം മകന്റെ കണ്ണിലൂടെ താണു പിള്ളയുടെ ക്രൂരനായ അച്ഛന്റെ മുഖമാണ് പുറത്തേക്കു വരുന്നത്.സ്വന്തം ഭാര്യയേയും മകനെയും മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്ന ഒരുവന്‍. മീനാക്ഷിയുടെ അഭിഭാഷകനായ അരുമനായകത്തിന്‍റെ(പുതു മുഖ നടന്‍ പി.ആര്‍.പ്രസാദ്‌) ജൂനിയര്‍ ആണ് ഭാവന.വാര്‍ദ്ധക്യ കാലത്ത് വിവാഹ മോചനത്തിന് ഒരുങ്ങുന്ന ദമ്പതികളെ അതില്‍ നിന്നും പിന്തിരിക്കാന്‍ ശ്രമിക്കുന്നതിലൂടെ ഭാവന അവരുടെ മകനുമായി പ്രണയത്തിലാകുന്നു.പക്ഷെ അത് ഒരു സൈഡ് ട്രാക്ക്‌ മാത്രമാണ്.ഇതിലെ പ്രധാന പ്രതിപാദ്യ വിഷയം നായര്‍ തറവാടുകളില്‍ നിലനിന്നിരുന്ന മരുമക്കത്തായവും പിന്നീട് നിലവില്‍ വന്ന മക്കത്തായ സമ്പ്രദായവും തമ്മിലുള്ള സംഘര്‍ഷമാണ്.മരുമക്കത്തായ രീതിയില്‍ അമ്മയുടെ അഴിഞ്ഞാട്ടം കണ്ടു വളര്‍ന്ന താണു പിള്ളക്ക്ഭാര്യയെ നിലക്ക് നിര്‍ത്തിയില്ലെങ്കില്‍ അവളും തന്‍റെ അമ്മയെ(ശ്വേത മേനോന്‍) പോലെ ഭര്‍ത്താവിനെ ഉടുത്തു മാറാനുള്ള ഒരു വസ്ത്രംപോലെ കണക്കാക്കുമെന്നു ഭയക്കുന്നു. സാധാരണ സിനിമയില്‍ കാണുന്നപോലെ ഒരു ബന്ധമല്ല ഇതില്‍ താണ് പിള്ളയും അമ്മയുമായുള്ളത്, അത് പോലെതന്നെ താണുപിള്ളയുടെ ഭാര്യയും അവരുടെ അമ്മായി അമ്മയുമായുള്ളതും. മനസ്സില്‍ സ്നേഹം സൂക്ഷിക്കുന്ന മനുഷ്യന്‍ ഭാര്യയെ ഒരു അടിമയായി കൈപ്പിടിയിലൊതുക്കുമ്പോള്‍ അതില്‍ നിന്നും കുതറി പുറത്തേക്കു വന്നു ബന്ധങ്ങളുടെ കെട്ടുപാടുകള്‍ പൊട്ടിച്ചെറിഞ്ഞു വീണ്ടും  ഭര്‍ത്താവിനോടൊപ്പം കഴിയുന്ന ഒരു ഭാര്യയും മലയാളത്തിന് അന്യം തന്നെ. ലാലിന്‍റെ സിനിമ ജീവിതത്തിലെ ഏറ്റവും മികച്ച വേഷമാണ് ഈ ചിത്രത്തിലെ താണുപിള്ള.ഇതില്‍ വരുന്ന കൊച്ചു കൊച്ചു കഥാപാത്രങ്ങള്‍ പോലും വളരെ മനോഹരമായാണ് ചിത്രത്തെ മുന്നോട്ടു കൊണ്ട് പോകുന്നത്.കുറെയേറെ രംഗങ്ങള്‍ ചിരിയുണര്‍ത്തുന്നുണ്ടെങ്കിലും അവയൊന്നും ഒരു കൊമാളിക്കളിയല്ല,കൃത്രിമത്വവുമില്ല. എണ്ണമറ്റ ആശ്രിത വേഷങ്ങള്‍ ചെയ്ത നന്ദുവിന്‍റെ വ്യത്യസ്ഥമായ മുഖം നമുക്കീ ചിത്രത്തില്‍ കാണാം.അതെ പോലെ തന്നെ മലയാള സിനിമയില്‍ ഇന്നെവരെ കാണാത്ത രസികനായ ഒരു ജഡ്ജിയെയും.ജയമോഹന്റെ തിരക്കഥയാണ് ഈ ചിത്രത്തിന്‍റെ ശരിയായ പിന്‍ബലം.ലാലിന്‍റെ മേക്ക്‌ അപ്പ്‌ വളരെ നന്നായിട്ടുണ്ട് പക്ഷെ ശ്വേത മേനോന്‍റെത് അത്ര മേന്മ പുലര്‍ത്തിയില്ല.മുഖത്ത് ഭാവഭേദങ്ങള്‍ വരുത്താന്‍ സാധാരണ വളരെ കഷ്ടപ്പെടാറുള്ള ആസിഫ്‌ അലി ഈ ചിത്രത്തില്‍ വളരെ തന്മയത്വത്തോടെ അഭിനയിച്ചിരിക്കുന്നു.അത് തീര്‍ച്ചയായും സംവിധായകന്റെ കഴിവ് തന്നെ.സീനിയര്‍ നടനായ ജഗദീഷിന്‍റെ വക്കീല്കഥാപാത്രവും ചിത്രത്തെ വളരെ രസകരമായി മുന്നോട്ടു കൊണ്ട് പോകുന്നുണ്ട്.അഴകപ്പന്റെ ക്യമാറക്കനുസരിച്ചു എഡിടരുറെ കത്രിക ചലിച്ചെന്നു പറയാനാകില്ല.ബിജിപാലിന്‍റെ പശ്ചാത്തല സംഗീതം ചിത്രത്തിനുതകുന്നരീതിയിലാണ്.
ഇത് തികച്ചും ഒരു സംവിധായകന്‍റെ ചിത്രമാണ്,കുറച്ചു പാളിയിരുന്നെങ്കില്‍ ഇതൊരു ഡോകുമെന്‍ററി ആയെന്നുള്ള ഒരു പഴി സംവിധായകന്‍ കേട്ടേനെ.ഒരു പക്ഷെ ഒഴിമുറി ഈ വര്‍ഷത്തെ മികച്ചചിത്രമായും തിരഞ്ഞെടുക്കപ്പെട്ടെക്കം. ലാലിന് ഒരു സ്റ്റേറ്റ് അവാര്‍ഡോ ദേശീയ അവാര്‍ഡോ കിട്ടിയാല്‍ പോലും അല്ഭുതപ്പെടെണ്ടതില്ല.
ഒരു കാര്യം ഉറപ്പാണ്‌ ഈ ചിത്രം കാണുകയാണെങ്കില്‍ നമ്മുടെ ലാലേട്ടനും മമ്മുക്കയും മനസ്സിലെങ്കിലും ഓര്‍ക്കും എനിക്കീലാലിന്‍റെ വേഷം ചെയ്യാന്‍ കിട്ടിയിരുന്നെങ്കില്‍ എന്ന്....!!!!!

ശ്രീ മധുപാല്‍ താങ്കളുടെ ഈ ചിത്രം മായാമോഹിനിയും താപ്പാനയും മലയാള സിനിമയുടെ മാറത്തേല്‍പിച്ച  ചതവിനുള്ള  മുറിവെണ്ണയാണ്..