Sunday, 25 November 2012

101 വെഡഡിങ്ങ്സ്-കൂതറ കല്യാണം

Q-സിനിമയില്‍ 140 രൂപയുടെ ടിക്കറ്റ്‌ എടുത്തു ഈ ചിത്രം കാണേണ്ടി വന്ന ഹതഭാഗ്യനാണ് ഈ ഞാന്‍.ഹതഭാഗ്യന്‍ എന്ന് പറഞ്ഞപ്പോള്‍ തന്നെ ഈ ചിത്രത്തിന്‍റെ മേന്മ നിങ്ങള്ക്ക് മനസ്സിലായിക്കാണും എന്ന് കരുതുന്നു.എന്നാ തുടങ്ങട്ടെ?
കൃഷ്ണന്‍ കുട്ടി എന്നാ കുഞ്ചാക്കോ ബോബന്‍റെ അച്ചന്‍ മുന്‍ഷി മാസ്റ്റര്‍(വിജയ രാഘവന്‍)101  ശതമാനം ഗാന്ധിയനാണ്.മകന്‍ ഉഡായിപ്പിന്‍റെ രാജാവും ...നല്ല പെണ്ണിനെ കൊണ്ട് കെട്ടിച്ചാല്‍ മകന്‍ നന്നായേക്കാം എന്ന പ്രതീക്ഷയില്‍ ഗാന്ധിയന്‍ ജീവിത ശൈലി പിന്തുടരുന്ന   കോടീശ്വരിയായ അഭിരാമിയെ(സംവ്രത  സുനില്‍) കല്യാണം കഴിപ്പിക്കാന്‍ പെടാപ്പാട് പെടുന്ന മുന്‍ഷി മാസ്റ്റര്‍.101 പേരെ സംഘടിപ്പിച്ചു കൊണ്ട് നടക്കുവാന്‍ പോകുന്ന സമൂഹ വിവാഹത്തിന്‍റെ  സംഘാടക കൂടിയാണ് അഭിരാമി.കല്യാണത്തിനു വന്നു ചേരുന്ന കോമാളികളുടെ പടയില്‍ ജയസൂര്യമുതല്‍ സലിം കുമാര്‍ വരെ ഉണ്ട്.
ഇത്രയേ ഞാന്‍ പറയൂ കാരണം കുറെ ഭാഗം ഞാന്‍ ഉറക്കത്തില്‍ ആയിപ്പോയി, ഇനി വേണമെങ്കില്‍ നിങ്ങള്‍ക്കും ഒരു കാര്യം ചെയ്യാം എന്നെ പോലെ പടത്തിനു കയറി രക്ത സാക്ഷി ആവുക......
ഇതിനൊക്കെ റിവ്യൂ എഴുതി ഞാന്‍ സമയവും ഊര്‍ജ്ജവും കളയാന്‍ ശ്രമിക്കുന്നില്ല...ഇതിനൊക്കെ ഇതു തന്നെ ധാരാളം... കൂടാതെഇഡിയട്സ് എന്ന ചിത്രം കണ്ടതിന്‍റെ ക്ഷീണം വേറെയും....Sunday, 18 November 2012

തീവ്രം-നിഗൂഡ സുന്ദരം

തീവ്രം-നിഗൂഡ സുന്ദരം
തീവ്രം എന്ന പേര് തന്നെ വളരെ വ്യത്യസ്തം.പക്ഷെ പല മലയാള പടങ്ങളുടെയും പേരും കഥയുമായി വലിയ ബന്ധമൊന്നും ഉണ്ടാകാറില്ല.സംവിധായകനായ രൂപേഷ്‌ പീതാംബരന്‍റെ ഒരു ഇണ്ടര്‍വ്യൂ വായിച്ചു തലയില്‍ ആള്‍ താമസം ഉണ്ടെന്നു തോന്നിയതുകൊണ്ടാണ് ചിത്രത്തിനു കയറിയത്. സംവിധായകനെന്ന നിലയില്‍  രൂപേഷ്‌ പീതാംബരന്‍റെ കന്നി സംരംഭം. ഒരു കൊലപാതകത്തിലാണ് ചിത്രം തുടങ്ങുന്നത്  പക്ഷെ ആ കൊലപാതകം സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ആയ ശ്രീനിവാസന്‍റെ ക്യാരക്ടര്‍ പ്രേക്ഷകന് മനസ്സിലാക്കുവാന്‍ വേണ്ടി മാത്രമാണ് . പിന്നെയാണ് യഥാര്‍ത്ഥ കഥ തുടങ്ങുന്നത്.ദുല്ഖരിന്‍റെ ഹര്‍ഷന്‍ ഒരു സംഗീതജ്ഞന്‍ ആണ്.നഗരത്തിന്‍റെ ഒരു ഒഴിഞ്ഞ കോണില്‍ ഏകാന്ത വാസം.അയാള്‍ ഒരു ദിവസം ഒരു ഓട്ടോ ഡ്രൈവറെ(അനു മോഹന്‍) തട്ടിക്കൊണ്ടു വരുന്നു.പിന്നെ അയാളെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നു.ഓട്ടോക്കാരന്‍റെ തിരോധാനം സര്‍ക്കിള്‍ ഇന്സ്പെക്ടരിലും അസിസ്റ്റന്‍ഡായ രാമചന്ദ്രനിലും(വിനയ്‌ ഫോര്‍ട്ട്‌)  ഹര്‍ഷനെ പ്രതിയാക്കി സംശയം ജനിപ്പിക്കുകയാണ്. അന്വേഷണത്തില്‍ ഹര്‍ഷന്‍റെ ഭാര്യയായ മായയെ(ശിഖ നായര്‍) കൊന്നതിന്‍റെ പ്രതികാരത്തിന്‍റെ കഥ ചുരുളഴിയുന്നു.
തീവ്രം തികച്ചും ഒരു സംവിധായകന്‍റെ ചിത്രമാണ്.ഇത് ഒരു സസ്പെന്‍സ് കഥയല്ല,മറിച്ചു ഒരു ത്രില്ലര്‍ ആണ്.ഇണ്ടര്‍വെല്‍ വരെ പ്രത്യേക നീല കലര്‍ന്ന  കളര്‍ ടോണ്‍ ആണ് ചിത്രത്തിന്.അതിനു ശേഷം ആണ് കളറിലുള്ള ഫ്ലാഷ്ബാക്ക്.വളരെ രസകരമായാണ് സംവിധായകന്‍ ചിത്രത്തെ മുന്നോട്ടു കൊണ്ട് പോകുന്നത്,പ്രത്യേകിച്ചും മുന്‍പകുതി.കാമറയും എഡിറ്റിംഗ് എടുത്തു പറയേണ്ടവതന്നെ.പശ്ചാത്തല സംഗീതത്തില്‍ ചിത്രത്തിന് വേണ്ടതായ മിതത്വം പാലിക്കാന്‍ സംഗീത സംവിധായകനായ റോയ്‌ മാത്യുവിനു കഴിഞ്ഞിട്ടുണ്ട്.പാടുകളും കേള്‍ക്കാന്‍ ഇമ്പമുണ്ട്.
ഇതിലെ താരം യഥാര്‍ത്ഥത്തില്‍ ശ്രീനിവാസനാണ്.നന്മയും നര്‍മ്മബോധവുമുള്ള ആ പോലീസ്‌ ഓഫീസര്‍ കലക്കി.അഭിനയത്തിന്‍റെ പ്രത്യേകതയില്‍ വിനയ്‌ ഫോര്‍ട്ട്‌ തന്‍റെ കഥാപാത്രത്തെവ്യത്യസ്ഥനാക്കുന്നു.ദുല്ഖറിന്‍റെ ആത്മ സുഹൃത്തായി വരുന്ന ഡോക്ടര്‍ റോയ്‌ ആകുന്ന  വിഷ്ണു രാഘവ് പഴയകാല നടന്‍ രാഘവന്‍റെ   മകനും ജിഷ്ണുവിന്‍റെ സഹോദരനുമാണ്‌,പിന്നെ വില്ലനായ അനു മോഹന്‍ യുവ നടനായ വിനു മോഹന്‍റെ അനുജനും.(ഇവര്‍ രണ്ടു പേരും ഓര്‍ക്കുട്ട്- ഒരു ഓര്‍മക്കൂട്ട് എന്ന ആരു ബോറന്‍ പടത്തിലൂടെ മലയാളം സിനിമയിലേക്ക് വന്നവരാണ്) ഇരുവരും മനോഹരമായി തങ്ങളുടെ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.പിന്നെ റോയിയുടെ ഭാര്യയായി വരുന്ന റിയ സൈറയും ശിഖ നായരും അവരുടെ വേഷങ്ങള്‍ കുറ്റമറ്റതാക്കി.
രൂപേഷ്‌ പീതാംബരന്‍ വളരെ പ്രതീക്ഷ ഈ ചിത്രത്തിലൂടെ നാം പ്രേക്ഷകര്‍ക്ക്‌ തരുന്നു. അദ്ദേഹംഈ ചിത്രത്തില്‍ ചെയ്ത ആകെ കോമ്പ്രമൈസ് ദുല്ഖരെ നായകനാക്കി എന്നതാണ്. ദുല്ഖറിനു അഭിനയം തൊട്ടു തീണ്ടിയിട്ടില്ല. പലസ്ഥലത്തും അദ്ദേഹം ചിരിക്കുകയാണോ കരയുകയാണോ എന്ന് സന്ദര്‍ഭത്തിനനുസരിച്ച്നാം പ്രേക്ഷകര്‍ മനസ്സിലാക്കി കൊള്ളണം.
ദുല്ഖറിന്‍റെ ചിത്രങ്ങള്‍ ഹിറ്റാകുന്നതിന്‍റെ ക്രെഡിറ്റ്‌  തികച്ചും സംവിധായകന്മാരുടെതാണെന്നു മനസ്സിലാക്കി അഭിനയം നന്നാക്കാന്‍ ശ്രമിച്ചാല്‍ ദുല്ഖറിനു നല്ലത്.അച്ഛന്‍ ആനപ്പുറത്ത് കയറി ഉണ്ടാക്കിയ തഴമ്പ് എപ്പോഴും മകന്‍റെ രക്ഷക്കെത്തണം എന്നില്ല.
 


Sunday, 11 November 2012

മൈ ബോസ്സ്- മലയാള സിനിമയില്‍ മറ്റൊരു കോപ്പി അടി

മൈ ബോസ്സ് എന്ന പേര് കേട്ടപ്പോള്‍ തോന്നി  ഇതിനു പണ്ടിറങ്ങിയ ഷാരൂഖ്‌ ചിത്രമായ എസ് ബോസ്സുമായി വല്ല ബന്ധവും ഉണ്ടാകും എന്ന് .അതൊന്നു നോക്കി മനസിലാക്കാം എന്ന് കരുതി.സിനിമ തുടങ്ങുന്നത് തന്നെ ദിലീപ്‌ തനിക്ക്   ഇംഗ്ലീഷ് ലേശം കമ്മിയാണെന്ന് മുന്‍കൂര്‍ ജാമ്യം എടുത്തു കൊണ്ടാണ്("കല്‍ക്കട്ട ന്യൂസി"ന് പ്രേക്ഷകര്‍ നല്‍കിയ കൂവല്‍ സ്വീകരണമായിരിക്കാം സംവിധായകനെയും നായകനെയും ഇതിനു പ്രേരിപ്പിച്ചത്).നായകനായ മനു വര്‍മ (ദിലീപ്‌) ഒരു സോഫ്റ്റ്‌വെയര്‍ കമ്പനിയില്‍ ജോലിക്ക് ചേരാനായി മുംബയില്‍ എത്തുന്നു.വലിയ ബിരുദങ്ങള്‍ എല്ലാം ഉള്ള മനു പ്രിയയുടെ (മംത മോഹന്‍ദാസ്‌ ) പി.എ ആയി എത്തുന്നതു അയാള്‍ക്ക് ഒന്ന് വിദേശത്തേക്ക് കടക്കാനായ് വേണ്ടി മാത്രം.പ്രിയയാകട്ടെ കോപത്തിന്‍റെ കാര്യത്തില്‍ ദുര്‍വസ്രാവ് മഹര്‍ഷിയുടെ കുഞ്ഞു പെങ്ങള്‍ ആണ്.സാധാരാണ സുരാജ് വെഞ്ഞാറമൂടിന് നീക്കി വെക്കാറുള്ള ഒരു ഒരു കഥാപാത്രമായ മണ്ടന്‍ സുഹൃത്തായ അലിയെ അവതരിപ്പിക്കാന്‍ നറുക്ക് വീണത്‌ കലാഭവന്‍ ഷാജോനിനാണ്.എല്ലാവരെയും വെറുപ്പിച്ചു പണ്ടാരമടക്കിയ ആസ്ത്രേലിയന്‍ പൌരയായ പ്രിയയെ ഒരു പാഠം പഠിപ്പിക്കാന്‍ മനുവിന് നല്ല അവസരം വീണു കിട്ടുന്നു.അതായാത് പ്രിയക്ക് തന്‍റെ ഇന്ത്യന്‍ വാസം നീട്ടിക്കിട്ടണമെങ്കില്‍ ഒരു ലോക്കല്‍ ഭര്‍ത്താവു വേണം.വെറും 'മക്കു'വായ മനു ഉള്ളപ്പോള്‍ വേറെ ആരെ തേടിപ്പോണം എന്ന് പ്രിയയും ചിന്തിക്കുന്നു.കല്യാണത്തിനു മുമ്പ് പ്രിയയെ നാട്ടില്‍ കൊണ്ട് പോകണമെന്ന് മനുവിന് പൂതി.പക്ഷെ നാട്ടില്‍ പ്രിയയെ അവതരിപ്പിക്കുന്നത്‌ സ്വന്തം ഭാര്യയായി.നാട്ടിലെത്തുന്നപ്രിയ മനുവിന്‍റെ വീടും പരിസരവും കണ്ടു ഞെട്ടുന്നു.(വെറുതെയല്ല മനുവിന്‍റെ പേരിന്‍റെ കൂടെ ഒരു വര്‍മയും ഉള്ളത്;ഷവര്‍മയിലും വര്‍മയില്ലേ എന്ന് എന്നോട് ചോദിക്കരുത്. )മനുവിന്റെ അച്ഛന്‍ സായ് കുമാര്‍ അമ്മ സീത മുത്തശി വല്‍സലാമേനോന്‍ പിന്നെമെമ്പോടിയായി ഒരു പയ്യന്‍ അനന്തിരവനും.ഇനിയുള്ള ഭാഗം "ചിത്രം " എന്ന മോഹന്‍ ലാല്‍ ചിത്രത്തിന്‍റെ മോഡേണ്‍ വേര്‍ഷന്‍.
'ഡിടക്ടിവ്‌' മമ്മി & മി എന്നീ ചിത്രങ്ങളില്‍ നിന്നും വളരെയേറെ പക്വമായ സമീപനം  ഈ ചിത്രത്തിലൂടെ  ജിത്തു ജോസഫിന്‍റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുണ്ട്. പക്ഷെ മൈ ബോസ്സിന്‍റെ ഏറ്റവും വലിയ പിഴവ് അതിന്‍റെ നീളക്കൂടുതലാണ് .രണ്ട് അല്ലെങ്കില്‍ ഏറിയാല്‍ രണ്ടര മണിക്കൂറ് മാത്രം വേണ്ട പടം മൂന്നു മണിക്കൂറോളം വലിച്ചു നീട്ടിയിരിക്കുന്നു.കുറെ മന്ദഹാസങ്ങളും  കുറച്ചു പൊട്ടിച്ചിരികളും ഈചിത്രം പ്രേക്ഷകര്‍ക്ക്‌ സമ്മാനിക്കുന്നുണ്ട്.ഇതിലെ നായികാ കഥാപാത്രം അവതരിപ്പിക്കാന്‍ സായിപ്പിന്‍റെ  ഇംഗ്ലീഷ് പറയുന്ന നായിക നമുക്ക് മംത മാത്രമേ ഉള്ളൂ;കൂടെ ബട്ലര്‍ ഇംഗ്ലീഷ് പറയാന്‍ ദിലീപും.സിബി കെ തോമസ്‌ ഉദയകൃഷ്ണ ടീം ആണ് ഈചിത്രത്തിന് തിരക്കഥ എഴുതിയിരുന്നതെങ്കില്‍ കഥാപാത്രങ്ങളുടെ എണ്ണം പത്തിരട്ടി എങ്കിലും ആയേനെ.ജിത്തു പാത്ര സൃഷ്ടിയില്‍ കാണിച്ച മിതത്വം വളരെ ശ്രദ്ധിക്കപ്പെടെണ്ട ഒരു വസ്തുതയാണ്.ഗാനങ്ങള്‍ വലിയ മോശം പറയാനില്ല.ചായഗ്രഹണത്തിലോ എഡിടിങ്ങിലോ എടുത്തു പറയത്തക്ക ഒന്നും ഇല്ല.ചിത്രത്തില്‍ പല രംഗങ്ങളിലും ഒരു ചെലവ് ചുരുക്കല്‍ ഫീല്‍ ചെയ്തു.(ഡാന്‍സ് ക്ലബ്‌ ഒരു ചായക്കട പോലെയും സോഫ്റ്റ്‌വെയര്‍ കമ്പനി ഒരു ഇന്റര്‍നെറ്റ് കഫെ പോലെയും തോന്നിച്ചു.)
പ്രേക്ഷകര്‍ എന്ന നിലയില്‍ എന്നെ പോലുള്ളവര്‍ ദിലീപില്‍ നിന്നും ജിത്തു ജോസെഫില്‍ നിന്നും ഇതില്‍ കൂടുതലൊന്നും പ്രതീക്ഷിക്കുന്നില്ല.  
അത് കൊണ്ട് മൈ ബോസ്സ് വിരസതയില്ലാതെ  കണ്ടു തിരിച്ചുപോരാം;കാശു പോയല്ലോഎന്ന തോന്നലില്ലാതെ....
വാല്‍ക്കഷണം: ഈ ചിത്രം 2009 ല്‍ പുറത്തിറക്കിയ ദി പ്രൊപോസല്‍  എന്നാ ഇംഗ്ലീഷ് ചിത്രത്തിന്റെ ഈച്ചക്കോപ്പിയാണത്രേ, ഈ വിവരം എന്നോടു പറഞ്ഞു തന്ന യുവ അഭിഭാഷകന്‍ ശ്രീ വിനു തമ്മനത്തിനു  പ്രത്യേക നന്ദി.
എന്നാലും എന്റെ ജിത്തു ജോസഫേ..........