Sunday 18 November 2012

തീവ്രം-നിഗൂഡ സുന്ദരം

തീവ്രം-നിഗൂഡ സുന്ദരം
തീവ്രം എന്ന പേര് തന്നെ വളരെ വ്യത്യസ്തം.പക്ഷെ പല മലയാള പടങ്ങളുടെയും പേരും കഥയുമായി വലിയ ബന്ധമൊന്നും ഉണ്ടാകാറില്ല.സംവിധായകനായ രൂപേഷ്‌ പീതാംബരന്‍റെ ഒരു ഇണ്ടര്‍വ്യൂ വായിച്ചു തലയില്‍ ആള്‍ താമസം ഉണ്ടെന്നു തോന്നിയതുകൊണ്ടാണ് ചിത്രത്തിനു കയറിയത്. സംവിധായകനെന്ന നിലയില്‍  രൂപേഷ്‌ പീതാംബരന്‍റെ കന്നി സംരംഭം. ഒരു കൊലപാതകത്തിലാണ് ചിത്രം തുടങ്ങുന്നത്  പക്ഷെ ആ കൊലപാതകം സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ആയ ശ്രീനിവാസന്‍റെ ക്യാരക്ടര്‍ പ്രേക്ഷകന് മനസ്സിലാക്കുവാന്‍ വേണ്ടി മാത്രമാണ് . പിന്നെയാണ് യഥാര്‍ത്ഥ കഥ തുടങ്ങുന്നത്.ദുല്ഖരിന്‍റെ ഹര്‍ഷന്‍ ഒരു സംഗീതജ്ഞന്‍ ആണ്.നഗരത്തിന്‍റെ ഒരു ഒഴിഞ്ഞ കോണില്‍ ഏകാന്ത വാസം.അയാള്‍ ഒരു ദിവസം ഒരു ഓട്ടോ ഡ്രൈവറെ(അനു മോഹന്‍) തട്ടിക്കൊണ്ടു വരുന്നു.പിന്നെ അയാളെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നു.ഓട്ടോക്കാരന്‍റെ തിരോധാനം സര്‍ക്കിള്‍ ഇന്സ്പെക്ടരിലും അസിസ്റ്റന്‍ഡായ രാമചന്ദ്രനിലും(വിനയ്‌ ഫോര്‍ട്ട്‌)  ഹര്‍ഷനെ പ്രതിയാക്കി സംശയം ജനിപ്പിക്കുകയാണ്. അന്വേഷണത്തില്‍ ഹര്‍ഷന്‍റെ ഭാര്യയായ മായയെ(ശിഖ നായര്‍) കൊന്നതിന്‍റെ പ്രതികാരത്തിന്‍റെ കഥ ചുരുളഴിയുന്നു.
തീവ്രം തികച്ചും ഒരു സംവിധായകന്‍റെ ചിത്രമാണ്.ഇത് ഒരു സസ്പെന്‍സ് കഥയല്ല,മറിച്ചു ഒരു ത്രില്ലര്‍ ആണ്.ഇണ്ടര്‍വെല്‍ വരെ പ്രത്യേക നീല കലര്‍ന്ന  കളര്‍ ടോണ്‍ ആണ് ചിത്രത്തിന്.അതിനു ശേഷം ആണ് കളറിലുള്ള ഫ്ലാഷ്ബാക്ക്.വളരെ രസകരമായാണ് സംവിധായകന്‍ ചിത്രത്തെ മുന്നോട്ടു കൊണ്ട് പോകുന്നത്,പ്രത്യേകിച്ചും മുന്‍പകുതി.കാമറയും എഡിറ്റിംഗ് എടുത്തു പറയേണ്ടവതന്നെ.പശ്ചാത്തല സംഗീതത്തില്‍ ചിത്രത്തിന് വേണ്ടതായ മിതത്വം പാലിക്കാന്‍ സംഗീത സംവിധായകനായ റോയ്‌ മാത്യുവിനു കഴിഞ്ഞിട്ടുണ്ട്.പാടുകളും കേള്‍ക്കാന്‍ ഇമ്പമുണ്ട്.
ഇതിലെ താരം യഥാര്‍ത്ഥത്തില്‍ ശ്രീനിവാസനാണ്.നന്മയും നര്‍മ്മബോധവുമുള്ള ആ പോലീസ്‌ ഓഫീസര്‍ കലക്കി.അഭിനയത്തിന്‍റെ പ്രത്യേകതയില്‍ വിനയ്‌ ഫോര്‍ട്ട്‌ തന്‍റെ കഥാപാത്രത്തെവ്യത്യസ്ഥനാക്കുന്നു.ദുല്ഖറിന്‍റെ ആത്മ സുഹൃത്തായി വരുന്ന ഡോക്ടര്‍ റോയ്‌ ആകുന്ന  വിഷ്ണു രാഘവ് പഴയകാല നടന്‍ രാഘവന്‍റെ   മകനും ജിഷ്ണുവിന്‍റെ സഹോദരനുമാണ്‌,പിന്നെ വില്ലനായ അനു മോഹന്‍ യുവ നടനായ വിനു മോഹന്‍റെ അനുജനും.(ഇവര്‍ രണ്ടു പേരും ഓര്‍ക്കുട്ട്- ഒരു ഓര്‍മക്കൂട്ട് എന്ന ആരു ബോറന്‍ പടത്തിലൂടെ മലയാളം സിനിമയിലേക്ക് വന്നവരാണ്) ഇരുവരും മനോഹരമായി തങ്ങളുടെ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.പിന്നെ റോയിയുടെ ഭാര്യയായി വരുന്ന റിയ സൈറയും ശിഖ നായരും അവരുടെ വേഷങ്ങള്‍ കുറ്റമറ്റതാക്കി.
രൂപേഷ്‌ പീതാംബരന്‍ വളരെ പ്രതീക്ഷ ഈ ചിത്രത്തിലൂടെ നാം പ്രേക്ഷകര്‍ക്ക്‌ തരുന്നു. അദ്ദേഹംഈ ചിത്രത്തില്‍ ചെയ്ത ആകെ കോമ്പ്രമൈസ് ദുല്ഖരെ നായകനാക്കി എന്നതാണ്. ദുല്ഖറിനു അഭിനയം തൊട്ടു തീണ്ടിയിട്ടില്ല. പലസ്ഥലത്തും അദ്ദേഹം ചിരിക്കുകയാണോ കരയുകയാണോ എന്ന് സന്ദര്‍ഭത്തിനനുസരിച്ച്നാം പ്രേക്ഷകര്‍ മനസ്സിലാക്കി കൊള്ളണം.
ദുല്ഖറിന്‍റെ ചിത്രങ്ങള്‍ ഹിറ്റാകുന്നതിന്‍റെ ക്രെഡിറ്റ്‌  തികച്ചും സംവിധായകന്മാരുടെതാണെന്നു മനസ്സിലാക്കി അഭിനയം നന്നാക്കാന്‍ ശ്രമിച്ചാല്‍ ദുല്ഖറിനു നല്ലത്.അച്ഛന്‍ ആനപ്പുറത്ത് കയറി ഉണ്ടാക്കിയ തഴമ്പ് എപ്പോഴും മകന്‍റെ രക്ഷക്കെത്തണം എന്നില്ല.
 














No comments:

Post a Comment