Saturday 22 December 2012

ബാവൂട്ടിയുടെ നാമത്തില്‍- രഞ്ചിത്തിന്‍റെ നാമത്തില്‍

ഏതു രഞ്ജിത്ത് ചിത്രം ആണെങ്കിലും ആദ്യദിവസം തന്നെ ഞാന്‍ കാണാന്‍ ശ്രമിക്കാറുണ്ട്;സെന്‍സ്‌ ഉള്ള ചുരുക്കം ചില മലയാള സംവിധായകരില്‍ ഒരാളാണ് അദ്ദേഹം.
ജി  എസ് വിജയന്‍റെ ചിത്രങ്ങള്‍ ഇറങ്ങിയിട്ട് കുറെ നാളുകളായി,രഞ്ജിത്തിനെ പോലെ പ്രതിഭാധനനായ ഒരു എഴുത്തുകാരന്റെ സ്ക്രിപ്ടിനായി കാത്തിരുന്നത് കൊണ്ടാകാം അത്.
ബാവൂട്ടി(മമ്മൂട്ടി) സേതുവിന്‍റെ(ശങ്കര്‍ രാമകൃഷ്ണന്‍) ഡ്രൈവര്‍ കം സന്തത സഹചാരിയാണ്.സേതു പുതുപ്പണക്കരനായ ഗള്‍ഫ്‌ മുതലാളിയും
നീലേശ്വരംകാരിയായ വനജയു(കാവ്യ മാധവന്‍)ടെ ഭര്‍ത്താവുമാണ്.മലപ്പുറം ജില്ലയിലാണ് കഥ നടക്കുന്നത്.ബാവൂട്ടിക്കുള്ള ഒരേയൊരു കുഴപ്പം കുറച്ചു അഭിനയ ഭ്രാന്താണ്,അതിനു വളം വെച്ചു കൊടുക്കുന്നത് വനജയും. മലപ്പുറംകാരുടെ സവിശേഷതയെന്ന് പല സിനിമകളിലും സൂചിപ്പിക്കപ്പെടുന്ന ഹവാല കുഴല്‍പണ ഇടപാടുകളാണ് ആദ്യ പകുതിയില്‍ ഏറെക്കുറെ.പ്രേക്ഷകര്‍ക്ക്‌ ഇതു ഇന്ത്യന്‍ റുപ്പിയുടെ രണ്ടാം ഭാഗമായിരിക്കുമോ എന്നൊരു ചിന്താക്കുഴപ്പമൊക്കെ  ആദ്യ പകുതിവരെ ഉണ്ടാകും,പക്ഷെ സതീഷനായി അവതരിക്കുന്ന വിനീതിന്‍റെ വരവോടെ  പക്കാ ഫാമിലി സബ്ജക്ടിലേക്ക് ആണ് ഇടവേളക്കു ശേഷം 'ബവൂട്ടിയുടെ നാമത്തില്‍' സഞ്ചരിക്കുന്നത്.ഒരു വലിയ നന്മയില്‍ ചിത്രം അവസാനിക്കുകയും ചെയ്യുന്നു.
ഇതു തികച്ചും ഒരു രഞ്ജിത്ത് ചിത്രമാണെന്ന് പറയാം,വളരെ തന്മയത്വത്തോടെ ഉള്ള കഥാകഥനമാണ് രഞ്ജിത്ത് ശൈലി,അത് ഈ ചിത്രത്തിലും കാണാം.വളരെ അഭിനയപ്രതിഭയുള്ള കലാകാരന്മാരെ ചെറിയ ചെറിയറോളുകള്‍ പോലും കൈകാര്യം ചെയ്യാന്‍ രഞ്ജിത്ത് എങ്ങനെ കണ്ടെത്തുന്നു എന്ന് ഞാന്‍ അത്ഭുതപ്പെടാറുണ്ട്.രഞ്ജിത്തിന്റെ നല്ല ഒരു കഥ  മോശമല്ലാതെ ചിത്രീകരിക്കാനുള്ള ബാധ്യത മാത്രമേ സംവിധായകനുള്ളൂ,അത് വിജയന്‍ ചെയ്തിട്ടുണ്ട്.ഷാബാസ് അമന്‍ ഒരുക്കിയ പാട്ട് കുറെയേറെ പഴയ പാട്ടുകളുടെ സങ്കര സന്തതിയാണെന്ന് കേട്ടപ്പോള്‍ തോന്നി.
മമ്മൂട്ടി എന്ന കലാകാരന്‍ എന്ത് കൊണ്ടാണ് ഈ വയസ്സിലും മലയാള സിനിമയില്‍ മിന്നിത്തിളങ്ങി നില്‍ക്കുന്നതിന്റെ രഹസ്യമെന്തെന്നു മനസ്സിലാക്കാന്‍ വലിയ ബുദ്ധിമുട്ടൊന്നും ഇല്ല,അദ്ദേഹത്തിന്‍റെപ്രാദേശിക ഭാഷാ ഉപയോഗ ശൈലി മനസ്സിലാക്കിയാ മതി,തനി എറണാകുളംകാരനായ മമ്മൂട്ടി  വളരെ നാച്ചുറല്‍ ആയ മലപ്പുറം ഭാഷയാണ്‌ ഉപയോഗിക്കുന്നത്,വിനീതിനും കാവ്യക്കും പക്ഷെ തങ്ങളുടെ നാട്ടു ഭാഷ യഥേഷ്ടം ഉപയോഗിക്കാനായിട്ടുണ്ട്,മഹത്തായ ഒരു സൃഷ്ടിയൊന്നും അല്ലെങ്കിലും  'ബവൂട്ടിയുടെ നാമത്തില്‍' ചെറിയ ചെറിയ നല്ല നല്ല മുഹൂര്‍ത്തങ്ങള്‍ കൊണ്ട് സമ്പുഷ്ടമാണ്.റീമയ്ക്കു ചിത്രത്തില്‍ കാര്യമായി ചെയ്യാനൊന്നും ഇല്ല എന്നാലും അവര്‍ ഈ സിനിമയില്‍ മോശവും അല്ല.ക്യാമറ,എഡിറ്റിംഗ് എല്ലാം സാധാരണം.കനിഹ,അരുണ്‍,സുധീഷ്‌  ഇവരെല്ലാം ചിത്രത്തോട് ഇഴുകി അഭിനയിച്ചിരിക്കുന്നു.ചിത്രത്തിന് നീളം കൂട്ടാനാകണം ബാവൂട്ടിയുടെ ഹോം സിനിമ ഷൂട്ടിംഗ് സീനുകള്‍ കുറച്ചധികം നീട്ടിയിരിക്കുന്നത്.
ഒരു  കാര്യം ഉറപ്പ്,ചിത്രം കഴിഞ്ഞു പുറത്തിറങ്ങുന്ന പ്രേക്ഷകര്‍ ഒരിക്കലും ഇതിന്റെ സംവിധായകനെയോ തിരക്കഥാകൃത്തിനെയോ അല്ലെങ്കില്‍ സ്വന്തം വിധിയെയെയോ  ശപിക്കുകയോ പഴിക്കുയോ ഇല്ല,മലയാളം സിനിമയുടെ ഇന്നത്തെ അവസ്ഥയില്‍ അത് തന്നെ ധാരാളം..

'ബവൂട്ടിയുടെ നാമത്തില്‍' രഞ്ജിത്തിന്‍റെ നാമത്തില്‍ തന്നെ പ്രേക്ഷകനെ തിയ്യട്ടറിനുള്ളില്‍ കയറ്റും.... തീര്‍ച്ച.











Friday 21 December 2012

ടാ തടിയാ.....പ്രകാശ നിര്‍ഭരം ....


വന്‍ തിരക്ക് പ്രതീക്ഷിച്ചാണ് ഞാന്‍ തിയ്യറ്ററില്‍ എത്തിയത്,കാരണം സംവിധായകന്റെ കഴിഞ്ഞ രണ്ടു ചിത്രങ്ങളും വന്‍ ഹിറ്റുകളായിരുന്നല്ലോ.ഇത്തിരി സമയമെടുത്താണെങ്കിലും കോട്ടക നിറഞ്ഞു,ഭൂരിഭാഗവും ചെറുപ്പക്കാര്‍ തന്നെ..
ചിത്രം  തുടങ്ങുന്നത് സംവിധായകനായ ആഷിക് അബുവിന്‍റെ ട്രെന്‍ഡ് സെറ്റെര്‍ വഴിയെ ...
ക്ലൈമാക്സില്‍ നിന്ന് തുടങ്ങുന്ന ചിത്രം ഫ്ലാഷ് ബാക്കിലൂടെയാണ് മുന്നേറുന്നത്.
പ്രകാശ്‌ (സര്‍ നെയിം) താവഴിയിലെ പുത്തന്‍ തലമുറക്കാരനാണ്സണ്ണി പ്രകാശ്‌  (ശ്രീനാഥ് ഭാസി) ലൂക്ക് പ്രകാശ്‌ (ശേഖര്‍ മേനോന്‍) ഇവര്‍ രണ്ടു പേരും കൂട്ടുകുടുംബമായി താമസിക്കുന്ന തറവാട് വീട്ടിലെ കസിന്‍സ്‌ ആണ്.ജോണ്‍ പ്രകാശ്‌ (ഇടവേള ബാബു) ജോസ് പ്രകാശ്‌ (മണിയന്‍ പിള്ള രാജു) എന്നിവരുടെ മക്കള്‍.കണ്ടാല്‍ ഒരു ലോറല്‍ ഹാര്‍ഡി ജോടി പോലെ...തടിയനായി പിറന്നു ജീവിക്കുന്ന ലൂക്ക് പ്രകാശ്‌ ആണ് 'ടാ തടിയന്‍'.തടി ഒരിക്കലും 'കൊമ്പ്ലെക്സ്  ഭാര'മായി കാണാത്ത അവനിലേക്ക് കുറച്ചെങ്കിലും ഇന്‍ഫീരിയോരിറ്റി കൊമ്പ്ലെക്സ് വിഷം കുത്തി വെക്കുന്നത് അവന്‍റെ ബാല്യകാലസഖി ആയിരുന്ന ആന്‍(ആന്‍ അഗസ്റ്റിന്‍) ആണ്, തടികുറക്കാനുള്ള ഒരു തെറാപ്പിയ്ക്ക് വേണ്ടി ഒരു ആയുര്‍വേദ റിസോര്‍ട്ടിലേക്ക് പറഞ്ഞയക്കുന്നതും അവള്‍ തന്നെ.അവളിലെ കാപട്യം വെളിവാകുമ്പോള്‍ മറ്റുള്ള നായകന്മാരെപ്പോലെ "കടാപ്പുറത്ത് മാനസ മൈനേ" പാടി നടക്കുന്നവനല്ല ഇതിലെ നായകന്‍.കരുത്തോടെ ആ വിഷമ ഘട്ടം തരണം ചെയ്തു വിജയക്കൊടി തന്റെ ജീവിതത്തില്‍ പാറിക്കുകയാണ് ഈ തടിയന്‍.ഇതിന്റെ മുഴുവന്‍ കഥ പറഞ്ഞു ഞാന്‍ സിനിമയുടെ രസച്ചരടു പോട്ടിക്കുന്നില്ല ..ചിത്രത്തിന്‍റെ ക്ലൈമാക്സ്ആണ് ടാ തടിയായുടെ ഹൈലൈറ്റ്‌....
അന്തര്‍ദേശീയ നിലവാരത്തിലുള്ള ഒരു കഥാ രീതിയാണ് ഇതിലെ തിരക്കഥാകാരന്മാരായ ദിലീഷ് നായര്‍ ,ശ്യാം പുഷ്കരന്‍ ,അഭിലാഷ്‌ അവലംബിച്ചിരിക്കുന്നത്.തടിയനായ ഒരു കഥാ പാത്രത്തെ സാധാരണ സിനിമകളില്‍  ഒരു പഴത്തൊലി വീഴ്ച ,ചാണകത്തില്‍ വീഴല്‍ തുടങ്ങിയ കോമാളിക്കളികള്‍ക്ക് വേണ്ടി മാത്രമാണ് ഉപയോഗിക്കാറുള്ളത്.എന്നാല്‍  ഇത്തരത്തിലുള്ള ഒരു പേക്കൂത്തുകളും ഇല്ലാതെയാണ് സംവിധായകനും സംഘവും ഈ ചിത്രത്തിലുടനീളം ഹാസ്യാവിഷ്കരണം നടത്തിയിട്ടുള്ളത്.സംവിധായകനായ ആഷിക് അബുവിന് ഒരു വലിയ സലാം കൊടുക്കാന്‍ തോന്നുന്നത് ഇതിലെ കഥന രീതിയിലുള്ള പ്രത്യേകതകൊണ്ടാണ്.ഈ ചിത്രം ഡബ്ബ്‌ചെയ്തു മറ്റു ഭാഷകളില്‍ ഇറക്കിയാലും ആ ഭാഷയില്‍ ഉണ്ടാക്കപ്പെട്ട ഒരു ചിത്രമല്ലെന്നു ആരും പറയില്ല.  അതാണ് ഞാന്‍ പറഞ്ഞ കലാതീതവും പ്രാദേശികരഹിതവുമായ ഒരു സിനിമ മേക്കിംഗ്.ഷൈജു ഖാലിദിന്‍റെ ക്യമാറക്കൊപ്പം ചുവടുവെക്കുന്ന എഡിറ്റിംഗ്,ചിത്രത്തിനൊത്ത് ചലിക്കുന്ന പശ്ചാത്തല സംഗീതം.ബിജി ബാലിന്‍റെപാട്ടുകളും കൊള്ളാം,പക്ഷെ ഇതിലെ ഒരു പാട്ട്  തമിഴ്‌ ഗാനത്തിന്‍റെയും ടൈറ്റില്‍ ഗാനം യേറ..യേറ എന്നു തുടങ്ങുന്ന ഒരു ബംഗാളി ഗാനത്തിന്‍റെയും ചുവടു പിടിച്ചിട്ടുള്ളതാണ്.
തടിയനായി വരുന്ന പുതുമുഖനടനെ ഈ ചിത്രത്തിനായി ദൈവം സൃഷ്ടിച്ചതായി പ്രേക്ഷകന് തോന്നും,ഹാജിയാരായി വരുന്ന ശ്രീരാമന്‍, ഗ്ലിഗേഷ്‌ എന്ന അയാളുടെ ഡ്രൈവര്‍ ആയി അഭിനയിക്കുന്ന തിരകഥാകൃത്ത് തന്നെ ആയ ദിലീഷ് നായര്‍,വിനയ്‌ ഫോര്‍ട്ടിന്‍റെ ശന്തനു,കുഞ്ചന്‍റെയും തെസ്നി ഖാന്‍റെയും കഥാപാത്രങ്ങള്‍ തുടങ്ങിയ  വളരെ കുറച്ചു കഥാപാത്രങ്ങളെ ഉള്ളുവെങ്കിലും അല്ലാവരും അവരവരുടെ ഭാഗങ്ങള്‍ കൃത്യമായി ചെയ്തു.ശ്രീനാഥ് ഭാസിയും വളരെ നന്നായിട്ടുണ്ട്. എന്‍റെ വ്യക്തിപരമായ അഭിപ്രായത്തില്‍ അഭിനയത്തിന്റെ ശൈശവാവസ്ഥയില്‍ മാത്രം നില്‍ക്കുന്ന നെവിന്‍ പോളി പോലും തന്‍റെ കഥാപാത്രത്തെ വളരെ നന്നായി കൈകാര്യം ചെയ്തിരിക്കുന്നു.
ഈ അടുത്തിറങ്ങിയ തരം താണ ഹാസ്യം കുത്തി നിറച്ച സിനിമകളില്‍ നിന്നും വ്യത്യസ്തമായി ചിരിപ്പിക്കുകയും യുവതലമുറയെ ചിന്തിപ്പിക്കുകയും ചെയ്യുന്ന ഒരു ചിത്രം കാണാന്‍ ആഗ്രഹിക്കുന്ന ഒരു പ്രേക്ഷക സമൂഹത്തിനായുള്ള ചിത്രമാണ് ടാ തടിയാ...
ആഷിക്  അബുവിന്റെയും സംഘത്തിന്‍റെയും 'ടാ തടിയ,," മലയാള സിനിമയുടെ ആകാശത്ത്  ഒരു സൂര്യനായി പ്രകാശം പൊഴിക്കുമെന്നു ചിത്രം കണ്ടു കഴിഞ്ഞപ്പോള്‍ എനിക്ക് തോന്നി,മിനിമം ഒരു നൂറു ദിവസത്തേക്കെങ്കിലും....
 







Friday 7 December 2012

മദിരാശി- 'ശവ'മായി

ഷാജി കൈലാസ്‌ കളം മാറ്റി ചവിട്ടുന്നു ,സ്ഥിരം 'തട്ടു' 'പൊളി'- പ്പന്‍ പടങ്ങളില്‍ നിന്നും കുടുംബ കോമഡി ചിത്രത്തിലേക്ക് ഷാജി കൈലാസ്‌  ഡോ:പശുപതിക്കുശേഷം പത്തിരുപതുകൊല്ലം കഴിഞ്ഞു മടങ്ങിവരുന്നു എന്നെല്ലാം കേട്ടതുകൊണ്ടാണ് ഞാന്‍ 'മദിരാശി'യ്ക്കു തലവെച്ചു കൊടുത്തത്.എന്നെപ്പോലെ കുറെയേറെ മണ്ടന്മാര്‍ തിയേറ്ററില്‍ ഉണ്ടായിരുന്നു.ചിത്രം തുടങ്ങുമ്പോള്‍ മദിരാശി എന്ന സ്ഥലത്തെക്കുറിച്ച് വന്‍ പ്രഭാഷണമാരംഭിക്കുമ്പോള്‍ നമ്മള്‍ കരുതും എന്തോ കയ്യൂര്‍ പുന്നപ്ര വയലാര്‍ പോലെയുള്ള ചില ചരിത്രസംഭവങ്ങള്‍ വരാന്‍ പോകുകയാണെന്നൊക്കെ പക്ഷെ എല്ലാം ശൂ............
മദിരാശി എന്ന സ്ഥലം നമ്മള്‍ എല്ലാം കരുതുന്ന പോലെ ചെന്നൈ ആയിത്തീര്‍ന്ന മദ്രാസ്സിന്‍റെ കഥയല്ല കേട്ടോ മറിച്ചു കൊയംബത്തൂരിനടുത്തുള്ള ഒരു ചെറിയ ഗ്രാമം ആണത്രേ.മദിരാശിയിലെ ഒരു അമ്പലത്തിന്‍റെ സീനാണ് ആദ്യം.അവിടെ വെച്ച്കൈലാസിനെ(അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേരറിയില്ല ക്ഷമിക്കണം) ഭാര്യയുടെ സമക്ഷത്തുനിന്നും ആരൊക്കെയോ തട്ടിക്കൊണ്ടു പോകുന്നു.പിന്നെ കട്ട്...നേരെ കേരളത്തിന്റെ ഒരു അതിര്‍ത്തി ഗ്രാമം.അവിടെ ആഴ്ചയില്‍ ഓരോ ദിവസവും ഓരോ തൊഴിലുമായി ജീവിക്കുന്ന വിഭാര്യനായ പ്രമാണിയാണ് ശ്രീ ജയറാം അവതരിപ്പിക്കുന്ന ചന്ദ്രന്‍ ...ഒരു സൈക്കിള്‍ ചാമ്പ്യന്‍ ആയ പത്ത് വയസ്സുകാരന്‍ മകനുമുണ്ട്.മകന്‍റെ ടീച്ചര്‍ ആയ മീര നന്ദന്‍ ചന്ദ്രനെ കെട്ടാനുള്ള  "അസുഖം" മൂത്ത് അയാള്‍ക്ക് ഊര് തെണ്ടി  പരസ്യമായിഉമ്മകൊടുത്ത് കൊണ്ട് നടക്കുന്ന കഥാപാത്രം,ടീച്ചറുടെ അച്ഛന്‍ ജനാര്‍ദനന്‍ പിന്നെ ജയറാമിന്‍റെ വാലായി ടിനിടോമും. മകന് രണ്ടര ലക്ഷം വരുന്ന സൈക്കിള്‍ മേടിക്കാനായി ജയറാം പോകുന്ന സ്ഥലമാണ് കൊയംബതൂരിനടുതുള്ള  മദിരാശി എന്ന ഗ്രാമം... ബോംബെ,ബാംഗ്ലൂര്‍ എന്നീ  മെട്രോകള്‍ക്കൊപ്പം എപ്പോഴാണ് ഈ ഗ്രാമം സ്ഥാനം പിടിച്ചതെന്നു നാം ഇന്ത്യന്‍ പ്രസിഡണ്ടിനോടു തന്നെ ചോദിക്കണം.അവിടെവെച്ചു മേഘ്ന രാജ് എന്ന ഒരു  പെണ്ണിനെ പരിചയപ്പെടുന്നു ,അങ്ങിനെ ഒരു കഥാപാത്രം എന്തിനെന്ന് തിരക്കഥാകാരന്  പോലും അറിയില്ലായിരിക്കും, പിന്നെ കലാഭവന്‍ മണി, വേറെ കുറെ അവതാരങ്ങള്‍ എന്നിവര്‍ ചിത്രത്തില്‍ മിന്നി മറയുന്നു.വില്ലനായി വരുന്നത് നിസ്സാരക്കാരനല്ല സൂപ്രണ്ട് ഓഫ് പോലീസ്‌ ആയ ഒരു തമിഴ്‌ കോമാളി.ചിത്രവുമായി യാതൊരു ബന്ധവുമില്ലാതെ കാലു കാണിക്കാന്‍ വേണ്ടി മാത്രം വരുന്ന മാദക ഐറ്റം ഡാന്‍സര്‍ അല്‍ഫോന്‍സ. കഥ,തിരക്കഥ ഇതൊന്നും ഇല്ലെന്നു തന്നെ പറയാം,ഈ ചിത്രം കണ്ടു കഴിഞ്ഞാല്‍ സന്തോഷ്‌ പണ്ഡിറ്റിനെ നമ്മള്‍ പൂവിട്ടു തൊഴുകും എന്നാലും അയാള്‍ ഒരു  നിര്‍മ്മാതാവിനെ കുത്ത് പാള എടുപ്പിച്ചില്ലല്ലോ.ഇത്തരം സിനിമകള്‍ ഇനിയും പടച്ചിറക്കിയ്യാല്‍ ഈ സംവിധായകന്റെ ചിത്രം ആളുകള്‍ ടിവിയില്‍ ഫ്രീ ആയി കാണിച്ചാല്‍ പ്പോലും  കണ്ടിരിക്കില്ല.
ഇതേ  പോലുള്ള പടങ്ങളില്‍ നിന്നും മലയാള പ്രേക്ഷകരെ  രക്ഷിക്കാന്‍ വേണ്ടി മാത്രം ആണ് ഞാന്‍ ഈ റിവ്യൂ എഴുതിയത്.തിയെട്ടറുകളില്‍ ആളുകയറുന്നില്ല എന്ന് വിലപ്പിക്കുന്നവര്‍ ഇത്തരം ചിത്രങ്ങള്‍ പടച്ചു വിടുകയുമാരുത്.
അങ്ങനെ പവനായി ശവമായ പോലെ -മദിരാശിയും ശവമായി.(ജയറാം ഈ ചിത്രത്തില്‍ കാമുകിയെ വിളിക്കാന്‍ ഉപയോഗിക്കുന്ന ഉദാത്തമായ പദമാണ് ശവം)
വാല്‍ക്കഷണം:-തൂക്കുമരം വിധിച്ചിരുന്ന കസബിന് അവസാനമായി ഒരു ചാന്‍സ് കൊടുത്തിരുന്നത്രേ,ഈ സംവിധായകന്‍റെ കഴിഞ്ഞ മൂന്നുപടങ്ങള്‍ ഒന്നിച്ചു കണ്ടാല്‍ വധശിക്ഷ ഒഴിവാക്കാമെന്ന് ,അപ്പോഴാണ് കസബ്‌ പറഞ്ഞത് എന്നെ ഇഞ്ചിഞ്ചായി കൊല്ലരുത് എനിക്ക് തൂക്കുകയര്‍ മതി എന്ന് ,ആ അവസരം പോലും എന്നെ പോലുള്ള ഒരു പ്രേക്ഷകന് കിട്ടിയില്ലല്ലോ.