Friday 21 December 2012

ടാ തടിയാ.....പ്രകാശ നിര്‍ഭരം ....


വന്‍ തിരക്ക് പ്രതീക്ഷിച്ചാണ് ഞാന്‍ തിയ്യറ്ററില്‍ എത്തിയത്,കാരണം സംവിധായകന്റെ കഴിഞ്ഞ രണ്ടു ചിത്രങ്ങളും വന്‍ ഹിറ്റുകളായിരുന്നല്ലോ.ഇത്തിരി സമയമെടുത്താണെങ്കിലും കോട്ടക നിറഞ്ഞു,ഭൂരിഭാഗവും ചെറുപ്പക്കാര്‍ തന്നെ..
ചിത്രം  തുടങ്ങുന്നത് സംവിധായകനായ ആഷിക് അബുവിന്‍റെ ട്രെന്‍ഡ് സെറ്റെര്‍ വഴിയെ ...
ക്ലൈമാക്സില്‍ നിന്ന് തുടങ്ങുന്ന ചിത്രം ഫ്ലാഷ് ബാക്കിലൂടെയാണ് മുന്നേറുന്നത്.
പ്രകാശ്‌ (സര്‍ നെയിം) താവഴിയിലെ പുത്തന്‍ തലമുറക്കാരനാണ്സണ്ണി പ്രകാശ്‌  (ശ്രീനാഥ് ഭാസി) ലൂക്ക് പ്രകാശ്‌ (ശേഖര്‍ മേനോന്‍) ഇവര്‍ രണ്ടു പേരും കൂട്ടുകുടുംബമായി താമസിക്കുന്ന തറവാട് വീട്ടിലെ കസിന്‍സ്‌ ആണ്.ജോണ്‍ പ്രകാശ്‌ (ഇടവേള ബാബു) ജോസ് പ്രകാശ്‌ (മണിയന്‍ പിള്ള രാജു) എന്നിവരുടെ മക്കള്‍.കണ്ടാല്‍ ഒരു ലോറല്‍ ഹാര്‍ഡി ജോടി പോലെ...തടിയനായി പിറന്നു ജീവിക്കുന്ന ലൂക്ക് പ്രകാശ്‌ ആണ് 'ടാ തടിയന്‍'.തടി ഒരിക്കലും 'കൊമ്പ്ലെക്സ്  ഭാര'മായി കാണാത്ത അവനിലേക്ക് കുറച്ചെങ്കിലും ഇന്‍ഫീരിയോരിറ്റി കൊമ്പ്ലെക്സ് വിഷം കുത്തി വെക്കുന്നത് അവന്‍റെ ബാല്യകാലസഖി ആയിരുന്ന ആന്‍(ആന്‍ അഗസ്റ്റിന്‍) ആണ്, തടികുറക്കാനുള്ള ഒരു തെറാപ്പിയ്ക്ക് വേണ്ടി ഒരു ആയുര്‍വേദ റിസോര്‍ട്ടിലേക്ക് പറഞ്ഞയക്കുന്നതും അവള്‍ തന്നെ.അവളിലെ കാപട്യം വെളിവാകുമ്പോള്‍ മറ്റുള്ള നായകന്മാരെപ്പോലെ "കടാപ്പുറത്ത് മാനസ മൈനേ" പാടി നടക്കുന്നവനല്ല ഇതിലെ നായകന്‍.കരുത്തോടെ ആ വിഷമ ഘട്ടം തരണം ചെയ്തു വിജയക്കൊടി തന്റെ ജീവിതത്തില്‍ പാറിക്കുകയാണ് ഈ തടിയന്‍.ഇതിന്റെ മുഴുവന്‍ കഥ പറഞ്ഞു ഞാന്‍ സിനിമയുടെ രസച്ചരടു പോട്ടിക്കുന്നില്ല ..ചിത്രത്തിന്‍റെ ക്ലൈമാക്സ്ആണ് ടാ തടിയായുടെ ഹൈലൈറ്റ്‌....
അന്തര്‍ദേശീയ നിലവാരത്തിലുള്ള ഒരു കഥാ രീതിയാണ് ഇതിലെ തിരക്കഥാകാരന്മാരായ ദിലീഷ് നായര്‍ ,ശ്യാം പുഷ്കരന്‍ ,അഭിലാഷ്‌ അവലംബിച്ചിരിക്കുന്നത്.തടിയനായ ഒരു കഥാ പാത്രത്തെ സാധാരണ സിനിമകളില്‍  ഒരു പഴത്തൊലി വീഴ്ച ,ചാണകത്തില്‍ വീഴല്‍ തുടങ്ങിയ കോമാളിക്കളികള്‍ക്ക് വേണ്ടി മാത്രമാണ് ഉപയോഗിക്കാറുള്ളത്.എന്നാല്‍  ഇത്തരത്തിലുള്ള ഒരു പേക്കൂത്തുകളും ഇല്ലാതെയാണ് സംവിധായകനും സംഘവും ഈ ചിത്രത്തിലുടനീളം ഹാസ്യാവിഷ്കരണം നടത്തിയിട്ടുള്ളത്.സംവിധായകനായ ആഷിക് അബുവിന് ഒരു വലിയ സലാം കൊടുക്കാന്‍ തോന്നുന്നത് ഇതിലെ കഥന രീതിയിലുള്ള പ്രത്യേകതകൊണ്ടാണ്.ഈ ചിത്രം ഡബ്ബ്‌ചെയ്തു മറ്റു ഭാഷകളില്‍ ഇറക്കിയാലും ആ ഭാഷയില്‍ ഉണ്ടാക്കപ്പെട്ട ഒരു ചിത്രമല്ലെന്നു ആരും പറയില്ല.  അതാണ് ഞാന്‍ പറഞ്ഞ കലാതീതവും പ്രാദേശികരഹിതവുമായ ഒരു സിനിമ മേക്കിംഗ്.ഷൈജു ഖാലിദിന്‍റെ ക്യമാറക്കൊപ്പം ചുവടുവെക്കുന്ന എഡിറ്റിംഗ്,ചിത്രത്തിനൊത്ത് ചലിക്കുന്ന പശ്ചാത്തല സംഗീതം.ബിജി ബാലിന്‍റെപാട്ടുകളും കൊള്ളാം,പക്ഷെ ഇതിലെ ഒരു പാട്ട്  തമിഴ്‌ ഗാനത്തിന്‍റെയും ടൈറ്റില്‍ ഗാനം യേറ..യേറ എന്നു തുടങ്ങുന്ന ഒരു ബംഗാളി ഗാനത്തിന്‍റെയും ചുവടു പിടിച്ചിട്ടുള്ളതാണ്.
തടിയനായി വരുന്ന പുതുമുഖനടനെ ഈ ചിത്രത്തിനായി ദൈവം സൃഷ്ടിച്ചതായി പ്രേക്ഷകന് തോന്നും,ഹാജിയാരായി വരുന്ന ശ്രീരാമന്‍, ഗ്ലിഗേഷ്‌ എന്ന അയാളുടെ ഡ്രൈവര്‍ ആയി അഭിനയിക്കുന്ന തിരകഥാകൃത്ത് തന്നെ ആയ ദിലീഷ് നായര്‍,വിനയ്‌ ഫോര്‍ട്ടിന്‍റെ ശന്തനു,കുഞ്ചന്‍റെയും തെസ്നി ഖാന്‍റെയും കഥാപാത്രങ്ങള്‍ തുടങ്ങിയ  വളരെ കുറച്ചു കഥാപാത്രങ്ങളെ ഉള്ളുവെങ്കിലും അല്ലാവരും അവരവരുടെ ഭാഗങ്ങള്‍ കൃത്യമായി ചെയ്തു.ശ്രീനാഥ് ഭാസിയും വളരെ നന്നായിട്ടുണ്ട്. എന്‍റെ വ്യക്തിപരമായ അഭിപ്രായത്തില്‍ അഭിനയത്തിന്റെ ശൈശവാവസ്ഥയില്‍ മാത്രം നില്‍ക്കുന്ന നെവിന്‍ പോളി പോലും തന്‍റെ കഥാപാത്രത്തെ വളരെ നന്നായി കൈകാര്യം ചെയ്തിരിക്കുന്നു.
ഈ അടുത്തിറങ്ങിയ തരം താണ ഹാസ്യം കുത്തി നിറച്ച സിനിമകളില്‍ നിന്നും വ്യത്യസ്തമായി ചിരിപ്പിക്കുകയും യുവതലമുറയെ ചിന്തിപ്പിക്കുകയും ചെയ്യുന്ന ഒരു ചിത്രം കാണാന്‍ ആഗ്രഹിക്കുന്ന ഒരു പ്രേക്ഷക സമൂഹത്തിനായുള്ള ചിത്രമാണ് ടാ തടിയാ...
ആഷിക്  അബുവിന്റെയും സംഘത്തിന്‍റെയും 'ടാ തടിയ,," മലയാള സിനിമയുടെ ആകാശത്ത്  ഒരു സൂര്യനായി പ്രകാശം പൊഴിക്കുമെന്നു ചിത്രം കണ്ടു കഴിഞ്ഞപ്പോള്‍ എനിക്ക് തോന്നി,മിനിമം ഒരു നൂറു ദിവസത്തേക്കെങ്കിലും....
 







2 comments: