Friday, 4 January 2013

അന്നയും റസൂലും -പ്രണയം പൂക്കുന്നു

വളരെ കൊട്ടിഘോഷിക്കലൊന്നും  ഇല്ലാതെ ഇറങ്ങിയ പടമായത് കൊണ്ട് അധികം തിരക്കൊന്നും  ഉണ്ടാകില്ലെന്ന അനുമാനത്തിലാണ് ,പടം തുടങ്ങുന്നതിനു  ഏകദേശം അരമണിക്കൂര്‍ മുമ്പ് മാത്രം ഞാന്‍ ഷെണായീസ്‌  തീയ്യേട്ടറില്‍ എത്തിയത്,,പക്ഷെ അവിടത്തെ കാഴ്ച എന്നെ അമ്പരപ്പിച്ചു കളഞ്ഞു, ക്യൂവിന്‍റെ മുന്നില്‍ നില്‍കുന്ന പയ്യനോട് ടിക്കറ്റ്‌ ഇരന്നു വാങ്ങിയാണ് ഞാന്‍ ചിത്രത്തിനു കയറിയത്. 
സണ്ണി വെയിന്‍ അവതരിപ്പിക്കുന്ന ഒരു ആംഗ്ലോ ഇന്ത്യന്‍ പ്രവാസി തന്‍റെ കഥപറയുന്ന പോലെ ഫ്ലാഷ് ബാക്ക് ആയാണ് സിനിമ അവതരിപ്പിക്കപ്പെടുന്നത്.
ഫഹദിന്‍റെ റസൂല്‍ മട്ടാഞ്ചേരിയിലെ ഒരു ടാക്സി ഡ്രൈവര്‍ ആണ് ചേട്ടനായ അന്‍വറും(സംവിധായകന്‍ ആഷിക് അബു ) ഒത്തു മട്ടാഞ്ചേരിയില്‍ താമസിക്കുന്നു.റസൂലിന്‍റെ കൂട്ടുകാരെല്ലാം ഒരു തരം തല തെറിച്ചവരാണു.മനസ്സില്ലമനസ്സോടെയാണെങ്കിലും റസൂലും അവരുടെ പല അതിക്രമങ്ങള്‍ക്കും കൂട്ട് നില്‍ക്കുന്നു.അങ്ങനെയിരിക്കെ ആണ് അവന്‍ ആന്‍ഗ്ലോ ഇന്ത്യന്‍പെണ്‍കൊടിയും ഒരു വലിയതുണിക്കടയിലെ സെയില്‍സ്‌ഗേളുമായ അന്നയു(ആന്‍ഡ്രിയ)മായി പ്രണയത്തിലാകുന്നത്.എല്ലാ പ്രതിബന്ധങ്ങളെയും അതിജീവിച്ചു അവന്‍ അന്നയെ സ്വന്തമാക്കുമോ? അതാണ്‌ ഈ ചിത്രം പറയുന്നത്.
മലയാള സിനിമയില്‍ അന്യം നിന്നുപോയ സ്വാഭാവികതയാണ് ഈ ചിത്രത്തിലൂടെ ഉയിര്‍ത്തെഴുന്നേല്‍ക്കപ്പെടുന്നത്.ചിത്രത്തിന്‍റെ തുടക്കം മുതല്‍ ഈപ്രത്യേകത ഫീല്‍ ചെയ്തതിനു ഒരുകാരണം അതിന്‍റെ സ്പോട്ട് സൌണ്ട് റെകോര്‍ഡിംഗ് ആണെന്ന് പറയാം.പക്ഷെ അത് തന്നെ തുടക്കത്തിലെ ചില കല്ലുകടികള്‍ക്കും കാരണമാകുന്നു ഇന്ത്യയിലെ തന്നെ വളരെ മികച്ച ക്യാമറമാന്മാരില്‍ ഒരാളായ രാജീവ്‌ രവിയുടെ ചിത്രമായതിനാല്‍ വിഷ്വല്‍ കസര്‍ത്തുകളൊക്കെ പ്രതീക്ഷിച്ചിരുന്നു.ഈ കസര്‍ത്തുകളൊന്നും കാണിക്കാത്തതാണ് ഈ ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത.കഴിഞ്ഞ പത്തുവര്‍ഷത്തില്‍ ഇത് പോലെ പ്രണയം പ്രമേയമാക്കി ഒരു നല്ല സിനിമയുണ്ടാക്കപ്പെട്ടിട്ടില്ലെന്നു ഞാന്‍ നിസ്സംശയം പറയുന്നു.രാജീവ്‌ രവി ഇവിടെ മലയാള സിനിമയില്‍ ഒരു പുത്തന്‍ ട്രെന്‍ഡ് കൊണ്ട് വരാന്‍ ശ്രമിക്കുകയാണ് അതില്‍ വിജയിക്കുകയും ചെയ്തിരിക്കുന്നു.വളരെ ചെറിയ കഥാ പാത്രങ്ങള്‍ മുതല്‍ മുഴുനീള കഥാപാത്രങ്ങള്‍ അവതരിപ്പിക്കുന്ന പുതു മുഖങ്ങള്‍ വരെ വളരെ മനോഹരമായ അഭിനയമാണ് കാഴ്ച വെച്ചിരിക്കുന്നത്.സെക്കന്‍ഡ്‌ ഷോ എന്ന ചിത്രത്തിലെ സണ്ണി വെയിന്‍ തന്നെ ആണോ ഇതില്‍ മുഖ്യ കഥാ പാത്രത്തെ അവതരിപ്പിക്കുന്നത്‌ എന്നു നമ്മള്‍  അതിശയിച്ചു പോകും.ഫഹദിന്‍റെ സുഹൃത്തുക്കളായിവരുന്നവര്‍ അതിഗംഭീര അഭിനയം പ്രേക്ഷകര്‍ക്കായ്‌ പുറത്തെടുക്കുന്നു.ആന്ദ്രിയയുടെ നിസ്സംഗതയോടെയുള്ള അഭിനയം ഈ ചിത്രത്തിലെ കഥാപാത്രം ഡിമാണ്ട് ചെയ്യുന്നതാണെന്ന് അന്നയും റസൂലും കണ്ടു കഴിയുമ്പോള്‍ പ്രേക്ഷകന് മനസ്സിലാകും.
മധു  നീലകണ്ഠന്‍റെ ക്യമാറയുടെ മിതത്വം ചിത്രത്തിനെ വളരെയധികം സഹായിച്ചിട്ടുണ്ട്, പാശ്ചാത്തല സംഗീതത്തിന്‍റെ  ഒതുക്കവും പാട്ടുകളുടെ ലാളിത്യവും ചിത്രത്തിനു മനോഹാരിതയേകുന്നു.വളരെ മികച്ച തിരക്കഥയൊന്നും അല്ലെങ്കിലും രാജീവിന്‍റെ സംവിധാനം അതിഗംഭീരം.കുറച്ചുകൂടി നല്ല രചനകള്‍ അദ്ദേഹത്തിനു കിട്ടിയാല്‍ രാജീവ്‌ മലയാളത്തിനു അഭിമാനിക്കാവുന്ന ചിത്രങ്ങള്‍ നെയ്തെടുക്കുമെന്നു എന്‍റെ മനസ്സ് പറയുന്നു.
എടുത്തു പറയേണ്ട ഏക പ്രശ്നം ചിത്രത്തിന്‍റെ ദൈര്‍ഘ്യം ആണ്,മൂന്നു മണിക്കൂര്‍...രണ്ടു മണിക്കൂര്‍ തന്നെ ക്ഷമിച്ചിരിക്കാന്‍ കഴിയാത്ത ഇപ്പോഴത്തെ പ്രേക്ഷകര്‍ക്ക്   ഇതു കുറച്ചധികമാണ്.കുറച്ചു നീളം കുറച്ചാല്‍ റസൂലും അന്നയും പ്രേക്ഷകര്‍ കൂടുതല്‍ ഇഷ്ടപ്പെടുമെന്ന് തോന്നുന്നു.
മാറ്റിനി,അയ്‌ ലവ് മി" തുടങ്ങിയ ന്യൂ ജനറേഷന്‍ പേക്കൂത്ത് കണ്ടതിന്‍റെ ക്ഷീണം മാറാന്‍ ഈ ചിത്രം ഒന്ന് കണ്ടു നോക്കണം.  മലയാളസിനിമക്ക് ഈയിടെ ബാധിച്ച പൊങ്ങച്ചരോഗം ഈ ചിത്രത്തിനില്ല,പ്രണയ ചിത്രത്തിനു ഇന്നത്തെ തലമുറ കല്‍പ്പിച്ചിട്ടുള്ള നിറങ്ങളുള്ള കുപ്പയങ്ങളണിഞ്ഞുള്ള ഫാഷന്‍ പരേഡ്‌ പ്രതീക്ഷിച്ചു ചിത്രത്തിനിറങ്ങിത്തിരിച്ചാല്‍ പ്രേക്ഷകര്‍ നിരാശരാകും,  പകരം ജീവിത ഗന്ധിയായ മനോഹര ഒരു പ്രണയ ചിത്രം കാണണമെന്ന് മനസ്സോടെ ആഗ്രഹിച്ചു  തിയേറ്ററില്‍ കയറുന്ന എന്നെ പോലെ  ഒരു പ്രേക്ഷകനെ അന്നയും റസൂലും ഒരിക്കലും നിരാശരാക്കില്ല

No comments:

Post a Comment