Sunday 24 February 2013

ഷട്ടര്‍-പുത്തന്‍ കാഴ്ച്ചകളിലെക്കുള്ള വാതായനം

ഷട്ടര്‍ എന്ന ചിത്രത്തെകുറിച്ചു  പലയിടത്തും ഞാന്‍ വായിച്ചിരുന്നു.ഇതു  ഒരു ഹ്രസ്വ ചിത്രമായാണ് നിര്‍മ്മിച്ചതെന്നാണ് ഞാന്‍ അടുത്ത കാലം വരെ കരുതിയിരുന്നത് .
റഷീദ്‌  (സംവിധായക നടന്‍ ലാല്‍) ഗള്‍ഫ്‌ കാരനായ മധ്യ വയസ്കന്‍ ആണ്. ഭാര്യ 17,10 വയസ്സുള്ള രണ്ടു പെണ്മക്കള്‍ എന്നിവരുമായി സന്തോഷകരമായ കുടുംബ ജീവിതം നയിക്കുന്നറഷീദ്‌ പുത്തന്‍ തലമുറക്കാരനല്ല.അത് കൊണ്ട് തന്നെ അയാള്‍ക്ക്‌ കൌമാരപ്രായത്ത്തിലുള്ള തന്‍റെ മകളുടെ(റിയ സൈറ) കൂട്ടുകെട്ടുകളും സൌഹൃദങ്ങളും തീരെ പിടിക്കുന്നില്ല.മകളെ പതിനേഴു വയസ്സില്‍ തന്നെ കെട്ടിച്ചയക്കാനും അയാള്‍ തീരുമാനാമെടുക്കുന്നു.വീടിനു മുന്നില്‍ തന്നെ ഇയാള്‍ വാടകക്ക് കൊടുക്കാനായി ഒരു ലൈന്‍ കെട്ടിടം പണിയിച്ചിട്ടുണ്ട് അതിലെ ഒരു ഒഴിഞ്ഞ മുറിയിലിരുന്നാണ്റഷീദിന്‍റെ കൂട്ടുകാരുമൊത്തുള്ള മദ്യ സേവ .സുരന്‍(വിനയ്‌ ഫോര്‍ട്ട്‌) എന്ന ഓട്ടോ റിക്ഷ ഡ്രൈവര്‍ ആണ് റഷീദിന്‍റെ ഏറ്റവും അടുത്ത സുഹൃത്ത്‌.ഒരു ദിവസം രാത്രി മദ്യ സേവനം പകുതി ആയപ്പോള്‍ മദ്യത്തോടൊപ്പം മദിരാക്ഷിയോടും റഷീദിന് ഒരു പൂതി.ഒരു അഭിസാരികയെ(സജിത മഠത്തില്‍) ഒപ്പിച്ചു  നല്‍കി ഒഴിഞ്ഞു കിടക്കുന്ന കടമുറിയില്‍ റഷീദിനെയും അഭിസാരികയെ തനിച്ചാക്കി ഭക്ഷണം മേടിക്കാന്‍ പോകുന്ന സുരന്‍ ഒരു അക്കിടിയില്‍ ചെന്ന് പെടുകയും പിന്നീടുള്ള ഉദ്വേഗ ജനകമായ രണ്ടു രാത്രികളില്‍ സംഭവിക്കുന്നതെന്തെന്ന് പറയുകയും ചെയ്യുന്ന ചിത്രമാണ് ഷട്ടര്‍.ഇതിനിടയില്‍ മനോഹരന്‍ എന്ന സിനിമാക്കാരന്‍ (ശ്രീനിവാസന്‍) ചിത്രത്തില്‍  മുഴുനീളം നിറഞ്ഞു നില്‍ക്കുന്നു.
അന്നയും റസൂലും എന്ന ചിത്രത്തില്‍ അന്നയുടെ അച്ഛന്‍റെ കഥാപാത്രത്തെ അവതരിപ്പിച്ച ജോയ്‌ മാത്യു എന്ന കലാകാരനാണ് ഈ ചിത്രത്തിന്‍റെ കഥ,തിരക്കഥ,സവിധാനം എന്നീ കടമകള്‍ നിര്‍വഹിച്ചിരിക്കുന്നത്.ലാല്‍,വിനയ്‌ ഫോര്‍ട്ട്‌ എന്നീ വിരലിലെണ്ണാവുന്ന അഭിനേതാക്കള്‍ ഒഴിച്ച് ബാക്കിയെല്ലാവരും അത്ര പ്രശസ്തരല്ലാത്തവരാണ്.അവരെല്ലാവരും വളരെ നന്നായിരിക്കുന്നു.സജിത മഠത്തില്‍ അവതരിപ്പിച്ച അഭിസാരിക അതിഗംഭീരമായിരിക്കുന്നു.ഇതിലുള്ള അഭിനയത്തിനാണ് അവര്‍ക്ക് രണ്ടാമത്തെ നല്ല നടിക്കുള്ള സംസ്ഥാന അവാര്‍ഡ്‌ കിട്ടിയത്.( എന്‍റെ അഭിപ്രായം റീമ കല്ലിങ്ങലിനെക്കാളും ഒന്നാം സ്ഥാനം അര്‍ഹിക്കുന്നത് ഈ നടിയാണെന്നാണ്).ക്യാമറ എഡിറ്റിംഗ്  എന്നിവയൊന്നും പ്രത്യേകപരാമര്‍ശം ഒന്നും  അര്‍ഹിക്കുന്നില്ല.ശബാസ്‌ അമന്‍റെ  പശ്ചാത്തല സംഗീതം എനിക്കിഷ്ടപ്പെട്ടില്ല. അവസരത്തിനനുസരിച്ചുള്ള സംഗീതം നല്‍കുന്നതില്‍ അദേഹം ഒരു പരാജയമായിട്ടാണ് എനിക്ക് തോന്നിയത്.
കുറെ കാലത്തിനു ശേഷമാണ് ഞാന്‍ വളരെ ലളിതമായതും വെറും നിഷ്കളങ്കമായതുമായ രീതില്‍ കഥ പറഞ്ഞു പോകുന്ന ഒരു ചിത്രം കാണുന്നത്.പദ്മരാജന്‍,ഭരതന്‍,ചിത്രങ്ങളുടെ ഒരു തരം നിഷ്കളങ്കതയാണ് അവരുടെ ചിത്രങ്ങള്‍ എനിക്കെപ്പോഴും പ്രിയതരമാക്കിയിട്ടുള്ളത്.ലാല്‍  ഇടക്കിടെ ഭാഷയില്‍ തന്‍റെ കോഴിക്കോടന്‍ ശൈലി കൈവിടുന്നതും,ക്രിസ്ത്യാനിയായ ജോസഫ്  എന്ന കഥാപാത്രം " എന്‍റെ ഭഗവാനെ ഇവനെ കൊണ്ട് തോറ്റു" എന്ന് പറയുന്നത്തുമെല്ലാം കഥയുടെ മികവില്‍ നാം സാരമാക്കില്ല.
ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍ കൊണ്ട് വികലമാക്കപ്പെടാമായിരുന്ന ഒരു കഥാ തന്തുവാണ് ചിത്രത്തിന്‍റെതെങ്കിലും വളരെ സഭ്യമായ ശൈലിയാണ് കഥാകാരന്‍ തിരഞ്ഞെടുത്തിട്ടുള്ളത്. "എനിക്കൊന്നും അവകാശപ്പെടാനില്ല" എന്ന മട്ടില്‍ ജോയ്‌ മാത്യു പ്രേക്ഷകനുമുമ്പില്‍ വെച്ച് നീട്ടുന്ന ഈ ചിതം പ്രേക്ഷകരുമായി നന്നായി സംവദിക്കുന്നുണ്ട്. കുറെയധികം "ജാഡ തെണ്ടികള്‍" വാഴുന്ന ഈ മലയാള സിനിമാ ലോകത്തില്‍ ജോയ്‌ മാത്യുവിന്‍റെ നിഷ്കളങ്കമായ കഥ പറച്ചില്‍ പുതിയൊരു സിനിമാ സംസ്കാരത്തിലെക്കുള്ള ഷട്ടര്‍ ഉയര്‍ത്തും,അത് തീര്‍ച്ച.ഷട്ടര്‍ നമ്മള്‍ കാണേണ്ട ഒരു ചിത്രം തന്നെ.....














Friday 8 February 2013

നത്തോലി ഒരു ചെറിയ മീനല്ല -ഉണക്ക മീന്‍

                              നത്തോലി ഒരു  ചെറിയ മീനല്ല,പേരില്‍ എന്തോ പ്രത്യേകത പിന്നെ വി .കെ പ്രകാശ്‌ എന്ന സംവിധായകനെക്കാളും   താര പരിവേഷമുള്ള ഫഹദ്‌ ഫാസില്‍ ഇതൊക്കെയായിരുന്നു ചിത്രം കാണാനുള്ള പ്രേരണ.

നാട്ടുകാരുടെ  ഇടയില്‍ നത്തോലി എന്നറിയപ്പെടുന്ന പ്രേമന്‍(ഫഹദ്‌ ഫാസില്‍) നാട്ടില്‍ പ്രത്യേകിച്ച് ഒന്നും ചെയ്യാതെ ഊര് തെണ്ടി നടക്കുന്ന ഒരുവനാണ്.ആള്‍ ഒരു സിനിമാ ഭ്രാന്തന്‍.കാരണം മറ്റൊന്നുമല്ല അമ്മ പൂര്‍ണ്ണഗര്‍ഭിണിയായിരുന്നപ്പോള്‍ പോലും സിനിമാതിയെട്ടറില്‍ "പെറ്റ് കിടക്കുകയായിരുന്നു" പ്രസവ വേദന വന്നതും തിയ്യേറ്ററില്‍ വെച്ച്.മകന്‍ വലുതയാപ്പോള്‍ അമ്മയ്ക്ക് ആധി മൂക്കുകയും നാട്ടിലെ പ്രമാണിയായ ലീലാ കൃഷ്ണന്‍റെ കയ്യും കാലും പിടിച്ചു മകനെ അദേഹത്തിന്‍റെ ഫ്ലാറ്റ്‌ സമുച്ചയത്തിന്‍റെ കാര്യസ്ഥനായി ജോലി  വാങ്ങിയെടുക്കുകയും ചെയ്യുന്നു.നത്തോലി പ്രേമന്‍ പെരിയാര്‍ പുഴതീരത്തുള്ള ആ ഫ്ലാറ്റിലെ ജോലി സ്വീകരിക്കുന്നത് തന്നെ അവിടെയിരുന്നു ഒരു സിനിമാക്കഥഎഴുതി പ്രശസ്തനാകം എന്ന അതിമോഹത്തോടു കൂടിയാണ്.അവിടത്തെ അന്തേവാസികള്‍ പ്രഭ തോമസ്‌ (കമാലിനി മുക്കര്‍ജി),ഗീത കൃഷ്ണന്‍ (സത്താര്‍),ലക്ഷ്മി @സൈനുതാത്ത (ഐശ്വര്യ) എന്നിങ്ങനെ കുറെ പേരാണ്.അവരുടെയെല്ലാം പീഡനമേറ്റ് വാങ്ങിക്കൊണ്ടാണ്  നത്തോലിയുടെ ദൈനം ദിന ജീവിതം.ചെയ്യത്തകുറ്റത്തിനു അവിടത്തെ അന്തെവാസികലുടെ തല്ലു കൊള്ളുന്ന നത്തോലി പകരം വീട്ടുന്നത് അവരെ കഥാപാത്രങ്ങളായി ഒരു തിരക്കഥ സൃഷ്ടിച്ചു കൊണ്ടാണ്.ഇടവേള വരെ കിതച്ചു നീങ്ങുന്ന ചിത്രം പിന്നീടങ്ങോട്ട് തലയും വാലുമില്ലതെയാണ് നീങ്ങുന്നത്.ഇതിലെ കഥാപാത്രമായ നത്തോലി കഞ്ചാവടിച്ച് കൊണ്ടാണ് കഥയെഴുതുന്നത്.ഒരു ഘട്ടത്തില്‍ എനിക്ക് തോന്നി പ്രേക്ഷകരും കൂടി കഞ്ചാവടിച്ചാലെ സിനിമയില്‍ എന്താണ് നടക്കുന്നതെന്ന് മനസ്സിലാവുകയുള്ളൂ  എന്ന് .ഏറ്റവും വലിയ ആശ്വാസം ചിത്രം രണ്ടു മണിക്കൂറില്‍ താഴയെ ഉള്ളൂ എന്നതാണ്.പ്രേക്ഷകരുമായി തീരെ സംവദിക്കാത്ത ഒരു ചിത്രമായാണ് എനിയ്ക്ക് തോന്നിയത്.കുഴപ്പം ശങ്കര്‍ രാമകൃഷ്ണന്‍റെ തിരക്കഥയുടെ തന്നെ..ഈചിത്രത്തില്‍ തന്നെ ഒരു ഡയലോഗ് ഉണ്ട് ,സംവിധായകനെ പറ്റി"വി.കെ പ്രകാശ്‌ എന്നാ ഒരു ഡയറക്ടര്‍ ഇല്ലെ എല്ലാ മാസവും ഓരോ സിനിമ വീതം എടുക്കുന്ന അസുഖമുള്ള ആള്‍ "അത് തന്നെയാണ്   ചിത്രത്തിനും സംഭവിച്ചത്.അസുഖം മാറ്റാനായും എണ്ണം കൂട്ടാനായി സിനിമയെടുക്കുമ്പോള്‍  അനുഭവിക്കേണ്ടത് കാശ്മുടക്കി സിനിമ കാണുന്ന എന്നെ പോലുള്ള പ്രേക്ഷകരാണ് . ഈചിത്രം കണ്ടു കഴിഞ്ഞപ്പോള്‍ എനിക്ക് ഫഹദിനോടുള്ള ഇഷ്ടംഗണ്യമായി കുറഞ്ഞു,അദ്ദേഹത്തിന്‍റെ അഭിനയം ശരിക്കും ഒരു കോമാളി കളിയായി തോന്നി.
തനി  നാടും പുറത്ത്കാരനായ നത്തോലി എങ്ങനെയാണ് ഹോളിവുഡ്‌  സ്റ്റയിലില്‍ ഇംഗ്ലീഷ് പറയുന്ന നായകനെ സൃഷ്ടിച്ചതെന്ന് സധാരണക്കാരനായ എനിക്ക് മനസ്സിലാകുന്നില്ല
റീമ കല്ലിങ്കല്‍ ചിത്രത്തില്‍ എന്തിനാണ് ?
കൂടുതലൊന്നും പറയാനില്ലാത്തതു കൊണ്ട്  അധികം വെച്ച് നീട്ടുന്നില്ല
നത്തോലി ഒരു ചെറിയ  മീനല്ല ....ഒരു ഉണക്ക മീനായി പോയി