Friday 22 March 2013

റെഡ്‌ വൈന്‍- ചുവന്ന വെള്ളം

റെഡ്‌ വൈന്‍- മത്തു പിടിപ്പിക്കുന്ന പേര്,  വൈകിട്ടെന്താ പരിപാടീ എന്ന് ചോദിച്ചു പ്രലോഭിപ്പിക്കുന്ന ലാലേട്ടന്‍ കൂട്ടിനു യുവ പ്രതിഭകളായ ഫഹദ്‌ ഫാസിലും , ആസിഫ്‌ അലിയും ഒരു സൂപ്പര്‍ ഹിറ്റ്‌ ചിത്രത്തിനു മറ്റു എന്ത് ചേരുവകള്‍ വേണം?
ഇനി  കഥയിലേക്ക്: അനൂപ്‌ (ഫഹദ്‌ ഫാസില്‍) ഒരു എന്‍ജിനീയറിംഗ് ബിരുദധാരിയും ,ഒരു നാടക അഭിനേതാവും അതിലുപരി കറ കളഞ്ഞ ഒരു സഖാവുമാണ്.ഫഹദിന്‍റെ സഹപാടികളും ആത്മ സുഹൃത്തുക്കളുമാണ് നവാസും (സിജു കുറുപ്പ്) ഭാര്യ ശ്രീ ലക്ഷ്മിയും (അനുശ്രീ).അവിടെ വെച്ച് ജാസ്മിന്‍ (മരിയ ജോണ്‍) എന്നാ സുന്ദരിയായഒരു കലാകാരിയുമായി പരിചയപ്പെടുകയും അവര്‍ തമ്മില്‍ പ്രേമത്തിലാകുകയും ചെയ്യുന്നുണ്ട്.അതിനിടയില്‍ ജസ്ന (മീര നന്ദന്‍) ഫഹദിന്‍റെ നാടകത്തില്‍ സഹനടിയായി വന്നു പോകുന്നു. അങ്ങനെയിരിക്കെ സഖാവ് അനൂപ്‌ ഒരു ദുരൂഹ സാഹചര്യത്തില്‍ ലോഡ്ജ് മുറിയില്‍ കൊല്ലപ്പെടുന്നു.കൊലപാതകത്തെ കുറിച്ചുഅന്വേഷണം നടത്താന്‍ അസിസ്റ്റന്‍ട് കമ്മീഷണര്‍ രതീഷ്‌ വാസുദേവന്‍ ആയി രംഗത്തെത്തുന്നത്‌ മറ്റാരുമല്ല മലയാളത്തിന്‍റെ മഹാ നടന്‍ മോഹന്‍ലാല്‍ ആണ്. ഒരു പാരലല്‍ ട്രാക്ക്‌ പോലെ രമേഷും (ആസിഫ്‌ അലി) ഭാര്യദീപ്തിയും(മിയ ജോണ്‍) എത്തുന്നു.പിന്നെ ചിത്രത്തിന്‍റെ തുടക്കത്തില്‍ തന്നെ നഴ്സറി കുട്ടിയായ പ്രേക്ഷകന് പോലും തുടക്കത്തിലെ മനസ്സിലാക്കാനാകുന്ന സസ്പെന്‍സ് കൊലയാളിയെ കണ്ടെത്താനുള്ള ലാലിന്‍റെ തത്രപ്പാടാണ് ചിത്രത്തിനെ മുന്നോട്ടു നയിക്കുന്നത്. നൌഫല്‍ ബ്ലാതൂരിന്‍റെ കഥക്ക് തിരക്കഥയും സംഭാഷണവും പടച്ചിട്ടുള്ളത്  മാമ്മന്‍ കെ രാജന്‍ എന്ന നവാഗതന്‍ ആണ്.സംവിധാനം ലാല്‍ജോസിന്‍റെ ശിഷ്യനായിരുന്ന സലിം ബാപ്പു എന്നു പേരുമാറ്റിയ സലിം വാരപ്പെട്ടി ആണ്.കേട്ട് മറക്കാവുന്ന ഗാനങ്ങള്‍ രചിച്ചത് ശരത് വയലാറും സംഗീതം ബിജിപാലും.ചിലഭാഗങ്ങളില്‍ നന്നായി വരുന്ന പശ്ചാത്തല സംഗീതം മറ്റു പലയിടങ്ങളിലും ആരോചകവുമാകുന്നുണ്ട്.വളരെ പേര് കേട്ട ക്യാമാറക്കാരന്‍ മനോജ്‌ പിള്ള തന്‍റെ ഉപകരണം കൊണ്ട് മായാജാലം ഒന്നും കാണിച്ചിട്ടില്ല.    തികച്ചും സാധാരണമായ, ഏതു പോലീസുകാരനും അഭിനയിക്കാവുന്ന കഥാപാത്രങ്ങള്‍ ആണ് ചിത്രമുടനീളം.കുറെയേറെ നല്ല കലാകാരന്മാരെ നിര്‍ഗുണന്മാരായ പാത്ര സൃഷ്ടിയിലൂടെ അവതരിപ്പിച്ചത് സംവിധായകന്‍ ചെയ്ത പാതകമായാണ് എനിക്ക് തോന്നിയത്.ഫഹദ്‌ ആണ് ചിത്രത്തിലെ കേന്ദ്ര ബിന്ദു,അത് ഫഹദ്‌ നന്നായി കൈകാര്യം ചെയ്തിരിക്കുന്നു.മോഹന്‍ ലാലിനു പകരം ആര് ചെയ്താലും രതീഷ്‌ വാസുദേവന്‍  നന്നാകാനോ മോശമാകനോ പോകുന്നില്ല ,അത്ര ദുര്‍ബലമാണ് ആ കഥാപാത്രം.റെഡ്‌ വൈന്‍ എന്ന ചിത്രത്തിന്‍റെ പേര് കൊണ്ട് ഉദ്യെശിച്ചത്‌ കമ്യൂനിസത്തെ ആണോ  രക്തപങ്കിലമായ കൊലപാതകത്തെ ആണോ എന്ന് എനിക്ക് മനസ്സിലായില്ല.സുരാജ് വെഞ്ഞാറമ്മൂട്,മീര നന്ദന്‍,കൈലാസ്‌,ടി ജി രവി എന്നിങ്ങനെ കുറെ കലാകാരാന്മാര്‍ ഒരു കാര്യവുമില്ലാതെ വന്നു പോകുന്നു. ഈ ചിത്രത്തില്‍ സസ്പെന്‍സ് ഇല്ലെങ്കിലും കൊലയാളിയെ  ഈ റിവ്യു വിലൂടെ ഞാന്‍ വെളിച്ചത്തു കൊണ്ട് വരുന്നില്ല. 
കുറെ  പാലും പഞ്ചസാരയും കശുവണ്ടിയും മാത്രം ചേര്‍ത്തിളക്കിയാല്‍ അത് ഒരു പായസമാകില്ല,അത് വേണ്ട ചേരുവയില്‍ ചേരുംപടി ചേര്‍ക്കുക കൂടി വേണം.
അത്  പോലെ സൂപ്പര്‍ സ്റ്റാറുകള്‍ ചിത്രത്തില്‍ വെറുതെ അണി നിരന്നാല്‍ അതൊരു നല്ല ചിത്രമാകില്ല  മറിച്ചു അവരെ നല്ല രീതിയില്‍ ഉപയോഗിക്കാന്‍ കഴിഞ്ഞാല്‍ മാത്രമേ ഒരു നല്ല ചിത്രമുണ്ടാകൂ.
റെഡ്‌ വൈന്‍- വെറും ചുവന്ന വെള്ളം





No comments:

Post a Comment