Saturday 31 March 2018

സ്വാതന്ത്ര്യം അർദ്ധ രാത്രിയിൽ

























ഏകദേശം അഞ്ചു വര്ഷങ്ങളുടെ  ഇടവേളയ്ക്കു ശേഷം ആണ് ഞാൻ വീണ്ടും ഒരു പുതിയ ചിത്രത്തിൻ്റെ   നിരൂപണവും ആയി വരുന്നത്.പേര് കേട്ട സംവിധായകന്മാരുടെ ചപ്പു ചിത്രങ്ങൾക്ക് നിരൂപണം എഴുതുമ്പോൾ അവർ കാണിച്ച അസഹിഷ്ണുത ആണ് കുറച്ചു കാലത്തേക്ക് എൻ്റെ എഴുത്ത്  നിർത്തിച്ചത്.കോടതി അവധി ആയതു കൊണ്ട് ഈ ചിത്രം ആദ്യ ദിവസം ആദ്യ ഷോ കാണാൻ സാധിച്ചത് കൊണ്ട് എൻ്റെ ബ്ലോഗിന് പുനർജീവനം നൽകാം എന്ന് കരുതി.
ടിനു പാപ്പച്ചൻ എന്ന സംവിധായകന്റെ ആദ്യ ചിത്രം സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ എന്ന ചിത്രത്തിൻ്റെ പോസ്റ്ററുകളും ടീസർകളും   എന്നെ ആദ്യം മുതലേ ആകർഷിച്ചിരുന്നു,എന്നാലും മുഖചിത്രം കൊണ്ട് ഒരു പുസ്തകത്തെ വിലയിരുത്താനാവില്ല എന്ന് പറയുന്നത് പോലെ ചിത്രം കാണാതെ നമുക്ക് അതിനെ വിലയിരുത്താനാകില്ല എന്നത് ഒരു സത്യമാണ് .
ഇനി കഥാസാരം:പ്രത്യേക സാഹചര്യത്തിൽ കാമുകിയെ നഷ്ടപ്പെട്ട് ജയിലിലേക്ക് എത്തി ചേരുന്ന നായകൻ ജേക്കബ് (ആൻ്റെണി വര്ഗീസ്).ഒരു വശത്തു ചെകുത്താന്മാരായ പോലീസുകാർ മറുവശത്തു കടലോളം വലുപ്പമുള്ള ശത്രുക്കൾ .ജയിലിനുള്ളിൽ കിടത്തി തന്നെ കൊലപ്പെടുത്താം എന്ന് പോലീസ് തന്നെ കൊട്ടേഷൻ ഏറ്റെടുത്ത  അവസ്ഥ .അങ്ങനെയിരിക്കെ ജയിലിലുള്ള ചില തടവുകാരും ഒന്നിച്ചു ജയിൽ ചാടാൻ ഉള്ള പ്ലാൻ അയാൾ ഇടുന്നു.അതിനു തിരഞ്ഞെടുക്കുന്ന ദിവസം ആഗസ്ത് 15  ആണ് . അതിൽ അയാൾ വിജയിക്കുമോ ഇല്ലയോ എന്നതാണ് ചിത്രം.ക്ലൈമാക്സ് പറഞ്ഞു കാണുന്ന രസം കളയുന്നില്ല.ചിത്രത്തിലെ നായകൻ ആന്റണി വര്ഗീസ് ആണ് എന്ന് പറയാനാകില്ല.  ഓരോ കഥാപാത്രവും നായകനോളം തന്നെ മികച്ചു നിൽക്കുന്നു.വിനായകനും (സെബി) ചെമ്പൻ വിനോദിനും ( കള്ളൻ ദേവസ്യ) എത്ര മാത്രം ആരാധകരുണ്ടെന്നു കാണികളുടെ കയ്യടികളിൽ നിന്നും തിരിച്ചറിയാം.ചിത്രത്തിന്റെ ഹൈലൈറ് അതിന്റെ ക്യാമറയും(ഗിരീഷ് ഗം ഗാധരൻ) പാശ്ചാത്തല സംഗീതവും( ദീപക് അലക്സൻഡർ) ആണ് . ജയിൽ ചാട്ടം വിഷയം ആക്കി ഒട്ടനവധി ചിത്രങ്ങൾ ഇറങ്ങിയിട്ടുണ്ടെങ്കിലും മലയാളത്തിലെ എന്നല്ല ഇന്ത്യൻ സിനിമകളിൽ തന്നെ ഒരു മികച്ച ജയിൽ ചാട്ട ചിത്രം എന്ന് ഇതിനെ വിശേഷിപ്പിക്കാം.ഏകദേശം രണ്ടു മണിക്കൂറോളം വരുന്ന ചിത്രത്തിൻ്റെ സിംഹ ഭാഗവും ജയിലിൻ്റെ ഉള്ളറകളിൽ ആണ്. തുടക്കം മുതൽ ഒടുക്കം വരെ ഒരു ബോറടിയും തോന്നിക്കാതെ ഇത്തരം സിനിമകൾ എടുക്കുക എന്നത് അത്ര എളുപ്പം ഉള്ള പണി അല്ല. കാൻവാസ്‌ ചെറുതാകുമ്പോൾ തെറ്റ് കുറ്റങ്ങൾ വരുത്താനും അവ കണ്ടു പിടിക്കപ്പെടാനുള്ള സാധ്യതകളും ഏറെ ആണ്..സവിശേഷമായി പറയേണ്ട മറ്റൊരു കാര്യം ഇതിലെ സംഘട്ടന രംഗങ്ങൾ തന്നെ . പീറ്റർ ഹെയ്‌നിനെ പോലും അതിശയിപ്പിക്കുന്ന തരത്തിൽ ആണ്  അവ ചിത്രീകരിക്കപെട്ടിരിക്കുന്നത്. കുറച്ചു രംഗങ്ങളിൽ മാത്രമേ വരുന്നുള്ളൂ എങ്കിലും മികച്ച സംവിധായകന്മാരിൽ ഒരാളായ ലിജോ പെല്ലിശ്ശേരി അധോലോക വക്കീലായി രംഗത്ത്  കസറി.ചിത്രത്തിൻ്റെ തുടക്കവും ഒടുക്കവും മാത്രം പ്രത്യക്ഷപ്പെടുന്ന നായികക്ക് പ്രത്യേകത ഒന്നും പറയാനില്ല.അങ്കമാലി ഡയറിയിലുള്ള പല താരങ്ങളും ഇതിൽ പ്രത്യക്ഷപ്പെടുന്നുണ്ടെങ്കിലും ആ ചിത്രത്തിൻ്റെ കഥാപാത്രങ്ങളുടെ നിഴൽ പോലും വരാതിരിക്കാൻ സംവിധായകനും അഭിനേതാക്കളും ശ്രദ്ധിച്ചിരിക്കുന്നു .കഥയുടെ അവസാനം വിനായകൻ്റെ ആഗമനോദ്ദേശ്യം എന്തായിരുന്നു എന്ന് പ്രേക്ഷകരിലേക്ക് എത്തിക്കാൻ തിരക്കഥ കൃത്തിനും സംവിധായകനും കഴിഞ്ഞില്ല എന്നത് മാത്രം ആണ് ചിത്രത്തിൻ്റെ    ചെറിയ ന്യൂനത ആയി പറയാനുള്ളത്.മികച്ച ഒരു സംവിധായകനെ ആണ് ടിനു പാപ്പച്ചനിലൂടെ നമ്മടെ മലയാള സിനിമക്ക് ലഭിച്ചിട്ടുള്ളത്.മലയാള സിനിമ മാറ്റത്തിൻ്റെ പാതയിലാണ് എന്നത് ശുഭ സൂചകം തന്നെ.
സ്വാതന്ത്ര്യം അർദ്ധ രാത്രിയിൽ is a thrilling entretainer ....

വാൽക്കഷ്ണം : ഈ ചിത്രത്തിലെ  നായകൻ ആരാണെന്നു ചോദിച്ചാൽ ഞാൻ പറയും അത് ബീഡി ആണെന്ന്..കാരണം ബീഡി ഇല്ലാതെ ഒരു ഫ്രെയിം പോലും ചിത്രത്തിൽ ഇല്ല.