Sunday 15 April 2018

കമ്മാര സംഭവം -ചരിത്രം

കമ്മാര സംഭവം ഇന്നലെ ആണ് ഇറങ്ങിയതെങ്കിലും ആരും അതിനെ കുറിച്ച് അഭിപ്രായങ്ങൾ ഒന്നും പറഞ്ഞു കണ്ടില്ല.വിവാദ നായകൻ എന്ത് സംഭവം ആണ് പ്രേക്ഷകർക്ക് കരുതി വെച്ചിരിക്കുന്നത് എന്ന് ഒരു ആകാംഷ ഉണ്ടായിരുന്നു.ഇന്നലെ ടിക്കറ്റു കിട്ടാത്തത് കൊണ്ട് പഞ്ചവർണ്ണതത്തക്കു കേറി കിളി പോയതാണ്.
ചിത്രത്തിൻ്റെ  ടാഗ് ലൈൻ മഹാനായ നെപ്പോളിയൻ ചക്രവർത്തിപറഞ്ഞ ഈ വാക്കുകൾ ആണ്  :

History is the version of past events that people have decided to agree upon.

കേരളത്തിലെ സമകാലീന സാമൂഹിക പ്രശ്നമാണല്ലോ തുറന്നതും തുറക്കുന്നതും തുറക്കാനിരിക്കുന്നതുമായ ബാറുകൾ.മദ്യമുതലാളിമാരുടെ പണം കൊണ്ട് ഇലക്ഷൻ ജയിക്കുന്നതു ഇടത്   ആണെങ്കിലും വലത്‌  ആണെങ്കിലും പണികിട്ടുന്നതു മദ്യമുതലാളിമാർക്കാണ്.അതുകൊണ്ടു ആ പണം കൊണ്ട് ഐ ൽ പി എന്ന ഈർക്കിലിപാർട്ടിയെ വളർത്തി വലുതാക്കി ഇലക്ഷനിൽ ജയിപ്പിച്ചു അധികാരത്തിൽ വരുത്തുവാനും അങ്ങിനെ ഒരു പാവ സർക്കാരിനെക്കൊണ്ട് മദ്യ മുതലാളിമാർക്ക് (വിജയ രാഘവൻ,കരമന സുധീർ , ബൈജു)ഭരണം നടത്താം എന്നും ആസൂത്രണം ചെയ്തു അവർ കമ്മാരൻ (ദിലീപ്എ)ന്ന ഒരു 92 കാരൻ  പഴയ നേതാവിനെ (സ്വാതന്ത്ര്യ  സമര സേനാനി കൂടിയായ ) സമകാലീന രാഷ്ട്രീയത്തിൽ കൊണ്ട് വരാൻ ശ്രമിക്കുന്നു.ഈ നേതാവിനെ മഹത്വവൽക്കരിക്കാനും പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തുവാനുമായി മദ്യ മുതലാളികൾ ചേർന്ന് ഒരു സിനിമ പി ടിക്കാൻ തീരുമാനിക്കുന്നു.  അതിനായി ഒരു മലയാളി സംവിധായകൻ വേണ്ട എന്നാണ് നിശ്ചയിക്കുന്നത് അവരാകുമ്പോൾ  ഇടത്തേക്കോ വലത്തേക്കോ ചായാൻ ഇടയാകും എന്ന് കരുതി ആണ്.അങ്ങനെ ആ ദൗത്യം പുലികേശി എന്ന ഒരു തട്ട് പൊളിപ്പൻ തമിഴ്  സംവിധായകൻ  ആയ പുലികേശിയെ(ബോബി സിംഹ ) ഏൽപ്പിക്കുന്നു.പക്ഷെ പുലികേശിക്കു ഒരു ഡിമാൻഡ് ഉണ്ട്,കമ്മാരനെ നേരിട്ട് കണ്ടു അയാളിൽ നിന്നും കഥ കേൾക്കണം.അങ്ങനെ മദ്യ മുതലാളിമാർ, ഇപ്പോൾ ഐ ൽ പി എന്ന ഈർക്കലിപാർട്ടി നേതാവ് ആയ സുരേന്ദ്രനേയും (ഇന്ദ്രൻസ്) കൂട്ടി അതിർത്തി ഗ്രാമത്തിലെ കമ്മാരന്റെ ഭവനത്തിൽ എത്തി ചേരുന്നു ഒരു ചെറിയ കുടിലിൽ അച്ഛനെ വില ഇല്ലാതെ മദ്യപാനിയായ .ബോസ് (സിദ്ധീഖ് )എന്ന മകൻ്റെ  ആട്ടും തുപ്പും കിട്ടി കഴിയുന്ന കമ്മാരനെ ഇവർ കണ്ടെത്തുന്നു.അർദ്ധ ബോധാവസ്ഥയിൽ കമ്മാരൻ തൻ്റെ യഥാർത്ഥ ചരിത്രം മുഴുവൻ സത്യസന്ധതയോടെ പുലികേശിയോട് പറയുന്നു.അതായത് വാസ്തവത്തിൽ കമ്മാരൻ കണ്ണിൽ ചോര ഇല്ലാത്തവനും, ചതിയനും തൻകാര്യ സാധ്യത്തിന്നായി എന്തും ചെയ്യാൻ മടി ഇല്ലാത്തവനും  ആണ്. കമ്മാരൻ്റെ  യഥാർത്ഥ ജീവിതം ആദ്യ പകുതിയും സിനിമയിലൂടെ വീര പരിവേഷം കൊടുക്കുന്ന കമ്മാരൻ്റെ ജീവിതം രണ്ടാം പകുതിയും ആക്കിയാണ് ചിത്രം പുരോഗമിക്കുന്നത്.അവസാനം വളർത്തിയവർക്കു തന്നെ പണി കൊടുക്കുന്ന കടൽ കിഴവനായാണ് കമ്മാരൻ മാറുന്നത്.
ദിലീപിന്റെ ജീവിതത്തിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രം ആണ് കമ്മാരൻ്റെത് . മുരളീ ഗോപി എന്ന  സ്ക്രിപ്റ്റ് റൈറ്ററിൻ്റെ  മികവ് അപാരം .ഛായാഗ്രഹണം(സുനിൽ ) ,സംഗീതം (ഗോപി  സുന്ദർ) എഡിറ്റിംഗ് (സുരേഷ് ഉർസ് ) എല്ലാം എടുത്തു പറയേണ്ടത് തന്നെ.ദിലീപിന്റെ വളിപ്പ് കാണാൻ തീരുമാനിച്ചു സിനിമ കാണാൻ ഇറങ്ങുന്നവർ വീട്ടിലേക്കു തിരിച്ചു പോകുന്നതാണ് നല്ലതു. ചരിത്രത്തെ എങ്ങനെ വളച്ചൊടിക്കാം എന്ന് അത് എങ്ങനെ തങ്ങളുടെ രാഷ്ട്രീയ ലാഭങ്ങൾക്കു ഉപയോഗിക്കാം എന്നാണ് ചിത്രം തുറന്നു കാണിക്കുന്നത്.മലയാള സിനിമയിൽ പരീക്ഷിക്കാൻ പലരും ധൈര്യപ്പെടാത്ത ഒരു സ്ക്രിപ്ടിൽ  ആണ് പുതിയ സംവിധായകൻ (രതീഷ് അമ്പാട്ട്) കൈ വെച്ചിരിക്കുന്നത്.വളരെ ബ്രില്ലിയൻറ് ആണ് സംവിധാനം.പറയാനുള്ള മറ്റൊരു സവിശേഷത ഇതിന്റെ കല സംവിധാനവും സെറ്റുകളും ആണ്.സിദ്ധാർഥ്, മു രളി ഗോപി,നമിത  പ്രമോദ്, തുടങ്ങിഎല്ലാവരും  തകർത്തു അഭിനയിച്ചിട്ടുണ്ട്.ആകെ ബോർ ആയി തോന്നിയത് സിദ്ധാർഥ് ഡബ് ചെയ്തതാണ്.ദിപീപിൻ്റെ സ്ഥിരം പ്രേക്ഷകർ ആയ കുട്ടികളെ ഈ ചിത്രം തൃപ്തി പെടുത്തും എന്ന് തോന്നുന്നില്ല. ദിലീപിൻ്റെ കരിയറിലെ മികച്ച ചിത്രം ആയി ഞാൻ ഇതിനെ കാണുന്നു.മാധ്യമങ്ങളുടെ നെഗറ്റീവ് പബ്ലിസിറ്റിയെ അതിജീവിക്കാൻ കഴിഞ്ഞാൽ ഈ ചിത്രം നല്ലൊരു വിജയം ആയി തീരും. പിന്നെ ആസ്വാദന നിലവാരം അനുദിനം താഴ്ന്നു കൊണ്ടിരിക്കുന്ന മലയാളികൾ ഇതിനെ എങ്ങനെ സ്വീകരിക്കും എന്ന് പറയാനാകില്ല.എന്തായാലും നമുക്ക് കാത്തിരുന്നു കാണാം.
വാൽക്കഷണം: മീഡിയയും രാഷ്ട്രീയവും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട് തുറന്നു കാണിക്കുന്നത് കൊണ്ട്   ചിത്രത്തെ പൊളിക്കാൻ മാധ്യമങ്ങളും രാഷ്ട്രീയ പാർട്ടികളും കൈകോർത്തു കൊണ്ട് നെഗറ്റീവ് റിപ്പോർട്ട് കൊടുക്കുന്നുണ്ട്.
പക്ഷെ സത്യസന്ധമായ  റിവ്യൂ ഇന്ത്യൻ എക്സ്പ്രസ്സ് എഴുതിയിട്ടുണ്ട് 


Saturday 14 April 2018

പഞ്ചവർണ്ണ തത്ത - ചത്ത തത്ത ...

വ്യക്തിപരമായി ഞാൻ ഒരു രമേശ് പിഷാരടി ഫാൻ ആണ് അത് കൊണ്ട് ആദ്യ ദിവസം തന്നെ പഞ്ചവർണ്ണ തത്തയെ കണ്ടു കളയാം എന്ന് കരുതി. ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ ആയിട്ട് പോലും അധികം ആളില്ല.
ഹരി പി നായർ , രമേശ് പിഷാരടി എന്നിവർ രചിച്ചു രമേശ്  പിഷാരടി   സംവിധാനം ചെയ്ത ചിത്രം നിർമ്മിക്കുവാനുള്ള ഭാഗ്യം ലഭിച്ചിട്ടുള്ളത് ശ്രീ മണിയൻ പിള്ള രാജുവിന് ആണ്.(ചിത്രം റിലീസ് ചെയ്യുന്നതിന് മുമ്പ് തന്നെ 3.9 കോടിക്ക് മലയാള മനോരമ ടിവി ചിത്രത്തിൻ്റെ  സാറ്റലൈറ്റ് അവകാശം മേടിച്ചു എന്നാണ് അറിഞ്ഞത്.)ചിത്രം തുടങ്ങ്യ ആദ്യത്തെ പത്തു മിനുട്ടിനുള്ളിൽ തന്നെ ചിത്രത്തിൻ്റെ   നിലവാരം വ്യക്തമാകും.സിനിമയുമായി യാതൊരു ബന്ധവും ഇല്ലാത്ത ഒരു കല്യാണ സീനിലാണ് കഥ തുടങ്ങുന്നത് .കല്യാണത്തിന് വന്നവർക്കു ബിരിയാണി വിളമ്പാൻ വൈകുമ്പോൾ കുതിരക്കാരനായി അവതരിക്കുന്നത് റപ്പായി എന്ന ജയറാം വേഷം.പിന്നെ ഒരു പത്തു മിനുട്ടു ജയറാമിൻ്റെ  വക പാട്ടു പാടി വെറുപ്പിക്കൽ.റപ്പായി ഒരു മൃഗ സ്നേഹിയും മൃഗങ്ങളെ വിറ്റും വാടകക്ക് കൊടുത്തും വയറ്റു പിഴപ്പ് നടത്തുന്നവനുമാണ്. പണ്ട് സർക്കസ്സിലായിരുന്ന അയാൾക്ക് മുതലാളി സർക്കസ്സ് നിർത്തി ഈനാംപേച്ചി  മുതൽ മരപ്പട്ടി വരെ നൽകി നാട് വിടുന്നു.റപ്പായി താമസിക്കുന്നത്  നഗരത്തിലെ ഒരു പാർപ്പിട ശ്രുംഖലയിൽ ആണ്.അയ്യാളുടെ മൃഗ സ്നേഹം അവിടെ ഉള്ള മറ്റു നിവാസികൾക്കെല്ലാം ഉപദ്രവം ആണ്.അന്നാട്ടിലെ സിറ്റിംഗ് എം ൽ എ ആണ് കലേഷ് (കുഞ്ചാക്കോ ബോബൻ) അയാളുടെ ഭാര്യ സന്താന ഭാഗ്യം സിദ്ധിക്കാത്ത അനുശ്രീ ..പിന്നെ വിധവയായ 'അമ്മ മല്ലിക സുകുമാരൻ . ഇവർ താമസിക്കുന്നത് കലേഷിൻ്റെ   സുഹൃത്തായ  വിദേശ മലയാളി നിസാറിൻ്റെ കൊട്ടാര സദൃശമായ  വീട്ടിൽ.കോളനി നിവാസ്സികളും ആയി ചേർന്ന് കുഞ്ചാക്കോ ബോബൻ റപ്പായി ജയറാമിനെ അവിടെ നിന്നും ഓടിക്കാനുള്ള പദ്ധതി ആസൂത്രണം ചെയ്യുന്നു.പക്ഷെ അതിൽ പണി പാളി റപ്പായിയെയും അയാളുടെ മൃഗ ഗണങ്ങളെയും സ്വന്തം വീട്ടിൽ താമസിപ്പിക്കേണ്ട ഒരു ഗതികേട് (ഈ ചിത്രം കാണാൻ എനിക്ക് കേറേണ്ടി വന്ന ഒരു ഗതികേട് പോലെ ) കുഞ്ചാക്കോ കലേഷിന് വരുന്നു.ക്ളൈമസ് ഞാൻ എവിടെ പറയുന്നില്ല (കണ്ടിട്ട് സ്വയം അനുഭവിച്ചോ).കഥ-വട്ടപ്പൂജ്യം ..തിരക്കഥ -വട്ടപ്പൂജ്യം ...കാമറ- കുഴപ്പമില്ല .. സംഗീതം -ആവറേജ്. ചിത്രം കണ്ടു കഴിയുമ്പോൾ കിളി പോയാ അവസ്ഥ വരുന്നത് കൊണ്ട് പഞ്ചവർണ തത്ത എന്നതിന് പകരം പഞ്ചവർണ കിളി എന്നാണ് ചിത്രത്തിന് പേര് ഇടേണ്ടിയിരുന്നത്.ജയറാമിനെ കോമാളി വേഷം കെട്ടിച്ചു എന്തിനാണ് പിഷാരടി കഷ്ടപ്പെടുത്തുന്നത്?പക്ഷെ അദ്ദേഹം തന്നാൽ കഴിയുന്നത് ചെയ്തു. കുഞ്ചാക്കോ ബോബൻ്റെ അടുത്ത കാലത്തു  വന്ന ഏറ്റവും മോശം കഥാപാത്രം.മിണ്ടാപ്രാണികളെ കൊണ്ട് ഇങ്ങനെ  ഒക്കെ അഭിനയിക്കുന്നത് പോലെ ആണോ നല്ല കലാകാരന്മാരെ കൊണ്ട് ഇത്തരം കഥാ പാത്രങ്ങളിൽ അഭിനയിപ്പിക്കുന്നതു?ചുകന്ന ജെട്ടിയും ഇടീപ്പിച്ചു ഒരു ഫയല്മാനെ ചിത്രത്തിൽ ഇറക്കിയിട്ടുണ്ട് അതിന്റെ ഉദ്ദേശ്യം ഹാസ്യം ആണോ?ഇൻ്റെർവെൽ ശേഷം ധർമജൻ വന്നപ്പോളാണ് പ്രേക്ഷകന്  കുറച്ചെങ്കിലും ആശ്വാസം ലഭിക്കുന്നത്.  ബഡായി ബംഗ്ളാവിൽ നല്ല നർമ രസത്തോടെ അതിഥികൾക്ക് പണി കൊടുക്കാറുള്ള  താങ്കൾ പ്രേക്ഷകരും ഒന്നിച്ചു ഈ ചിത്രം കാണണം.സലിം കുമാർ അവതരിപ്പിച്ച കഥാപാത്രത്തിന് ഒരു കാമ്പും ഇല്ല. "സ്വാതന്ത്ര്യം അർദ്ധരാത്രിയി"ലും "സുഡാനി ഫ്രം നൈജീറിയയും കണ്ടിറങ്ങിയ പ്രേക്ഷകന് മുന്നിലാണ് ഈ ചിത്രം പ്രദർശിപ്പിക്കുന്നത് എന്ന് താങ്കൾ മനസ്സിലാക്കണം ശ്രീ പിഷാരടി.   രമേശ് പിഷാരടിയെ പോലുള്ള ഒരു കഴിവുറ്റ ആളിൽ നിന്നും ഇത്തരത്തിൽ ഉള്ള ഒരു നിലവാരം ഇല്ലായ്മ ഒരിക്കലും പ്രേക്ഷകർ പ്രതീക്ഷിക്കുന്നില്ല.(രമേശ് പിഷാരടി ആദ്യമായും അവസാനമായും നായകനായി വന്ന കപ്പൽ  മുതലാളി എന്ന ചിത്രം ആദ്യ ദിവസം തന്നെ കാണാൻ ഉള്ള ഗതികേട് ഒരു ദശാബ്ദത്തിനു മുമ്പ് എനിക്ക് സിദ്ധിച്ചതാണ്.) 
വാൽക്കഷ്ണം:പിഷാരടിക്കു പ്രേക്ഷകരെ ചിരിപ്പിക്കാൻ ചെയ്യാവുന്ന  ഒരു കാര്യം ഉണ്ട്.മാളുകളിൽ സിനിമ കണ്ട് കൊണ്ടിരിക്കുമ്പോൾ പോപ്കോണിനും പെപ്സിക്കും  ഓർഡർ എടുക്കാൻ വരുന്നവരെ ദിവസ കൂലിക്കു പ്രേക്ഷകരെ ഇക്കിളി ഇട്ടു ചിരിപ്പിക്കാൻ ഏർപ്പാടാക്കുക..പഞ്ചവർണ്ണ  തത്ത...ചത്ത തത്ത ......