Sunday 24 March 2013

ആമേന്‍- മനോജ്ഞ നന്ദനം

നായകന്‍,സിറ്റി ഓഫ് ഗോഡ്‌ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ലിജോ ജോസ് പല്ലിശ്ശേരി സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണെന്ന് തോന്നുന്നു ആമേന്‍.ആദ്യത്തെ രണ്ടു ചിത്രങ്ങളെക്കുറിച്ച് നല്ല അഭിപ്രായമൊന്നും പറയാനില്ലാത്തതു കൊണ്ട് ഈ ചിത്രത്തിന് മടിച്ചു മടിച്ചാണ് കയറിയത്.
കുട്ടനാട്ടിലെ ഒരു ഉള്‍നാടന്‍ ഗ്രാമത്തില്‍ പല ദശകങ്ങള്‍ക്കു മുമ്പുള്ള ഒരു പാശ്ചാത്തലത്തിലാണ് കഥപറയുന്നത്.ആ ഗ്രാമത്തിലെ ഗീവര്‍ഗ്ഗീസ് പുണ്യാളന്‍റെ ഒരു പള്ളിയും അതിലെ ബാന്‍ഡ് മേളക്കാരുമാണ് ചിത്രത്തിന്റെ മുഖ്യ കഥാപാത്രങ്ങള്‍.സോളമന്‍ (ഫഹദ്‌ ഫാസില്‍) ഗ്രാമത്തിലെ ഒരു പ്രസിദ്ധ ക്ലാരനറ്റ്‌ കലാകാരനായ  എസ്തപ്പന്‍റെ ഏക മകനാണ്.അച്ഛന്‍ ഒരു അപകടത്തില്‍ പെട്ട് മരിച്ചതില്‍ പിന്നെ സോളമന് ക്ലാരനെറ്റ്‌ കാണുമ്പോള്‍ തന്നെ പേടിയാണ്.ഇയാള്‍ ഗ്രാമത്തിലെ  പ്രമാണിയായ പണക്കാരന്‍റെ ഏക മകളായ ശോശന്നയുമായി(സുബ്രമണ്യപുരം ഫയിം സ്വാതി റെഡ്ഡി) ഗാഡ പ്രണയത്തിലാണ്.പള്ളിയില്‍ അച്ഛനാകാന്‍ കാംക്ഷിച്ച സോളമനെ പിന്തിരിപ്പിച്ചവള്‍ ഈ ശോശന്ന തന്നെ.പള്ളിയുടെ വലിയ അച്ചനായ ഒറ്റപ്ലാക്കല്‍ അച്ഛനെ സഹായിക്കാന്‍ എത്തുന്ന കൊച്ചച്ചനാണു ഫാദര്‍ വട്ടോളി (ഇന്ദ്രജിത്ത്).ഒറ്റപ്ലാക്കല്‍ അച്ഛനെ കുബുദ്ധി ഉപദേശിക്കാന്‍ ഒരു കള്ള കപ്യാരുണ്ട്(സുനില്‍) കൂടെ അവര്‍ ചേര്‍ന്ന് ഫാദര്‍ വട്ടോളിയെ ഒതുക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അതെല്ലാം വിഫലമാകുന്നു.ഫാദര്‍ വട്ടോളിയുടെ നേതൃത്വത്തില്‍ പള്ളിയുടെ ബാന്‍ഡ്‌ സംഘത്തെ ഉയിര്‍ത്തെഴുന്നേല്‍പ്പിക്കുന്നതും അത് സോളമന്‍റെയും ശോശന്നയുടെയും വിവാഹത്തില്‍ കലാശിക്കുന്നതുമാണ് കഥ.
ഫഹദ്‌  ഫാസില്‍ മുതലുള്ള എല്ലാ അഭിനേതാക്കളും കസറി അഭിനയിച്ചിരിക്കുന്നു.വാസന്തിയും ലക്ഷ്മിയും ഞാനും എന്നാ സിനിമയ്ക്ക് ശേഷം കലാഭവന്‍ മണിയ്ക്ക് ലഭിച്ച മികച്ച കഥാ പാത്രമാണ് പാപ്പന്‍ എന്ന കുഴലൂത്തുകാരന്‍.ഫഹദ്‌ ഫാസിലും ഇന്ദ്രജിത്തും മത്സരിച്ചാണ് അഭിനയിച്ചിരിക്കുന്നത്.ഒറ്റപ്ലാക്കല്‍ അച്ഛനെ അവതരിപ്പിക്കാന്‍  അവതരിപ്പിക്കാന്‍ സംവിധായക നടനായ ജോയ്‌ തോമസ്‌ അല്ലാതെ കഥാപാത്രത്തിനു ഇണങ്ങിയ മറ്റൊരാളെ കിട്ടുവാന്‍ ബുദ്ധിമുട്ട് തന്നെയാണ്.സ്വാതി റെഡ്ഡി,രചന ,മദാമ്മയായി വരുന്ന നടാഷ,ഫോര്‍ട്ട് കൊച്ചിക്കാരന്‍ ക്ലാരനെറ്റ്‌ വാദകനായി വരുന്ന മകരന്ദ്‌ ദേഷ് പാണ്ടെ എന്നിവരും മനോഹരമായിരിക്കുന്നു.  
പി എസ് റഫീക്ക്‌ ആണ് കഥയും തിരക്കഥയും രചിച്ചിരിക്കുന്നത്.റഫീക്ക്‌ വളരെ വ്യത്യസ്തമായ രീതിയിലാണ്   സംവിധായാകാന്‍  ലിജോ ജോസിനോടൊപ്പം കഥ കൊണ്ട് പോകുന്നത്.
 രണ്ടേമുക്കാല്‍ മണിക്കൂര്‍ ദൈര്‍ഘ്യം ഉള്ള ചിത്രമാണെങ്കിലും ഒരു നിമിഷം പോലും സ്ക്രീനില്‍ നിന്ന് കണ്ണെടുക്കാന്‍ പ്രേക്ഷകനാവില്ലെന്നതാണ് സത്യം.ചിത്രീകരണ മികവ് വെച്ചാണെങ്കില്‍ കഴിഞ്ഞ ഒരു ദശകത്തിനിടയില്‍ എങ്ങനെ ഒരു ചിത്രം ഉണ്ടായിട്ടില്ലെന്ന് ഞാന്‍ നിസ്സംശയം പറയും.എന്ത് പറയുന്നു എന്നതല്ല എങ്ങനെ പറയുന്നു എന്നതാണ് സിനിമ എന്ന് സംവിധായകന്‍ നമ്മളെ കാണിച്ചു  തരുന്നു.ദൈവത്തിന്‍റെ കണ്ണുകള്‍ പോലെ ക്യമാറ പറന്നുയരുന്നതും താണിറങ്ങുന്നതും പ്രേക്ഷകന് ഒരു അത്ഭുദ കാഴ്ച തന്നെയാണ്.അടുത്തകാലത്തൊന്നും ഇങ്ങനെയുള്ള ഒരു ക്യാമറ വര്‍ക്ക് ഞാന്‍ കണ്ടിട്ടില്ല.ക്യാമറ ചലിപ്പിച്ച അഭിനന്ദന്‍ രാമാനുജത്തിനെ സംവിധായകന്‍ എങ്ങനെ കണ്ടെത്തി എന്നുള്ളതാണ്.പിന്നെ ചിത്രത്തിന്‍റെ സംഗീതമാണ് ഈ ചിത്രത്തിനെ മനോഹരമാക്കുന്നതില്‍ മറ്റൊരു പ്രധാന പങ്കു വഹിച്ചിട്ടുള്ളത്.ചിത്രത്തിന് ഇത്രയും ഇഴുകി ചേരും  വിധത്തില്‍ സഗീതം നിര്‍വഹിക്കാന്‍ പ്രശാന്ത്‌ പിള്ളയ്ക്കല്ലാതെ മറ്റാര്‍ക്കെങ്കിലും കഴിയുമോ എന്ന് സംശയമാണ്. ലാറ്റിന്‍ അമേരിക്കയിലെ മാജിക്കല്‍ റിയലിസത്തിന്‍റെ വക്താവായ ഗബ്രിയേല്‍ ഗാര്‍സിയ മാര്‍കേസ് ആലപ്പുഴയിലെത്തി തന്‍റെതായ രീതിയില്‍ ഒരു കഥ രചിച്ചിരുന്നെങ്കില്‍ അത് ആമേന്‍ എന്ന ചിത്രം പോലെയിരിക്കും എന്ന് എനിക്ക് തോന്നുന്നു.ആമേനിന്‍റെ ക്ലൈമാക്സിനു ഒരു പഴയ സിനിമയുടെ ക്ലൈമാക്സുമായി ഒരു ചെറിയ സാദൃശ്യം തോന്നിയക്കാം, പക്ഷെ ആഖ്യാന രീതിയും പാശ്ചാത്തലവും വളരെ വ്യത്യസ്തമാണ് ആമേനില്‍.സാങ്കേതിക തികവിലും മികച്ച ഒരു ചിത്രമാണ് ആമേന്‍
ഈ ചിത്രം തീര്‍ച്ചയായും തിയ്യേറ്ററില്‍ പോയി കാണേണ്ട ഒന്നാണ്.ഒരു കാര്യം പറയട്ടെ ഇതു തികച്ചും വ്യക്തിപരമായ അഭിപ്രായമാണ്.സിറ്റി ഓഫ് ഗോഡ്‌ കണ്ടു കാശുപോയി എന്ന് പരിതപിച്ച  എന്നോടു ഇപ്പോള്‍ മലയാള സിനിമയിലെ ഏറ്റവും മികച്ച സംവിധായകന്‍ ആരെന്നു ചോദിച്ചാല്‍ ഞാന്‍ ചൂണ്ടി കാണിക്കുന്നത് ഞാന്‍ ലിജോ ജോസ് പെല്ലിശ്ശെരിയെ ആയിരിക്കും. 
ആമേന്‍ - as the title suggests- Its a real divine comedy..








Friday 22 March 2013

റെഡ്‌ വൈന്‍- ചുവന്ന വെള്ളം

റെഡ്‌ വൈന്‍- മത്തു പിടിപ്പിക്കുന്ന പേര്,  വൈകിട്ടെന്താ പരിപാടീ എന്ന് ചോദിച്ചു പ്രലോഭിപ്പിക്കുന്ന ലാലേട്ടന്‍ കൂട്ടിനു യുവ പ്രതിഭകളായ ഫഹദ്‌ ഫാസിലും , ആസിഫ്‌ അലിയും ഒരു സൂപ്പര്‍ ഹിറ്റ്‌ ചിത്രത്തിനു മറ്റു എന്ത് ചേരുവകള്‍ വേണം?
ഇനി  കഥയിലേക്ക്: അനൂപ്‌ (ഫഹദ്‌ ഫാസില്‍) ഒരു എന്‍ജിനീയറിംഗ് ബിരുദധാരിയും ,ഒരു നാടക അഭിനേതാവും അതിലുപരി കറ കളഞ്ഞ ഒരു സഖാവുമാണ്.ഫഹദിന്‍റെ സഹപാടികളും ആത്മ സുഹൃത്തുക്കളുമാണ് നവാസും (സിജു കുറുപ്പ്) ഭാര്യ ശ്രീ ലക്ഷ്മിയും (അനുശ്രീ).അവിടെ വെച്ച് ജാസ്മിന്‍ (മരിയ ജോണ്‍) എന്നാ സുന്ദരിയായഒരു കലാകാരിയുമായി പരിചയപ്പെടുകയും അവര്‍ തമ്മില്‍ പ്രേമത്തിലാകുകയും ചെയ്യുന്നുണ്ട്.അതിനിടയില്‍ ജസ്ന (മീര നന്ദന്‍) ഫഹദിന്‍റെ നാടകത്തില്‍ സഹനടിയായി വന്നു പോകുന്നു. അങ്ങനെയിരിക്കെ സഖാവ് അനൂപ്‌ ഒരു ദുരൂഹ സാഹചര്യത്തില്‍ ലോഡ്ജ് മുറിയില്‍ കൊല്ലപ്പെടുന്നു.കൊലപാതകത്തെ കുറിച്ചുഅന്വേഷണം നടത്താന്‍ അസിസ്റ്റന്‍ട് കമ്മീഷണര്‍ രതീഷ്‌ വാസുദേവന്‍ ആയി രംഗത്തെത്തുന്നത്‌ മറ്റാരുമല്ല മലയാളത്തിന്‍റെ മഹാ നടന്‍ മോഹന്‍ലാല്‍ ആണ്. ഒരു പാരലല്‍ ട്രാക്ക്‌ പോലെ രമേഷും (ആസിഫ്‌ അലി) ഭാര്യദീപ്തിയും(മിയ ജോണ്‍) എത്തുന്നു.പിന്നെ ചിത്രത്തിന്‍റെ തുടക്കത്തില്‍ തന്നെ നഴ്സറി കുട്ടിയായ പ്രേക്ഷകന് പോലും തുടക്കത്തിലെ മനസ്സിലാക്കാനാകുന്ന സസ്പെന്‍സ് കൊലയാളിയെ കണ്ടെത്താനുള്ള ലാലിന്‍റെ തത്രപ്പാടാണ് ചിത്രത്തിനെ മുന്നോട്ടു നയിക്കുന്നത്. നൌഫല്‍ ബ്ലാതൂരിന്‍റെ കഥക്ക് തിരക്കഥയും സംഭാഷണവും പടച്ചിട്ടുള്ളത്  മാമ്മന്‍ കെ രാജന്‍ എന്ന നവാഗതന്‍ ആണ്.സംവിധാനം ലാല്‍ജോസിന്‍റെ ശിഷ്യനായിരുന്ന സലിം ബാപ്പു എന്നു പേരുമാറ്റിയ സലിം വാരപ്പെട്ടി ആണ്.കേട്ട് മറക്കാവുന്ന ഗാനങ്ങള്‍ രചിച്ചത് ശരത് വയലാറും സംഗീതം ബിജിപാലും.ചിലഭാഗങ്ങളില്‍ നന്നായി വരുന്ന പശ്ചാത്തല സംഗീതം മറ്റു പലയിടങ്ങളിലും ആരോചകവുമാകുന്നുണ്ട്.വളരെ പേര് കേട്ട ക്യാമാറക്കാരന്‍ മനോജ്‌ പിള്ള തന്‍റെ ഉപകരണം കൊണ്ട് മായാജാലം ഒന്നും കാണിച്ചിട്ടില്ല.    തികച്ചും സാധാരണമായ, ഏതു പോലീസുകാരനും അഭിനയിക്കാവുന്ന കഥാപാത്രങ്ങള്‍ ആണ് ചിത്രമുടനീളം.കുറെയേറെ നല്ല കലാകാരന്മാരെ നിര്‍ഗുണന്മാരായ പാത്ര സൃഷ്ടിയിലൂടെ അവതരിപ്പിച്ചത് സംവിധായകന്‍ ചെയ്ത പാതകമായാണ് എനിക്ക് തോന്നിയത്.ഫഹദ്‌ ആണ് ചിത്രത്തിലെ കേന്ദ്ര ബിന്ദു,അത് ഫഹദ്‌ നന്നായി കൈകാര്യം ചെയ്തിരിക്കുന്നു.മോഹന്‍ ലാലിനു പകരം ആര് ചെയ്താലും രതീഷ്‌ വാസുദേവന്‍  നന്നാകാനോ മോശമാകനോ പോകുന്നില്ല ,അത്ര ദുര്‍ബലമാണ് ആ കഥാപാത്രം.റെഡ്‌ വൈന്‍ എന്ന ചിത്രത്തിന്‍റെ പേര് കൊണ്ട് ഉദ്യെശിച്ചത്‌ കമ്യൂനിസത്തെ ആണോ  രക്തപങ്കിലമായ കൊലപാതകത്തെ ആണോ എന്ന് എനിക്ക് മനസ്സിലായില്ല.സുരാജ് വെഞ്ഞാറമ്മൂട്,മീര നന്ദന്‍,കൈലാസ്‌,ടി ജി രവി എന്നിങ്ങനെ കുറെ കലാകാരാന്മാര്‍ ഒരു കാര്യവുമില്ലാതെ വന്നു പോകുന്നു. ഈ ചിത്രത്തില്‍ സസ്പെന്‍സ് ഇല്ലെങ്കിലും കൊലയാളിയെ  ഈ റിവ്യു വിലൂടെ ഞാന്‍ വെളിച്ചത്തു കൊണ്ട് വരുന്നില്ല. 
കുറെ  പാലും പഞ്ചസാരയും കശുവണ്ടിയും മാത്രം ചേര്‍ത്തിളക്കിയാല്‍ അത് ഒരു പായസമാകില്ല,അത് വേണ്ട ചേരുവയില്‍ ചേരുംപടി ചേര്‍ക്കുക കൂടി വേണം.
അത്  പോലെ സൂപ്പര്‍ സ്റ്റാറുകള്‍ ചിത്രത്തില്‍ വെറുതെ അണി നിരന്നാല്‍ അതൊരു നല്ല ചിത്രമാകില്ല  മറിച്ചു അവരെ നല്ല രീതിയില്‍ ഉപയോഗിക്കാന്‍ കഴിഞ്ഞാല്‍ മാത്രമേ ഒരു നല്ല ചിത്രമുണ്ടാകൂ.
റെഡ്‌ വൈന്‍- വെറും ചുവന്ന വെള്ളം





Sunday 3 March 2013

കിളി പോയി...ഉയരത്തിലേക്ക്


റോസ് ഗിറ്റാറിനാല്‍- എന്നാ ചിത്രം കാണാന്‍ പോയപ്പോള്‍ എന്‍റെ അടുത്ത സുഹൃത്തായ ഒരു സിനിമാ നടനെയും മലയാളത്തില്‍ സൂപ്പര്‍ താരങ്ങളെ വെച്ച് മാത്രം പടം എടുക്കാറുള്ള ഒരു സംവിധായകനെയുംകണ്ടു മുട്ടി.ആ സംവിധായകന്‍ കിളിപോയി എന്ന ചിത്രംഉച്ചക്ക് കണ്ടെന്നും  ബോറണെന്നാണ് പറഞ്ഞതെങ്കിലും കണ്ടേക്കാം എന്ന് കരുതി.റോസ് ഗിറ്റാറിനാല്‍- തുടങ്ങിയ ചിത്രങ്ങള്‍ സഹിക്കാന്‍ പറ്റുന്ന എനിക്ക് ഇതും സഹിക്കാന്‍ കഴിയും എന്ന ഒരുചങ്കുറപ്പ് ഉണ്ടായിരുന്നു.
ചാക്കോ(ആസിഫ്‌ അലി) ഹരി (അജു) എന്നിവര്‍ ഒരേ സോഫ്റ്റ്‌ വെയര്‍ കമ്പനിയില്‍ വര്‍ക്ക് ചെയ്യുന്നവരും,സഹ മുറിയന്‍മാരുമാണ്.രണ്ടു പേരും നല്ല കുടിയന്മാരും കഞ്ചാവടിക്കാരുമാണ്.തങ്ങളുടെ പെണ്‍ബോസിന്‍റെ തെറി കേട്ടു കേട്ടു മടുത്ത് ജോലിയിലെ ചളിപ്പു ഒഴിവാക്കാനായി ഒരു ട്രിപ്പ്‌ പ്ലാന്‍ ചെയ്യുന്നു,മണാലിയിലേക് പുറപ്പെട്ട അവര്‍ സന്ദര്‍ഭവശാല്‍ ഗോവയില്‍ എത്തുകയാണ്.ആകസ്മികമായി ഒരു ബാഗ് നിറയെ മയക്കുമരുന്ന് കയ്യില്‍ വരുന്ന അവര്‍ അത് വെച്ച് എന്തൊക്കെ ചെയ്തു കൂട്ടുന്നു എന്നതാണ് സിനിമയിലെ ഇതിവൃത്തം.ഇതിലെ ഏറ്റവും രസകരമായ കാര്യം ഇതില്‍ നായികമാരില്ല എന്നതാണ്.അജുവിന്‍റെ അഭിനയം വളരെ നാച്ചുറല്‍ ആയിരിക്കുന്നു.ആസിഫലി തന്‍റെ മറ്റു ചിത്രങ്ങളെ അപേക്ഷിച്ചു നോക്കിയാല്‍ വളരെ ഭേദപ്പെട്ടിരിക്കുന്നു.സമ്പത്തിന്റെയും ശ്രീജിത്ത്‌ രവിയുടെയും പോലീസ്‌ വേഷം നന്നായിട്ടുണ്ട്.രവീന്ദ്രന്‍ കുറെ കാലത്തിനു ശേഷം തന്‍റെ ഡിസ്കോയുമായി നിറഞ്ഞു നില്‍ക്കുന്നു.എന്തിന് മൃദുല്‍ നായര്‍ അവതരിപ്പിക്കുന്ന ഇബ്രാഹിം എന്ന മലബാറുകാരന്‍ ഓട്ടോ ഡ്രൈവര്‍ക്ക് പോലും തന്‍റേതായ വ്യക്തിത്വം ഉണ്ട്. വിനയ്‌ ഗോവിന്ദ്‌ എന്ന പുതു സംവിധായകനാണ് "കിളി പോയി" യുമായി എത്തുന്നത്.ജോസഫ്‌ കുരിയന്‍,വിവേക്‌ രഞ്ജിത് എന്നിവരുടെഓ കൂടെ സംവിധായകനും കൂടിയാണ്.തിരക്കഥ രചിച്ചിട്ടുള്ളത്.ഈ ചിത്രത്തില്‍ അവതരിക്കപ്പെടുന്നത് 'നാടോടിക്കാറ്റി'ലെ സാഹചര്യത്തില്‍ അകപ്പെടുന്ന അഭിനവ ദാസനും വിജയനുമാണ്.എല്ലാം ദുര്‍സ്വഭാവങ്ങളുമുള്ള ഒരു ദാസനെയും വിജയനെയും നമുക്ക് ഊഹിച്ചെടുക്കനാവുമോ? ഒരു സംവിധായകന്‍റെയും, കഥാകാരന്മാരുടെയും ബ്രില്ലിയന്‍സ് ആണ് എവിടെ വെളിവാകപ്പെടുന്നത്. ദേവദാസ്‌  എന്ന പഴയ ചിത്രത്തിനു ദേവ്-ഡി എന്ന ചിത്രത്തിലൂടെ മോഡേണ്‍ ഭാഷ്യം നല്‍കിയ രീതിയാണ് ഇതിലെ സംവിധായകനും പിന്തുടര്‍ന്നിട്ടുള്ളത്.ഇതിലെ മറ്റുഹൈലൈട്സ് ഇതിന്‍റെ ക്യാമറയും സംഗീതവുമാണ്. രാഹുല്‍ രാജ് ഈ ചിത്രത്തിലൂടെ അരങ്ങു തകര്‍ക്കുന്നുണ്ട്.ഈയിടെയായി സംഗീത സംവിധായകര്‍ എന്ന സ്വയം നെട്ടിയിലൊട്ടിച്ച ലേബിലുമായി മലയാള സിനിമ നിരങ്ങുകയാണ്കുറെ അല്പ്ജ്ഞാനികള്‍,അതില്‍ നിന്നും വളരെ വ്യത്യസ്തനാണ് രാഹു രാജ്.ചിത്രത്തിന്‍റെ സിറ്റുവേഷന്‍ അനുസരിച്ച് പാശ്ചാത്തല സംഗീതമൊരുക്കുന്നതില്‍ അദ്ദേഹം നൂറു ശതമാനം വിജയിച്ചിരിക്കുന്നു, ഈ ചിത്രം ഒരു വന്‍ വിജയം നേടുന്നുണ്ടെങ്കില്‍ അതില്‍ നല്ലൊരു  ക്രെഡിറ്റ്‌ നല്‍കേണ്ടത് അതിന്റെ സംഗീത സംവിധായകനും പിന്നെ ക്യാമറമേനായ പ്രദീഷ്‌ വര്‍മയ്ക്കുമാണ്.'കിളിപോയി' എന്ന ടൈറ്റില്‍ ഗാനം മാത്രം മതി ഇവരുടെ മികവറിയാന്‍.

കപട സദാചാരികള്‍ക്ക് ഈ പടം കാണുമ്പോള്‍ ദേഹമാസകലം ചൊറിഞ്ഞു പൊട്ടിയെക്കാം,കാരണം മലയാളികള്‍ മനസ്സ് കൊണ്ടു താലോലിക്കുന്നതും എന്നാല്‍ പുറത്ത് പറയാന്‍ മടികാണിക്കുന്നതുമായ നാല് "മ"കള്‍(മദ്യം,മയക്കുമരുന്ന്,മദിരാക്ഷി, പിന്നെ മ*ര് എന്ന അസഭ്യം) ഇതില്‍ പച്ചയായി യഥേഷ്ടം ഉപയോഗിച്ചിട്ടുണ്ട്.പിന്നെ FCUK  എന്നഇംഗ്ലീഷ് പദപ്രയോഗവുംആവശ്യത്തിന്.ഒട്ടും അസഭ്യ പ്രദര്‍ശനമില്ലാത്ത ഈ ചിത്രത്തിന് പദപ്രയോഗത്തിലുള്ള അസഭ്യം കൊണ്ട് മാത്രമാണ് A സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടുള്ളത്.പക്ഷെ ഇതിലെ നായകന്മാര്‍ സല്‍ഗുണ സമ്പന്നന്മാരാണെന്നു സംവിധായകന് പോലും അവകാശമില്ലാത്ത സ്ഥിതിക്ക്  അസഭ്യം പറച്ചില്‍ നമ്മള്‍ പ്രേക്ഷകര്‍ കാര്യമാക്കേണ്ടതില്ല.

വാല്‍ക്കഷണം: പ്രായപൂര്‍ത്തിയായ ഒരു പ്രേക്ഷകന്‍ എന്ന നിലയില്‍ ഞാന്‍ ഈ ചിത്രം വളരെ ആസ്വദിച്ചു,എന്‍റെ വ്യക്തിപരമായ അഭിപ്രായത്തില്‍ ഈ ചിത്രം ഒരു ട്രെന്‍ഡ് സെറ്റെര്‍ ആണ്.വിട്ടുവീഴ്ചകള്‍ക്ക് അടിപ്പെടാതെ സാങ്കേതികത്തികവില്‍ നിര്‍ഭയമായി കാര്യങ്ങള്‍ അവതരിപ്പിക്കുന്ന ചുരുക്കം ചില മലയാള ചിത്രങ്ങളിലൊന്ന് എന്ന നിലയില്‍.
kudos to Vinay Govind and crew



Saturday 2 March 2013

റോസ് ഗിറ്റാറിനാല്‍-കൊലവിളി

'കിളി പോയി' എന്ന ചിത്രത്തിനു പോയ എനിക്ക് ഒരിടത്തും ടിക്കറ്റ്‌ കിട്ടാത്തതിനാലാണ് ലിറ്റില്‍ ഷെണോയ്സ്- തിയെട്ടരിലേക്ക് ഓടിക്കയറിയത്.
 ചിത്രത്തിന്‍റെ തുടക്കം ഹിന്ദി ചിത്രങ്ങളുടെ പോലെ തോന്നിച്ചു.അപ്പു(മനു),താര(ആത്മീയ) എന്നിവര്‍ കളിക്കൂട്ടുകാരും ഉറ്റ സുഹൃത്തുക്കളുമാണ്,അപ്പു മിഡില്‍ ക്ലാസ്സ്‌ .താര ലോവര്‍ മിഡില്‍ ക്ലാസ്സ്‌.താര ഒരു എയര്‍ലൈന്‍ കമ്പനി നടത്തുന്ന ഇന്‍സ്റിറ്റ്യൂട്ടില്‍ പഠിക്കുകയാണെന്നു തോന്നുന്നു.അപ്പു ബാങ്കില്‍ ജോലിക്കാരന്‍.താര സുന്ദരി ആണെന്കിലും കാശ്ഇല്ലാത്തതിന്‍റെ ഭയങ്കര അപകര്‍ഷതാ ബോധത്തോടെ ആണ് ജീവിക്കുന്നത്.അപ്പുവിനെ താര കാണുന്നത് ഉറ്റ സുഹൃത്തായി ,പക്ഷെ  അപ്പു അവളുമായിനിഗൂഡ പ്രേമത്തില്‍ ആണ് .താര ക്രമേണ അവളുടെ സ്ഥാപനത്തിന്‍റെ ഉയര്‍ന്ന ഉദ്യോഗസ്ഥനായ ശ്യാം(റിച്ചാര്‍ഡ്‌)   ആയി പ്രണയത്തിലാകുന്നു.രഞ്ജിത്ത് മേനോന്‍ അവതരിപ്പിക്കുന്ന വില്ലനല്ലാത്ത വില്ലന്‍.പിന്നെ താരയുടെ അച്ഛന്‍ റോളില്‍ ജഗദീഷ്‌ ,പിന്നെ എന്തൊക്കെയോ വേഷങ്ങള്‍ കെട്ടിയാടുന്ന ഷെറിന്‍(നിന്‍റെ മിഴിമുന കൊണ്ടെന്റെ എന്ന പാട്ടിന് ജയരാജന്‍ ചിത്രമായ ഫോര്‍ ദി പീപിളില്‍ നിറഞ്ഞാടിയ ആ ഐടം ഡാന്‍സര്‍) ഇവരൊക്കെ ചിത്രത്തില്‍ എന്തിനോ എങ്ങനെയോ കടന്നു വരുന്നു.
മീശമാധവന്‍,മനസിനക്കരെ,നരന്‍,അച്ചുവിന്‍റെ അമ്മ തുടങ്ങിയ ഹിറ്റ്‌ ചിത്രങ്ങള്‍ക്ക് തിരക്കഥ എഴുതിയ ഹിറ്റ്‌ മേക്കര്‍ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ്‌  റോസ് ഗിറ്റാറിനാല്‍. തിയറ്ററില്‍ തിരക്കില്ലാത്തതുപോലെ തന്നെ  സിനിമക്ക് തിരക്കഥയും ഇല്ല.ഇന്റര്‍വെല്‍ വരെ എങ്ങനെയെങ്കിലും സഹിക്കാം,പക്ഷെ അതിനുശേഷം വായില്‍ തോന്നിയത് കോതക്ക് പാട്ട് എന്ന സ്ഥിതിയാണ്.പിന്നെ കഥാപ്രസംഗം പോലെ കഥ പറച്ചിലില്‍ മുട്ടിനു മുട്ടിനു പാട്ടാണ്.ചിത്രത്തിനു അതിന്റെ ടൈറ്റിലുമായി ആകെ ബന്ധം ചിത്രത്തില്‍ ചിലപ്പോഴെല്ലാം മുറിയ്ക്ക് മൂലയ്കലിരിക്കുന്ന ഒരു റോസ് ഗിടാര്‍ കാണിക്കുന്നത് മാത്രമാണ്.ഒരു കാര്യം പറയണമല്ലോ;ചിത്രത്തില്‍ ഏറ്റവും നന്നായി അഭിനയിച്ചിരിക്കുന്ന അഭിനേതാവ് സംസാരശേഷി ഇല്ലാതായാളാണ്,പേര് ടുട്ടു,പക്ഷെ ഭരത് അവാര്‍ഡ്‌ മനുഷ്യര്‍ക്ക് മാത്രം കൊടുക്കുന്നത് കൊണ്ട് അവനു സ്കോപ് ഇല്ല, കാരണം അവന്‍ ഒരു പട്ടി ആണ്.ചിത്രത്തിനു സംഗീതം കൊടുക്കുന്നത് കൂടാതെ ഇതില്‍ ഷാബാസ് അമന്‍ വരികള്‍ കൂടി എഴുതി പാതകം കാണിച്ചിരിക്കുന്നു.(കാറ്റ്‌,തെന്നല്‍,പൂ,കുളിര് നിത്യോപയോഗ സാധനങ്ങള്‍ സുലഭമായി ഉപയോഗിക്കാവുന്ന നമ്മുടെ മലയാള സിനിമാ ഗാന മേഖലയില്‍  വരികളുണ്ടാക്കാനാണോ പഞ്ഞം?)
എല്ലാം കൊണ്ടും ഒരു അറുബോറന്‍ പടമാണ് റോസ് ഗിറ്റാറിനാല്‍.അതുകൊണ്ട് കൂടുതല്‍ ഒന്നും എഴുതി നിങ്ങളെ ബോര്‍ അടിപ്പിക്കുന്നില്ല നിര്‍ത്തുന്നു.
വാല്‍ക്കഷണം :ചിലര്‍ക്കെങ്കിലും തോന്നുണ്ടാകും ഞാന്‍ എന്ത് കൊണ്ടാണ് വളരെ ബാലിശമായ രീതിയില്‍ ഇത്തരം ചിത്രങ്ങളെ കളിയാക്കുന്നതെന്ന്.പ്രേക്ഷകരെ കളിയാക്കുന്ന രീതിയില്‍ ചിത്രമെടുക്കുന്നവരുടെ ചിത്രങ്ങളോട് പിന്നെ എങ്ങനെ ഞാന്‍ പ്രതികരിക്കണമെന്ന് വായനക്കാര്‍ പറഞ്ഞു തന്നാല്‍ നന്ന്.