Sunday 11 November 2012

മൈ ബോസ്സ്- മലയാള സിനിമയില്‍ മറ്റൊരു കോപ്പി അടി

മൈ ബോസ്സ് എന്ന പേര് കേട്ടപ്പോള്‍ തോന്നി  ഇതിനു പണ്ടിറങ്ങിയ ഷാരൂഖ്‌ ചിത്രമായ എസ് ബോസ്സുമായി വല്ല ബന്ധവും ഉണ്ടാകും എന്ന് .അതൊന്നു നോക്കി മനസിലാക്കാം എന്ന് കരുതി.സിനിമ തുടങ്ങുന്നത് തന്നെ ദിലീപ്‌ തനിക്ക്   ഇംഗ്ലീഷ് ലേശം കമ്മിയാണെന്ന് മുന്‍കൂര്‍ ജാമ്യം എടുത്തു കൊണ്ടാണ്("കല്‍ക്കട്ട ന്യൂസി"ന് പ്രേക്ഷകര്‍ നല്‍കിയ കൂവല്‍ സ്വീകരണമായിരിക്കാം സംവിധായകനെയും നായകനെയും ഇതിനു പ്രേരിപ്പിച്ചത്).നായകനായ മനു വര്‍മ (ദിലീപ്‌) ഒരു സോഫ്റ്റ്‌വെയര്‍ കമ്പനിയില്‍ ജോലിക്ക് ചേരാനായി മുംബയില്‍ എത്തുന്നു.വലിയ ബിരുദങ്ങള്‍ എല്ലാം ഉള്ള മനു പ്രിയയുടെ (മംത മോഹന്‍ദാസ്‌ ) പി.എ ആയി എത്തുന്നതു അയാള്‍ക്ക് ഒന്ന് വിദേശത്തേക്ക് കടക്കാനായ് വേണ്ടി മാത്രം.പ്രിയയാകട്ടെ കോപത്തിന്‍റെ കാര്യത്തില്‍ ദുര്‍വസ്രാവ് മഹര്‍ഷിയുടെ കുഞ്ഞു പെങ്ങള്‍ ആണ്.സാധാരാണ സുരാജ് വെഞ്ഞാറമൂടിന് നീക്കി വെക്കാറുള്ള ഒരു ഒരു കഥാപാത്രമായ മണ്ടന്‍ സുഹൃത്തായ അലിയെ അവതരിപ്പിക്കാന്‍ നറുക്ക് വീണത്‌ കലാഭവന്‍ ഷാജോനിനാണ്.എല്ലാവരെയും വെറുപ്പിച്ചു പണ്ടാരമടക്കിയ ആസ്ത്രേലിയന്‍ പൌരയായ പ്രിയയെ ഒരു പാഠം പഠിപ്പിക്കാന്‍ മനുവിന് നല്ല അവസരം വീണു കിട്ടുന്നു.അതായാത് പ്രിയക്ക് തന്‍റെ ഇന്ത്യന്‍ വാസം നീട്ടിക്കിട്ടണമെങ്കില്‍ ഒരു ലോക്കല്‍ ഭര്‍ത്താവു വേണം.വെറും 'മക്കു'വായ മനു ഉള്ളപ്പോള്‍ വേറെ ആരെ തേടിപ്പോണം എന്ന് പ്രിയയും ചിന്തിക്കുന്നു.കല്യാണത്തിനു മുമ്പ് പ്രിയയെ നാട്ടില്‍ കൊണ്ട് പോകണമെന്ന് മനുവിന് പൂതി.പക്ഷെ നാട്ടില്‍ പ്രിയയെ അവതരിപ്പിക്കുന്നത്‌ സ്വന്തം ഭാര്യയായി.നാട്ടിലെത്തുന്നപ്രിയ മനുവിന്‍റെ വീടും പരിസരവും കണ്ടു ഞെട്ടുന്നു.(വെറുതെയല്ല മനുവിന്‍റെ പേരിന്‍റെ കൂടെ ഒരു വര്‍മയും ഉള്ളത്;ഷവര്‍മയിലും വര്‍മയില്ലേ എന്ന് എന്നോട് ചോദിക്കരുത്. )മനുവിന്റെ അച്ഛന്‍ സായ് കുമാര്‍ അമ്മ സീത മുത്തശി വല്‍സലാമേനോന്‍ പിന്നെമെമ്പോടിയായി ഒരു പയ്യന്‍ അനന്തിരവനും.ഇനിയുള്ള ഭാഗം "ചിത്രം " എന്ന മോഹന്‍ ലാല്‍ ചിത്രത്തിന്‍റെ മോഡേണ്‍ വേര്‍ഷന്‍.
'ഡിടക്ടിവ്‌' മമ്മി & മി എന്നീ ചിത്രങ്ങളില്‍ നിന്നും വളരെയേറെ പക്വമായ സമീപനം  ഈ ചിത്രത്തിലൂടെ  ജിത്തു ജോസഫിന്‍റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുണ്ട്. പക്ഷെ മൈ ബോസ്സിന്‍റെ ഏറ്റവും വലിയ പിഴവ് അതിന്‍റെ നീളക്കൂടുതലാണ് .രണ്ട് അല്ലെങ്കില്‍ ഏറിയാല്‍ രണ്ടര മണിക്കൂറ് മാത്രം വേണ്ട പടം മൂന്നു മണിക്കൂറോളം വലിച്ചു നീട്ടിയിരിക്കുന്നു.കുറെ മന്ദഹാസങ്ങളും  കുറച്ചു പൊട്ടിച്ചിരികളും ഈചിത്രം പ്രേക്ഷകര്‍ക്ക്‌ സമ്മാനിക്കുന്നുണ്ട്.ഇതിലെ നായികാ കഥാപാത്രം അവതരിപ്പിക്കാന്‍ സായിപ്പിന്‍റെ  ഇംഗ്ലീഷ് പറയുന്ന നായിക നമുക്ക് മംത മാത്രമേ ഉള്ളൂ;കൂടെ ബട്ലര്‍ ഇംഗ്ലീഷ് പറയാന്‍ ദിലീപും.സിബി കെ തോമസ്‌ ഉദയകൃഷ്ണ ടീം ആണ് ഈചിത്രത്തിന് തിരക്കഥ എഴുതിയിരുന്നതെങ്കില്‍ കഥാപാത്രങ്ങളുടെ എണ്ണം പത്തിരട്ടി എങ്കിലും ആയേനെ.ജിത്തു പാത്ര സൃഷ്ടിയില്‍ കാണിച്ച മിതത്വം വളരെ ശ്രദ്ധിക്കപ്പെടെണ്ട ഒരു വസ്തുതയാണ്.ഗാനങ്ങള്‍ വലിയ മോശം പറയാനില്ല.ചായഗ്രഹണത്തിലോ എഡിടിങ്ങിലോ എടുത്തു പറയത്തക്ക ഒന്നും ഇല്ല.ചിത്രത്തില്‍ പല രംഗങ്ങളിലും ഒരു ചെലവ് ചുരുക്കല്‍ ഫീല്‍ ചെയ്തു.(ഡാന്‍സ് ക്ലബ്‌ ഒരു ചായക്കട പോലെയും സോഫ്റ്റ്‌വെയര്‍ കമ്പനി ഒരു ഇന്റര്‍നെറ്റ് കഫെ പോലെയും തോന്നിച്ചു.)
പ്രേക്ഷകര്‍ എന്ന നിലയില്‍ എന്നെ പോലുള്ളവര്‍ ദിലീപില്‍ നിന്നും ജിത്തു ജോസെഫില്‍ നിന്നും ഇതില്‍ കൂടുതലൊന്നും പ്രതീക്ഷിക്കുന്നില്ല.  
അത് കൊണ്ട് മൈ ബോസ്സ് വിരസതയില്ലാതെ  കണ്ടു തിരിച്ചുപോരാം;കാശു പോയല്ലോഎന്ന തോന്നലില്ലാതെ....
വാല്‍ക്കഷണം: ഈ ചിത്രം 2009 ല്‍ പുറത്തിറക്കിയ ദി പ്രൊപോസല്‍  എന്നാ ഇംഗ്ലീഷ് ചിത്രത്തിന്റെ ഈച്ചക്കോപ്പിയാണത്രേ, ഈ വിവരം എന്നോടു പറഞ്ഞു തന്ന യുവ അഭിഭാഷകന്‍ ശ്രീ വിനു തമ്മനത്തിനു  പ്രത്യേക നന്ദി.
എന്നാലും എന്റെ ജിത്തു ജോസഫേ..........








No comments:

Post a Comment