Saturday, 30 June 2012

ഉസ്താദ്‌ ഹോട്ടല്‍ - നന്മ വിളമ്പുന്ന ഭക്ഷണശാല

 കഴിഞ്ഞ ആഴ്ച്ച റിലീസ്‌ ചെയ്യാനിരുന്ന ഉസ്താദ്‌ ഹോട്ടല്‍ ഇന്നാണ് പ്രദര്‍ശനത്തിനെത്തിയത്,വിഭവങ്ങളും അതിന്‍റെ ചേരുവകളും അറിയാന്‍ ഞാനും നിങ്ങളെ പോലെ അക്ഷമനായിരുന്നു. ചൂടാറും  മുമ്പ് തന്നെ കാണാം എന്നു കരുതി .
പതിവ് പോലെ തിയ്യറ്റര്‍ മുഴുവന്‍ യുവമയം...
വളരെ  മനോഹരമായ തുടക്കം,ഇതിലെ നായകനായ ഫൈസീ(ദുല്ഖര്‍) ജനനത്തിന്റെ കഥയോടെ...സിദീഖിനും ഭാര്യയായ പ്രവീനക്കും കൂടി ആറ്റുനോറ്റ് ഉണ്ടാകുന്ന ഉണ്ണി,അതുംനാല് പെണ്‍ മക്കള്‍ക്ക് ശേഷം....
പ്രസവത്തോടെ അമ്മ മരിച്ചു പോകുന്ന ഫൈസീയെ പോന്നു പോലെ വളര്‍ത്തുന്നത് അവന്‍റെ നാല് സഹോദരിമാര്‍, ഇതിനകം അവരെല്ലാവരും പിതാവിന്റെ കൂടെ ഗള്‍ഫിലേക്ക് താമസം മാറ്റിയിരിക്കുന്നു.ഫൈസിയ്ക്ക്  പ്രിയം പഠിക്കുന്നതിനേക്കാള്‍ അടുക്കളയില്‍ ഭക്ഷണം പാകം ചെയ്യുന്നതിനാണ്.വാപ്പയെ ഫൈവ് സ്റ്റാര്‍ഹോട്ടല്‍ നടത്താന്‍ സഹായിക്കാന്‍ തനിക്ക് ഉപരിപഠനം നടത്താനായി  സ്വിട്സര്‍ലാന്റില്‍ പോകാനുള്ള അനുമതി നേടി ഫൈസീ പാചകം ആണ് അവിടെയും പഠിക്കുന്നത്.ഇതിനിടയില്‍ ഒരു മദാമ്മയുമായി പ്രേമത്തിലാകുകയും  ലണ്ടനില്‍ അവളുമായി സെറ്റില്‍ ചെയ്യാന്‍ തീരുമാനിക്കുകയും ചെയ്യുന്നു. ഈ കല്യാണം കുളമാക്കി മകനെ നാട്ടില്‍ ഒരു പെണ്ണിനെ കൊണ്ടു തന്നെ നിക്കാഹ് കഴിപ്പിക്കാന്‍ പ്ലാന്‍ ചെയ്തു ഫൈസിയെ നാട്ടിലേക്കു വരുത്തുകയാണ് വാപ്പ.നിത്യമെനോനെ പെണ്ണ് കാണാനെത്തുന്ന  ഫൈസി താന്‍ പാചകമാണ്  വിദേശത്ത് പഠിച്ചതെന്ന് പെണ്ണിനോട് വെളിപ്പെടുത്തുകയും അതോടെ ആ കല്യാണം പെണ്ണ് കാണലില്‍ തന്നെ അവസാനിക്കുകയും ചെയ്യുന്നു.വാപ്പയോടു പിണങ്ങുന്ന ഫൈസിയുടെ പാസ്പോര്‍ട്ടും മറ്റു രേഖകളും വാപ്പ പിടിച്ചു വെക്കുന്നു  അതില്‍ പ്രതിഷേധിച്ചു അയാള്‍ പോകുന്നത് ഉസ്താദ്‌ ഹോട്ടല്‍ നടത്തുന്ന സ്വന്തം ഉപ്പൂപ്പ കരീം ഭായുടെ അടുത്തേക്ക്,പിന്നെ അയാളുടെ ജീവിതം എങ്ങനെ മാറി മറിയുന്നു എന്നതാണ് കഥ...
ഉസ്താദ്‌ ഹോട്ടല്‍ പണം മാത്രം ലാക്കാക്കി അശ്ലീല സംഭാഷണങ്ങളുടെയും, ദ്വയാര്‍ത്ഥ പ്രയോഗങ്ങളുടെയും  മായം കലര്‍ത്തി അമിത ലാഭം കൊയ്യാന്‍ ശ്രമിക്കുന്ന മറ്റുസാധാരണ മലയാള സിനിമയില്‍ നിന്നും വളരെ വ്യത്യസ്തമാണ്.ഇന്‍റര്‍വെല്‍ വരെ അതി ഗംഭീരം...പത്തില്‍ പത്തു മാര്‍ക്കും കൊടുക്കാം... അതിനു ശേഷം വളരെ മനോഹരമായി കൊണ്ട് വന്ന ലവ് ട്രാക്കിനു ചെറിയ ഒരു ദിശാ നഷ്ടം ഉണ്ടായിരിക്കുന്നു.പക്ഷെ  ഭക്ഷണത്തിലൂടെ മുന്നേറുന്ന സിനിമ വളരെ സാമൂഹിക പ്രസക്തിയുള്ള വിഷയത്തിലേക്ക് വഴി മാറുമ്പോള്‍ നാം തിരക്കഥാകാരിയെയും സംവിധായകനെയും മനസ്സുകൊണ്ട് നമസ്കരിച്ചു പോകും .."കുറച്ചു കാശിനു ബുദ്ധിമുട്ടുണ്ട് നമുക്ക്  ഒരു ബാങ്ക് കൊള്ളയടിച്ചു കളയാം അല്ലെങ്കില്‍ വേണ്ട ബോംബെയിലെ ഹോള്‍ സെയില്‍ ഡ്രഗ് ഡീലറായ അമ്മാവന്‍റെ കയ്യില്‍ നിന്നും കുറച്ചു ബ്രൌണ്‍ ഷുഗര്‍ മേടിച്ചു കൊച്ചിയില്‍ മറിച്ചു വിറ്റ് കാശുണ്ടാക്കിയാലോ" തുടങ്ങിയ അധമ ചിന്തകള്‍ കുറെ കാലമായി യുവാക്കളുടെ ഇടയില്‍ ഒരു ട്രെന്‍ഡ് ആയത് മലയാള സിനിമയുടെ ചില സംഭാവനകളില്‍ ഒന്നാണ്...പിന്നെ കള്ളുകുടിയും വലിയും കാണിക്കേണ്ടി വരാത്ത ആദ്യത്തെ മലയാള ന്യൂ ജനറേഷന്‍ എന്ന സിനിമ യായും നാം ഇതിനെ കാണണം.
ഓരോ  മലയാളിയും ഓരോ മനുഷ്യ സ്നേഹിയും കാണേണ്ട ചിത്രമാണിത് ....
ഒരു സീനില്‍ തല കാണിച്ചു പോകുന്ന കഥാ പാത്രങ്ങളും മുഴുനീളം അഭിനയിച്ചിരിക്കുന്നവരും ഒരേ രീതിയിലാണ് ഈ ചിത്രത്തിന് വേണ്ടി മനസ്സും ശരീരവും കൊടുത്തിരിക്കുനത്.ഫൈസിയായി ദുല്ഖരും കരീം ആയി തിലകനും കസറി...സെക്കന്‍ഡ്‌ ഷോ എന്ന ഒരു സിനിമയില്‍ അഭിനയിച്ച 'പാപം' ഇതിലൂടെ ദുല്കഹാര്‍ കഴുകി കളഞ്ഞിരിക്കുന്നു.
ആവശ്യമി ല്ലാത്തിടത്തും കുറച്ചു പാശ്ചാത്തല സംഗീതം ഉപയോഗിച്ചതൊഴിച്ചു നിര്‍ത്തിയാല്‍ ഗോപി സുന്ദറിന്റെ ഏറ്റവും നല്ല ഒറിജിനല്‍ വര്‍ക്ക്‌ ആണിത്.
എടുത്തു  പറയേണ്ടത് ക്യാമറയും എഡിടിങ്ങുമാണ്,പല വെബ്‌ സൈറ്റുകളും മഹേഷ്‌ നാരായണനാണ്  എഡിറ്റിംഗ് എന്ന് പറയുന്നുണ്ടെങ്കിലും എന്റെ ഓര്‍മ ശരി  ആണെന്കില്‍ ടൈറ്റിലില്‍ കാണുന്നത് മറ്റാരുടെയോ പേരാണ്.
ചോടാമുംബൈ പോലുള്ള ചിത്രമല്ല തന്‍റെ മനസ്സിലുള്ള സംവിധായകന്‍ ആഗ്രഹിക്കുന്നത് എന്നത് അന്‍വര്‍ റഷീദ്‌ തന്റെ "ബ്രിഡ്ജ്" എന്ന ചെറു ചിത്രത്തിലൂടെ അദ്ദേഹം നമ്മള്‍ പ്രേക്ഷകര്‍ക്ക്‌ കാണിച്ചു തന്നിട്ടുണ്ട് ...
 ഒരിക്കലും ഒരു സിനിമയെ കുറിച്ചും പറയാത്ത ഒന്ന് കൂടി ഈ റിവ്യൂവില്‍ ഞാന്‍ പറയുന്നു.
ഈ ചിത്രം തീര്‍ച്ചയായും നിങ്ങള്‍ കാണണം ...
മനസ്സ് ഗംഗാ നദിയില്‍ മുങ്ങി നിവര്‍ന്നതായി നിങ്ങള്ക്ക് അനുഭവപ്പെടും...
ഒരു സിനിമയിലൂടെ നിങ്ങള്‍ക്ക് കിട്ടുന്ന പുണ്യം

Saturday, 16 June 2012

ബാച്ചലര്‍ പാര്‍ട്ടി - പണി പാമ്പായും പട്ടിയായും.....

ബാച്ചലര്‍ പാര്‍ട്ടി പോസ്റര്‍ കാണിച്ചു കൊതിപ്പിക്കാന്‍ തുടങ്ങി കുറെ നാളായി അതുകൊണ്ട് വളരെ ആഗ്രഹിച്ചാണ് പടത്തിനു കയറിയത്.  എല്ലാ ഷോകളും ഹൗസ്‌ ഫുള്‍ ആയത് കൊണ്ട്  കഷ്ടപ്പെട്ടാണ് ഒരു ടിക്കറ്റ്‌ തരമാക്കിയത്.  സ്പിരിറ്റും ബാച്ചലര്‍ പാര്‍ട്ടിയും ഒന്നിച്ചു റിലീസ് ആകരുത്  എന്നാണ് ആഗ്രഹിചിരുന്നത് രണ്ടു ദിവസങ്ങളിലായി ഇറങ്ങിയത് കൊണ്ട് രണ്ടും കാണാനും റിവ്യൂ എഴുതാനും സൌകര്യമായി.
നേരെ കഥയിലേക്ക്.....(കുറച്ചു ബുദ്ധി മുട്ടി ആയാലും)
ടൈറ്റിലിങ്ങ് എല്ലാം കിടിലന്‍...അഞ്ചു പിള്ളേര്‍ ചേര്‍ന്ന് ഒരു വീട് കൊള്ളയടിക്കുന്നതാണ് ആദ്യ സീന്‍.അതിനു തൊട്ടുമുമ്പ് ആ വീട്ടിലെ ഒരു അമ്മൂമ്മ കുട്ടികളെ ഉറക്കാനായി കഥ പറയുന്നും സ്വര്‍ഗ്ഗ നരകങ്ങളെ പറ്റി പ്രതിപാദിക്കുന്നതുമാണ്.ആദ്യത്തെ  ആ സീനുകള്‍ എല്ലാം നന്നായി എടുത്തിട്ടുണ്ട്.
പിന്നേ കാണിക്കുന്നത് വലുതായ  ആ കുട്ടികളുടെ ഇരുപതു വര്‍ഷം കഴിഞ്ഞുള്ള കഥയാണ്.ബെന്നിയും(റഹ്മാന്‍), കീവരും (ഇന്ദ്രജിത്ത്) ഒരു ലോറിയില്‍ കയറി  മസാല കഥകളും പറഞ്ഞു ടോണി (ആസിഫലി) യെ കാണാന്‍ വരികയാണ്. ആസിഫലി നിത്യാ മേനോനെ അടിച്ചുമാറ്റികൊണ്ട് വന്നു തമിള്‍ നാട്ടില്‍ ഒളിച്ചു താമസിക്കുന്നു.ഇപ്പോള്‍ ഒരു വയസ്സുള്ള കുഞ്ഞുമുണ്ട് ..ഇവര്‍ക്ക് . അവരെത്തുന്നോതോടോപ്പം പഴയ അഞ്ചു പേരില്‍ ബാക്കിയുള്ള അയ്യപ്പനും(കലാഭവന്‍ മണി) ഫകീരും (വിനായകന്‍) എത്തിച്ചേരുന്നു.അവര്‍ ആസിഫലിയെ പൊക്കാന്‍ വരുന്നതാണ് അത് തടയാന്‍ റഹ്മാന്‍, ഇന്ദ്രജിത്ത് എന്നിവര്‍.ആസിഫലിയെ കടത്താന്‍ വിട്ടതോ അയാളുടെ ഭാര്യയുടെ വളര്‍ത്തച്ചന്‍ കമ്മത്തും.പിന്നീട് കുറെ കഥാ പാത്രങ്ങളുടെ ഫാഷന്‍ പരേഡും വെടിവെപ്പും....എന്ത് സംഭവിച്ചെന്നു പ്രേക്ഷകര്‍ അന്തം വിട്ടു ഇരിക്കുമ്പോള്‍ പദ്മപ്രിയയുടെ ഐറ്റം ഡാന്‍സോടെ ചിത്രം അവസാനിക്കുന്നു.
എന്തൊക്കെയോ കാണുന്നു ,എന്തൊക്കെയോ കേള്‍ക്കുന്നു.
നല്ലത് പറയാന്‍ കുറവും  കുറ്റം പറയാനാണെങ്കില്‍ ഏറെയുണ്ട്.
ഫോട്ടോഗ്രാഫി, എഡിറ്റിംഗ് ,പാട്ടുകള്‍ എല്ലാം ജോര്‍..
ഒരു പഞ്ച  നക്ഷത്ര ഹോട്ടലില്‍ വെച്ച് നടക്കുന്ന വിവാഹ അലങ്കാരങ്ങള്‍ പോലെ ....
പക്ഷെ 'കഥ' എന്ന വരനും 'യുക്തി ' എന്ന വധുവും ഇല്ലാതെ ആണ് ആ വിവാഹമെങ്കിലോ ?....
വിവാഹം ..എന്തിനു?
ആര്‍ക്കു വേണ്ടി?ഈ ചിത്രത്തിലെ ഡയലോഗ് പോലെ ..പ്രേക്ഷകര്‍ക്ക്‌ പണി പാമ്പായും പട്ടിയായും വന്നു....
നിരൂപണം ചുരുക്കിയതിനു ക്ഷമ ചോദിക്കുന്നു സുഹൃത്തുക്കളെ ...
ഇതു തന്നെ ധാരാളം.....


Thursday, 14 June 2012

സ്പിരിറ്റ്‌- വീര്യമേറുന്ന വീഞ്ഞ്


എറണാകുളം സവിത  തിയെട്ടറിനു മുന്നില്‍ വ്യാഴാഴ്ച രാവിലെ പതിവില്ലാതെ ഒരു  തിരക്ക് കണ്ടപ്പോള്‍ തന്നെ മനസ്സിലായീ  'സ്പിരിറ്റ് ' റിലീസ്‌ ആയെന്ന്.ടിക്കറ്റ്‌ അന്വേഷിച്ചു ചെന്നപ്പോള്‍ ഈ ദിവസത്തെ എല്ലാ ടിക്കറ്റുകളും കഴിഞ്ഞെന്നു മറുപടി.ജോലി കഴിഞ്ഞു മടങ്ങിവരും വഴി Q cinemaയില്‍ ടിക്കെറ്റ്‌ ബുക്ക്‌ ചെയ്യാം എന്ന് കരുതി ചെന്നപ്പോള്‍ നാലു മണി ഷോവിനു ഒരു ടികറ്റ്‌ എനിക്കായ്‌ മാത്രം കാത്തിരിക്കുന്നു.
പതിവിനു  വിപരീതമായി നിറഞ്ഞു കവിഞ്ഞ തിയറ്റര്‍....അത് ശ്രീമോഹന്‍ ലാലിലും സംവിധായകന്‍ രണ്ജിതിലും മലയാളി പ്രേക്ഷകര്‍വെച്ചിരിക്കുന്ന പ്രതീക്ഷകളെ സൂചിപ്പിക്കുന്നു.  
ഇനി സിനിമയിലേക്ക് വരാം......രഘു നന്ദന്‍ എന്ന മോഹന്‍ലാല്‍ കഥാപാത്രം ഒരു ടി വി ഷോമാനും തന്നെയും അതിലുപരി മദ്യത്തെയും സ്നേഹിക്കുന്ന ഒരാളുമാണ്.അദേഹം സ്പിരിറ്റ്‌ എന്ന ഒരു ഇംഗ്ലീഷ് നോവലിന്റെ രചനയിലുമാണ്.മറ്റുള്ളവരോടൊക്കെ തികഞ്ഞ ഒരു പുച്ഛം...  ഉറങ്ങുമ്പോള്‍ മാത്രം മദ്യപിക്കുകയും  പുകവലിക്കുകയും ചെയ്യാത്ത ഒരുവന്‍.സ്വയം തീര്‍ത്ത കൊമ്പ്ലെകസ്കള്ടെ ഒരു തടവറയില്‍ ഏകാകിയായി കഴിയുന്നു.രഘു വിവാഹ മോചിതനാണ്.മീര (കനിഹ) എന്ന മുന്ഭാര്യയും അവളുടെ ഭര്‍ത്താവു അല്ലക്സിയും (ശങ്കര്‍ രാമകൃഷ്ണന്‍)   അയാളുടെ നല്ല സുഹൃത്തുക്കള്‍.ബധിരനും മൂകനുമായ ഏകമകന്‍ പത്തു വയസ്സുകാരന്‍ സണ്ണി ഇവരോടൊപ്പമാണ് താമസം.സ്വന്തം അച്ഛനായ രഘുവിനെക്കളും മകനിഷ്ടം വളര്‍ത്തച്ചനെയാണ്.തന്റെ മുന്‍ ഭാര്യയുടെ കുടുംബ പാര്‍ട്ടികളില്‍ കടന്നു ചെന്ന്  അത്യാവശ്യം ബോര്‍ ആക്കുന്നത്തില്‍ ഒരു പ്രത്യേക  ആനന്ദം കണ്ടെത്താറുണ്ട് ഇദ്ദേഹം.ഒറ്റയ്ക്ക് താമസിക്കുന്ന രഘുവിന് അത്യാവശ്യം  കള്ളു കമ്പനിനല്‍കുന്നത് അയല്‍ക്കാരനായ ക്യാപ്ടന്‍(മധു).  മദ്യം ബുദ്ധിയേയും ശരീരത്തെയും കീഴടക്കുന്നതായി മനസ്സിലാക്കി തുടങ്ങുന്നുണ്ടെങ്കിലും  അത് ലോകത്തിനു മുന്നില്‍ സമ്മതിച്ചു കൊടുക്കാന്‍ ഇയ്യാള്‍ തയ്യാറല്ല എങ്കിലും രഘു 'ഷോ ദി റിയല്‍ സ്പിരിറ്റ്‌' എന്നപരിപാടി ടിവിയില്‍ അവതരിപ്പിച്ചു പ്രമുഖ വ്യക്തികളെ തൊലിയുരിക്കുകയും അതിലൂടെ ജനങ്ങളുടെ കയ്യടി നേടിയെടുക്കുകയും ചെയ്യുന്നു.ഇയാളുടെ ജീവിതത്തില്‍ കുറച്ചാളുകള്‍ മാത്രമേ ഉള്ളൂ.അതില്‍ ഏറ്റവും വിശ്വസ്തന്‍  ഗോവിന്ദന്‍ കുട്ടി അവതരിപ്പുക്കുന്ന ബിനോയ്‌ എന്നാ കഥാപാത്രമാണ്.കക്ഷി പരിപാടിയുടെ കാമറാമാന്‍ ആണ്.പിന്നീടുള്ളത് ശ്രീ മധുവിന്റെ ക്യാപ്ടനും ബാര്‍ ജീവനക്കാരനായ ജോണ്സനും(ടിനിടോം) ആണ്.കൂടെ വീട്ടുജോലിക്കായി എത്തുന്ന കല്പനയും അവളുടെ ഭര്‍ത്താവ് മണിയും(നന്ദു).നല്ല വരികളുമായി ഇടക്കിടെ വിരുന്നെത്തുന്ന സിദ്ധാര്‍ത് ഭരതന്‍ അവതരിപ്പിക്കുന്ന  നസീര്‍(അതോ നിയാസോ? പേരില്‍ ഒരു കണ്‍ഫ്യൂഷന്‍)മദ്യപിച്ചു ഒരു ദിവസം രഘുവിന്റെ മടിയില്‍ കിടന്നു മരിക്കുന്നതോടെ രഘുവിനു വീണ്ടു വിചാരമുണ്ടാകുകയും മദ്യവും പുകവലിയും പാടെ ഉപേക്ഷിക്കുകയും ചെയ്യുന്നു.ഇതിനിടയില്‍ മുന്ഭാര്യയുറെ കുടുംബത്തിലും ചില അപ്രതീക്ഷിത സംഭവങ്ങള്‍ ഉടലെടുക്കുന്നു. മദ്യാസക്തി എന്ന പൊതുവിപത്തിനെ എങ്ങനെ നിയന്ത്രിക്കാമെന്ന് ഗോവിന്ദന്‍ കുട്ടിയുടെ കഥാപാത്രത്തിന്റെ സഹായത്തോടെ പ്രേക്ഷകര്‍ക്ക്‌ കാണിച്ചു തരികയാണ് രഘു ചെയ്യുന്നത്.ചിത്രത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ ചേര്‍ക്കാത്തത് പ്രേക്ഷകരുടെ കാണുമ്പോഴുള്ള രസച്ചരട് പൊട്ടാതിരിക്കാനാണ്.
മലയാളിക്ക് മദ്യത്തോടുള്ള ഇഷ്ടവും  ഉപദേശത്തോടുള്ള അനിഷ്ടവും  പ്രസിദ്ധമാണല്ലോ?മലയാളിയെ ഉപദേശിച്ചു നന്നാക്കാന്‍ ശ്രമിക്കാതെ മദ്യാസക്തിയുടെ  പരിണിത ഫലമെന്തെന്നു കാണിച്ചു തരികയാണ് ശ്രീ രന്ജിതും  സംഘവും.
ശ്രീ മോഹന്‍ലാലിന്‍റെ അഭിനയ മികവ്... അതെന്തെന്നു നമുക്കിതിലൂടെ  അനുഭവിച്ചറിയാം.അഭിനേതാവെന്ന നിലയില്‍ നവാഗതനായ ശങ്കര്‍ രാമകൃഷ്ണന്‍ മനോഹരമായി തന്റെ കര്‍ത്തവ്യം അനുഷ്ടിചിരിക്കുന്നു.
ഇതില്‍ എടുത്ത്  പറയേണ്ട മറ്റു രണ്ടു കഥാപാത്രങ്ങള്‍ നന്ദു വിന്റെയും ഗോവിന്ദന്‍ കുട്ടിയുടെയും ആണ്.ഇവര്‍ രണ്ട് പേരും മലയാളത്തില്‍  എന്നോ ശ്രദ്ധിക്കപെടെണ്ട  താരങ്ങള്‍ ആണ്.നന്ദുവിന്റെ സിനിമാ ജീവിതത്തിലെ തന്നെ മികച്ച കഥാപാത്രമാണ് ഇതിലെ പ്ലംബര്‍ മണി.ശ്രീ തിലകന് പ്രാധാന്യം തീരെയില്ലാത്ത കഥാപാത്രമായി കൊണ്ട് വന്നത് എന്തിനെന്ന് മനസ്സിലാകുന്നില്ല.കല്പനയും അവരുടെ റോള്‍ നന്നാക്കി .ലെനയുടെ പോലീസ് വേഷവും കലക്കന്‍.
ഇതില്‍ ആകെയൊരു കുറ്റം കണ്ടു പിടിക്കവുന്നതു സിദ്ധാര്‍ത്ഥ ഭരതന്റെ കഥാപാത്രത്തിന് രഘുവുമായി ആത്മബന്ധം ഉണ്ടെന്നു എസ്ടബ്ലിഷ് ചെയ്യാന്‍ കഴിയാത്തതാണെന്ന് എനിക്ക് തോന്നുന്നു.(ചിലപ്പോ അത് എന്റെ  മാത്രം തോന്നലായിരിക്കും).
ശ്രീ രഞ്ജിത്തിന്റെ കഥ,തിരക്കഥ,സംഭാഷണം,സംവിധാനം  എന്നിവയെ കുറിച്ച് പ്രത്യേകം പറയേണ്ടതില്ല,നന്നായിരിക്കുന്നു.പക്ഷെ ചോയ്സ്സ് സ്ഥാപനങ്ങളുടെ  ഉടമസ്ഥനെ ചിത്രത്തിലൂടെ പ്രകീര്‍ത്തിച്ചത് അദേഹത്തിന് പോലും ജാള്യത തോന്നുന്ന വിധത്തിലാണെന്ന് തോന്നുന്നു.അത് വേണ്ടായിരുന്നു.
വേണുവിന്റെ ക്യാമറ ചിത്രത്തിനൊത്ത് ചലിക്കുന്നു.  ശബാസ്‌ അമന്റെ  സംഗീതവും റഫീക്ക്‌ അഹമ്മദിന്റെ വരികളും നല്ലത് തന്നെ.
തീര്‍ച്ചയായും നമ്മള്‍ ഓരോ മലയാളിയും കാണേണ്ട ഒരു ചിത്രമാണിത്.വൈകിട്ടെന്താ പരിപാടീ എന്ന് ചോദിച്ചു മലയാളികളെ വഴിതെറ്റിച്ചു എന്ന് മോഹന്‍ലാലിനെ പഴി പറയുന്നവരുടെ  വായടപ്പിക്കാന്‍ പോന്നതാണീ ചിത്രം. 
സ്പിരിറ്റ്‌- വീര്യമേറുന്ന വീഞ്ഞ്........