Friday, 18 January 2013

റോമന്‍സ്-ഹാസ്യ "റോമാ"ഞ്ചം.....

റോമന്‍സ്- പേര് വളരെ ഗംഭീരം പക്ഷെ പേരിന്‍റെ പകിട്ടൊന്നും പലപ്പോഴും നമ്മുടെ ചിത്രങ്ങള്‍ക്കുണ്ടാകാറില്ല .സംവിധായകനെക്കുറിച്ച് വലിയ മുന്‍വിധികള്‍ ഒന്നും കൂടാതെയാണ് ചിത്രത്തിനു കയറിയത്.ഒരു വിധം നല്ല തിരക്കുണ്ടായിരുന്നു.എന്‍റെ ഒരു വക്കീല്‍ സുഹൃത്തിനെ വരിയില്‍ കണ്ടത് കൊണ്ട് ടിക്കറ്റ് കിട്ടി.
റോമന്‍സ് തുടങ്ങിയപ്പോള്‍ എന്റെ അടുത്തിരുന്ന സുഹൃത്ത് പറഞ്ഞു " ഇതു ഞാന്‍ കണ്ട " we are no angels" എന്ന ഒരു ഇംഗ്ലീഷ് സിനിമയാണല്ലോ ,കാര്‍ബണ്‍ കോപ്പി ആണോ അല്ലയോ എന്ന് കണ്ടു കഴിഞ്ഞു പറയാം" എന്നും..
ആകാശ്‌ ( കുഞ്ചാക്കോ ബോബന്‍) ഷിബു ( ബിജു മേനോന്‍) എന്നിവര്‍ ഒരു ജയിലിലെ സഹ തടവുകാരാണ്.ആകാശ്‌ മായാജാലക്കാരനും തന്‍റെ മാജിക്കിന്‍റെ സഹായത്തോടെ അനാഥാലയം കൊള്ളയടിച്ചതിനു ജയിലിലടക്കപ്പെട്ടവനുമാണ്. ഷിബു ആണെങ്കില്‍ പെരുംകള്ളനും. അവര്‍   പോലീസുകാരുമൊത്തുള്ള ഒരു യാത്രയില്‍ തീവണ്ടിയില്‍ നിന്നും ചാടി രക്ഷപ്പെടുന്നു.ചെന്ന് പറ്റുന്നത് തമിഴ്‌ നാടുഅതിര്‍ത്തിയില്‍  മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന" പൂമാല" എന്ന  ഒരു ഗ്രാമത്തില്‍.അവിടെയുള്ളവര്‍ തങ്ങളുടെ പള്ളി തുറക്കാനായി റോമില്‍ നിന്നുള്ള  അച്ഛന്മാര്‍ എപ്പോള്‍ വേണമെങ്കിലും എത്താം എന്ന പ്രതീക്ഷയില്‍ കഴിയുകയാണ്. അങ്ങനെ അവര്‍ കള്ളന്മാരെ തെറ്റിദ്ധരിച്ചു അച്ഛന്മാരായി അവരോധിക്കുകയാണ്. പിന്നെ അവിടെ ഈ പള്ളിയില്‍ അച്ഛന്മാര്‍ വാഴാത്തതെന്തണെന്ന അന്വേഷണവും അതിനുള്ള പരിഹാരം കാണലുമാണ് കഥാസാരം .ആകാശിന്‍റെ പൂര്‍വ്വ ചരിത്രം അറിയാവുന്ന അലീന (നിവേദിത) ആ ഗ്രാമത്തിന്‍റെ പ്രമുഖ പണക്കാരനും വിഡ്ഢിയുയായ പണക്കാരന്‍റെ (ലാലു അലക്സ്‌) മകളായി നായികാ കഥാപാത്രം കൈകാര്യം ചെയ്യന്നു.പിന്നെ പുട്ടിനു തേങ്ങാപ്പീര പോലെ കുറെ ചെറിയ ചെറിയ കഥാപാത്രങ്ങളും.ബോബന്‍ സാമുവലിന്‍റെ സംവിധായക ശൈലി ലളിതവും രസകരവും ആണ്.ചിത്രത്തിന്റെ സസ്പെന്‍സ് നിലനിര്‍ത്തുന്ന കഥാകഥനവും നല്ലതു തന്നെ.ത്രീ കിങ്ങ്സ്‌,ഗുലുമാല്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് തിരക്കഥ എഴുതിയിട്ടുള്ള വൈ.വി.രാജേഷ്‌ ആണ് ഈ ചിത്രത്തിന്‍റെ തിരക്കഥാകൃത്ത്.തീരെ ബോറടിക്കതെയുള്ള തികച്ചും ആസ്വാദനപരമായ രീതിയിലാണ് രാജേഷ്‌ കഥ കൊണ്ട് പോകുന്നത്.(ഇദ്ദേഹത്തിന് ആകെ ഉള്ള ഒരു പ്രശ്നം  ഏതെങ്കിലും വിദേശ സിനിമ കണ്ടാലെ തിരക്കഥക്ക് ആശയം കിട്ടൂ എന്നുള്ളതാണ്,പഴയ ഇദ്ദേഹത്തിന്‍റെ പല ചിത്രങ്ങളിലും വിദേശ ചിത്രങ്ങളുടെ വ്യക്തമായ നിഴലുകള്‍ കാണാം.).രണ്ടര മണിക്കൂര്‍ തിയ്യേട്ടറില്‍ പ്രേക്ഷകരെ ബോറടിപ്പിക്കാതെ ഇരുത്താനുള്ള ചെപ്പടി വിദ്യ ഇദ്ദേഹത്തിന്‍റെ  പക്കല്‍ ഉണ്ട്.സത്യം പറയാമല്ലോ ഒരു നിമിഷം പോലും വിനോദരാഹിത്യം ചിത്രത്തില്‍ നമുക്കനുഭവപ്പെടില്ല .പിന്നെ നായകന്മാര്‍ കള്ളന്മാരാകുമ്പോള്‍ ഒരു നീതീകരണത്തിന് കുടിയനായ അച്ഛനും ,വികലാംഗയായ സഹോദരിയും ഈ ചിത്രത്തിലും ഉണ്ട്.എനിക്ക് ചിത്രത്തിലെ നായികയായി നിവേദിതയുടെ പ്രകടനം അത്ര സുഖിച്ചില്ല.ബിജു മേനോന്‍ കസറി.കുഞ്ചാക്കോ ബോബനും തീരെ മോശമല്ല.
റോമന്‍സിനു മാറ്റുകൂട്ടുന്ന വിനോദ ഇല്ലംപള്ളിയുടെ ചായഗ്രഹണം,നന്നാവാന്‍ പ്രധാനകാരണം കൊടൈക്കനാല്‍ എന്നാ ലൊക്കേഷന്‍ തന്നെ.ലിജോ യുടെ എഡിറ്റിങ്ങും കൊള്ളാം.
ചിത്രത്തിന്‍റെ ഗാനം ചിട്ടപ്പെടുത്തിയിട്ടുള്ളത് എം ജയ ചന്ദ്രനും, പശ്ചാത്തല സംഗീതം ബിജിപാലുമാണ്.ബിജിപാല്‍ ചിത്രത്തിലുടനീളം ബേസിക് ട്യൂണ്‍  ആയി അടിച്ചു മാറ്റിയ വെസ്റ്റേണ്‍ ട്യൂണ്‍ ആണ്ഉപയോഗിച്ചിട്ടുള്ളത് (അതെ...  ഇരുപത്തഞ്ചു കൊല്ലം മുമ്പ് മുതല്‍ നമ്മുടെ പ്രിയദര്‍ശനന്‍ ചിത്രങ്ങളില്‍ ഉപയോഗിച്ചിട്ടുള്ള അതേ പാശ്ചാത്യ ഈണം പുതിയ കുപ്പിയില്‍) ബിജിപാലിനെ ഞാന്‍ വളരെ അധികം ബഹുമാനിക്കുന്ന ഒരു വ്യക്തിയാണ് ,പക്ഷെ ഇതല്‍പ്പം കടന്ന കൈ ആയി പ്പോയി.
ഞാന്‍ "we are no angels" കണ്ടിട്ടില്ല എന്‍റെ അടുത്തിരുന്ന സുഹൃത്ത്‌ പറഞ്ഞത് ആദ്യത്തെ ഒരു ചെറിയ സംഭവം ഒഴിച്ച് ചിത്രത്തിന് ഇംഗ്ലീഷ് ചിത്രവുമായി വലിയ ബന്ധം ഒന്നും ഇല്ല എന്നാണ്.
നമ്മുടെ  ബുദ്ധിജീവി മനോഭാവം  വീട്ടിലുപെക്ഷിച്ചു ചിത്രത്തിന് കയറിയാല്‍ രണ്ടര മണിക്കൂര്‍ മനസ്സറിഞ്ഞു ചിരിച്ചു വീട്ടിലേക്കു തിരിച്ചെത്താം.
റോമന്‍സ്-ഹാസ്യ "റോമാ"ഞ്ചം..... No comments:

Post a Comment