Sunday 27 January 2013

കമ്മത്ത്‌ & കമ്മത്ത്‌- യന്താരോ & യന്തോ

വന്‍ താര നിര, ചായക്കടയിലെ  കണ്ണാടിക്കൂട്ടിലടുക്കിയിട്ടുള്ള പലഹാരങ്ങള്‍ പോലെ നമ്മെ കൊതിപ്പിച്ചു കൈമാടിവിളിക്കുമ്പോള്‍ എങ്ങനെ തീയ്യേട്ടറില്‍ കയറാതിരിക്കും,കാര്യസ്ഥന്‍ എന്ന തോംസണ്‍ ചിത്രം കണ്ടു ക്ഷീണം മാറിയില്ലെന്കിലുംഎന്‍റെ പ്രിയ താരങ്ങളായ മെഗാസ്റ്റാര്‍ മമ്മൂട്ടിയും ജനപ്രിയ നായകനായ ദിലീപും കൊതിപ്പിച്ചത് കൊണ്ടാണ് കമ്മത്ത്‌ & കമ്മത്ത്‌ കാണാന്‍ ഞാന്‍ വന്നെത്തിയത്.ഷാഫി,റാഫി മെക്കാര്‍ട്ടിന്‍ മാതിരി പടങ്ങളുടെ ഒരു തുടക്കം..നായകന്മാരുടെ ചെറുപ്പകാലത്തു നിന്ന്.രാജ കമ്മത്തും (മമ്മൂട്ടി) ദേവകമ്മത്തും (ദിലീപ്‌) സഹോദരന്മാര്‍ അവര്‍ ചെറുപ്രായത്തില്‍ തന്നെ തട്ടുകട നടത്തി വലിയ പേരും പെരുമയും നേടുന്നു,അവരുടെ വളര്‍ച്ചക്കൊപ്പം വളരുന്ന ബാല്യകാലസുഹൃത്തും   പിന്നീട് അശ്രിതനുമായി തീരുന്ന ഗോപിയും (ബാബുരാജ്).അവര്‍ കേരളത്തിലുടനീളം ഹോട്ടലുകള്‍ തുറക്കുന്നു, അതിന്‍റെ ഭാഗമായി പാലക്കാടും ഒന്ന് തുടങ്ങാന്‍ തീരുമാനിക്കുന്നു. അതിനായി അവര്‍ കണ്ടെത്തുന്നത് ഒരു തിരുമേനി (ജനാര്‍ദ്ദനന്‍)യുടെ പൂട്ടി കിടക്കുന്ന ഹോട്ടല്‍.അത് കൈക്കലാക്കാന്‍ ശ്രമിക്കുന്ന ഒരു ഹാജിയാരുടെ(റിസബാവ) എല്ലാ കുതന്ത്രങ്ങളും കമ്മത്തുമാര്‍ അതിജീവിക്കുന്നു.ഹാജിയാരുടെ കുതന്ത്രങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് മുനിസിപ്പാലിറ്റിയുടെ ഒരു കൌണ്‍സിലര്‍ ആയ കുഴുവേലി(സുരാജ് വെഞ്ഞാറമൂട്).അതിനായി കരുവാക്കുന്നത് മുനിസിപാലിറ്റിയുടെ സെക്രടറി ആയ മഹാലക്ഷ്മിയെ(റിമ കല്ലിങ്കല്‍).നല്ല കഥ അല്ലെ? പക്ഷെ ഇതു ഇടവേള മാത്രമേ ആകുന്നുള്ളൂ. ഇനി കമ്പ്ലീറ്റ്‌ വേറെ ഒരു സംഭവം.
മുനിസിപ്പാലിറ്റി സെക്രടറി മഹാലക്ഷ്മിയുടെ അനിയത്തി രേഖ (കാര്‍ത്തിക)യോട് ദേവകമ്മത്തിനു മുടിഞ്ഞ പ്രേമം, പിന്നെ പടം പോക്കിരിരാജയുടെ റൂട്ടെടുക്കുന്നു.പിന്നെ പ്രേക്ഷകരെ ഒരു തരത്തിലും ബാധിക്കാത്ത ഒരു സസ്പെന്‍സും.നരേന്‍ റീമ കല്ലിങ്കലിന്‍റെ സഹോദരനും ഇന്‍കംടാക്സ് ഉദ്യോഗസ്ഥനുമായി ഒന്ന് തലകാണിച്ച് പോകുന്നുണ്ട്.
തമിഴിന്‍റെ സൂപ്പര്‍ താരം ധനുഷ്‌ മലയാള സിനിമക്കോ അദ്ദേഹത്തിനോ ഒരു ഗുണവും കിട്ടാത്ത അതിഥി താരമായി ചിത്രത്തില്‍ വരുന്നുണ്ട്. ( ഈ ചിത്രം കണ്ടു കഴിയുമ്പോള്‍ അദ്ദേഹം ഇനി മലയാള സിനിമയിലേക്ക് വിളിച്ചാല്‍ രണ്ടു പ്രാവശ്യം ചിന്തിക്കും.)ആദ്യപകുതിയിലെ മിക്കതാരങ്ങളെയും ഇടവേളക്കുശേഷം പൊടിയിട്ട് നോക്കിയാല്‍ പോലും  കാണാന്‍ കിട്ടില്ല. 
കഥ തിരക്കഥ സംഭാഷണം കൈകാര്യം ചെയ്യുന്നത് സിബി തോമസ്‌ ഉദയകൃഷ്ണ സഖ്യമാണ്.ഇടവേള വരെ വളരെ രസകരമായിപോകുന്ന കഥ അതിനു ശേഷം വളരെ അരോചകമായി തോന്നുന്നു.ക്യാമറ എഡിറ്റിംഗ് എല്ലാം വളരെ സാധാരണം, പാട്ടുകള്‍ എല്ലാം ഒരു ഒപ്പിക്കല്‍ മാത്രം.
മമ്മൂട്ടി, ദിലീപ്‌ എന്നെ മഹാ നടന്മാരുടെ തോളിരുന്നാണ് പടം മുന്നോട്ടു നീങ്ങുന്നത്.കൂടാതെ സഹായത്തിനു ബാബുരാജിന്‍റെ തകര്‍പ്പന്‍ സ്വാഭാവിക അഭിനയം.പക്ഷെ അവര്‍ക്കെല്ലാം ചെയ്യാന്‍ കഴിയുന്നതിനു ഒരു അതിരില്ലേ? ചിരിക്കാനുള്ള അവസരങ്ങളെല്ലാം ഒരു പുഞ്ചിരിയില്‍ തീരുന്നു. ഈ ചിത്രം കണ്ടു കഴിയുമ്പോള്‍ നമ്മള്‍ ആഷിക് അബുവിനെയും,രണ്ജിത്തിനെയും, രാജീവ്‌ രവിയെയും  എല്ലാം എന്തുകൊണ്ടാണ് ദൈവങ്ങളായി കരുതുന്നതെന്ന് സ്വയം മനസ്സിലാക്കും.
ഞാന്‍ പലപ്പോഴും പറഞ്ഞിട്ടുണ്ട് ഒരു സിനിമ കാണുന്നതും ഭക്ഷണം  കഴിക്കുന്നതും ഒരു പോലെ ആണെന്ന്.
കമ്മത് ആന്‍ഡ്‌ കമ്മത്ത്‌ പുഴുങ്ങിയ ഒരു ഉരുളക്കിഴങ്ങ് കഴിച്ചപോലെ ആണ്.എരിവും പുളിയും ഇല്ലാത്ത എന്തോ തിന്നു,വയര്‍ നിറഞ്ഞു,അത് മുഴുവന്‍ ഗ്യാസ് ആണ് , അങ്ങോട്ടും ഇല്ല ഇങ്ങോട്ടും ഇല്ല.
ഈ നിരൂപണത്തില്‍ ചിത്രത്തിന്‍റെ ഒരു പോസ്റ്റര്‍ ഇട്ടിട്ടുണ്ട് ,മമ്മൂട്ടിയും,ദിലീപും കൈകൂപ്പിക്കൊണ്ട്,മാപ്പുചോദിക്കുകയാണോ ഞങ്ങള്‍ പ്രേക്ഷകരോട്?വേണ്ട നിങ്ങള്‍ ഒരു തെറ്റും ചെയ്തിട്ടില്ല ,കൈകൂപ്പി മാപ്പ് ചോദിക്കേണ്ടത് ഇതിന്‍റെ തിരക്കഥാരചയിതാക്കളാണ്.ഇത്രയും പ്രതിഭാധനന്മാരായ മഹാ നടന്മാരെ നല്ല രീതിയില്‍ അവതരിപ്പിക്കാതെയിരുന്നതിന്.
..
ഈ അഭിപ്രായം തികച്ചും എന്‍റെത് മാത്രമാണ്..മറ്റു ചില പ്രേക്ഷകരെ ഈ ചിത്രം രസിപ്പിച്ചേക്കാം. എന്നെ പോലെ അഭിപ്രായമുള്ളവര്‍ ന്യൂന പക്ഷമാകട്ടെ എന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ഥിച്ചു കൊണ്ട് ഒരു ആത്മഗതത്തോടെ നിര്‍ത്തട്ടെ.....

കമ്മത്ത് & കമ്മത്ത്...യെന്തരോ & യെന്തോ......
 






No comments:

Post a Comment